
തൃശ്ശൂര്‍: സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തൃശ്ശൂർ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചിറയ്ക്കൽ സ്വദേശി ജിഗീഷാണ് പിടിയിലായത്. ക്രെയിൻ സർവീസ് സ്ഥാപനത്തിലുണ്ടായ അപകടം സംബന്ധിച്ച കേസ് ഒതുക്കിത്തരാം എന്ന് വാഗ്ദാനം നൽകിയാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
പാലിയേക്കരയിലെ ക്രെയിൻ സർവീസ് സ്ഥാപനത്തിൽ 2019 ൽ ഒരു അപകടം നടന്നിരുന്നു. ഇത് സംബന്ധിച്ച കേസ് പുതുക്കാട് സ്റ്റേഷനിലുണ്ട്. ഈ കേസ് ഒതുക്കിത്തരാം എന്ന് വാക്ക് നൽകിയാണ് സ്ഥാപന ഉടമയിൽ നിന്ന് ജിഗീഷ് പണം കൈപ്പറ്റിയത്. പന്ത്രണ്ടര ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് ബെൻസ് കാറിലെത്തിയ ജിഗീഷ് രണ്ട് തവണകളായി തുക കൈപ്പറ്റി.
പണം വാങ്ങി ഒരാഴ്ചയ്ക്കകം കേസ് റദ്ദാക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ഒന്നും നടന്നില്ല. ഇതോടെ സ്ഥാപന ഉടമ പല തവണ ജിഗീഷുമായി ബന്ധപ്പെട്ടു. എന്നാല്‍ താൻ ദില്ലിയിലാണെന്ന് പറഞ്ഞ് പ്രതി ഒഴിഞ്ഞു മാറി. ഒരു തവണ പണം തിരിച്ചു നൽകാൻ വ്യാജ ചെക്ക് ഒപ്പിട്ട് നൽകി. ഇത് മടങ്ങിയതോടെയാണ് സ്ഥാപനയുടമ കബളിപ്പിക്കപ്പെട്ടത് മനസ്സിലാക്കിയത്.
തുടര്‍ന്ന് സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്നമനടയിൽ വാടക വീട്ടിൽ കഴിയുകയായിരുന്ന ജിഗീഷിനെ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ജിഗീഷ് സ്ഥിരം തട്ടിപ്പുകാരനാണെന്നും ആഡംബര ജീവിതത്തിന് വേണ്ടിയാണ് തട്ടിപ്പ് നടത്തുന്തെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വളപട്ടണത്തും തളിപ്പറമ്പിലും കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam