
കൊല്ലം: സുഹൃത്തിന്‍റെ പ്രേരണയില്‍ ബൈക്കില്‍ മാല മോഷണത്തിനിറങ്ങിയ പത്തൊമ്പതുകാരന്‍ കൊല്ലം ചാത്തന്നൂരില്‍ അറസ്റ്റില്‍. അടുത്തിടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പമായിരുന്നു പാറശാല സ്വദേശിയായ മനീഷിന്‍റെ മാല മോഷണം. എന്നാല്‍ കവര്‍ന്ന മാല മുക്കുപണ്ടമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സുഹൃത്ത് മനീഷിനെ കബളിപ്പിച്ച് മുങ്ങുകയും ചെയ്തു.
19 വയസേയുളളൂ തിരുവനന്തപുരം പാറശാല സ്വദേശിയായ മനീഷിന്. അത്യാവശ്യം സാമ്പത്തിക ശേഷിയുളള കുടുംബത്തിലെ അംഗവുമാണ്. അടുത്തിടെ വീട്ടുകാര്‍ വാങ്ങി നല്‍കിയ പുത്തന്‍ ബൈക്കിലാണ് മനീഷ് മാല മോഷണത്തിന് ഇറങ്ങിയത്. നാല് മാസം മുമ്പ് മാത്രം പരിചയപ്പെട്ട സുഹൃത്തിന്‍റെ പ്രേരണയിലായിരുന്നു ബൈക്കുമായി മനീഷ് മോഷണത്തിന് ഇറങ്ങിയത്.
പാറശാലയില്‍ നിന്ന് കൊല്ലം ചാത്തന്നൂരിലെത്തിയ മനീഷും സുഹൃത്തും ഊറാംവിളയില്‍ മല്‍സ്യക്കച്ചവടം നടത്തിയിരുന്ന സ്ത്രീയുടെ മാലയാണ് കവര്‍ന്നത്. മല്‍സ്യം വാങ്ങാന്‍ വന്നവരെന്ന വ്യാജേന വില്‍പ്പനക്കാരിയായ സ്ത്രീയുടെ ശ്രദ്ധതിരിച്ച ശേഷമാണ് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. മോഷ്ടാക്കളെ കുറിച്ച് പൊലീസിന് സൂചനയൊന്നും കിട്ടിയിരുന്നില്ല.
തുടര്‍ന്ന് ചാത്തന്നൂര്‍ മുതല്‍ പാറശാല വരെയുളള പാതയിലെ നൂറോളം സിസിടിവികള്‍ പരിശോധിച്ചാണ് മനീഷിനെയും സുഹൃത്തിനെയും പൊലീസ് തിരിച്ചറിഞ്ഞത്. മനീഷ് അറസ്റ്റിലായതറിഞ്ഞ് തമിഴ്നാട്ടിലേക്ക് കടന്ന തക്കല സ്വദേശിയായ സുഹൃത്തിനായി അന്വേഷണം തുടരുന്നു. മോഷ്ടിച്ച മാല മുക്കുപണ്ടമാണെന്ന് മനീഷിനെ തെറ്റിദ്ധരിപ്പിച്ച സുഹൃത്ത് ഈ മാലയുമായാണ് അതിര്‍ത്തി കടന്നത്. ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam