പണിയെടുത്തിട്ട് കൂലിയില്ല; പഞ്ചായത്ത് ഓഫീസില്‍ വടിവാളുമായി കരാറുകാരന്‍, പ്രസിഡന്‍റിന് മര്‍ദ്ദനം

By Web TeamFirst Published Nov 8, 2020, 12:46 AM IST
Highlights

വടിവാൾ വീശി ഭീകാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ചിറയ്ക്കൽ സ്വദേശി ജിതേഷിനായി പൊലീസ് തെരച്ചിൽ തുടങ്ങി.

തൃശ്ശൂര്‍: തൃശ്ശൂർ ചേർപ്പ് പഞ്ചായത്തിൽ കരാറുകാരന്റെ പരാക്രമം. കരാർ ജോലികളുടെ പണം നൽകാത്തതിന് പഞ്ചായത്ത് പ്രസിഡന്റിനെ ഓഫീസിൽ കയറി മർദിച്ചു. വടിവാൾ വീശി ഭീകാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ചിറയ്ക്കൽ സ്വദേശി ജിതേഷിനായി പൊലീസ് തെരച്ചിൽ തുടങ്ങി.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് പാഞ്ഞു വന്ന ജിതേഷ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ശേഷം പഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദിനെ മുറിയിൽ കയറി മർദിക്കുകയായിരുന്നു. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാൾ പിന്നീട് കാറിൽ രക്ഷപ്പെട്ടു. പരിക്കേറ്റ പഞ്ചാത്ത് പ്രസിഡന്റിനെ നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

പ്രളയ ഒരുക്കങ്ങളുടെ മുന്നോടിയായി പുഴയോരങ്ങളിലെ മരക്കൊന്പുകൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുന്ന കരാർ എടുത്തത് ജിതേഷ് ആയിരുന്നു. ഇതിന്റെ പണം ഭാഗികമായി നൽകിക്കഴിഞ്ഞു. എഞ്ചിനീയർ വിലയിരുത്തിയ ശേഷമേ ബാക്കി പണം നൽകാനാവൂ. ഇതിനുള്ള കാലതാമസമാണ് ജിതേഷിനെ ചെടിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ജിതേഷ് ഇപ്പോൾ ഒളിവിലാണ്.

click me!