കോഡ് 'ചപ്പാത്തി', സാനിറ്റൈസര്‍ കലര്‍ത്തി മദ്യവിൽപന; 'സന്നദ്ധ'പ്രവർത്തകനെ പൊലീസ് പൊക്കി

By Web TeamFirst Published Apr 13, 2020, 12:21 PM IST
Highlights

ഈഥൈയില്‍ ആല്‍ക്കഹോള്‍  കൂടുതലടങ്ങിയ സാനിട്ടൈസർ വാങ്ങി വൈറ്റ് റം, വോഡ്ക എന്നിവയിൽ കലര്‍ത്തി 'ചപ്പാത്തി' എന്ന കോഡ് ഉപയോഗിച്ചായിരുന്നു വിൽപന.

തിരുവനന്തപുരം: 'ചപ്പാത്തി' എന്ന കോഡ് നൽകി കോവിഡ് 'സന്നദ്ധ'പ്രവർത്തകൻ ചമഞ്ഞ് ബൈക്കിൽ കറങ്ങിനടന്നു മദ്യവിൽപന നടത്തിയയാൾ അറസ്റ്റിലായി. വര്‍ക്കല സ്വദേശിയായ സജിനാണ് വര്‍ക്കല പൊലീസിമേ‍റെ  പിടിയിലായത്. സാനിട്ടൈസറും വിദേശമദ്യവും ചേര്‍ത്ത് ബൈക്കില്‍ കറങ്ങി നടന്നായിരുന്നു ഇയാളുടെ മദ്യ വില്പന.

ഈഥൈയില്‍ ആല്‍ക്കഹോള്‍  കൂടുതലടങ്ങിയ സാനിട്ടൈസർ വാങ്ങി വൈറ്റ് റം, വോഡ്ക എന്നിവയിൽ കലര്‍ത്തി 'ചപ്പാത്തി' എന്ന കോഡ് ഉപയോഗിച്ചായിരുന്നു വിൽപന. ഒരു ലിറ്ററിന് 1600 രൂപയ്ക്കാണ് ഇയാൾ ഇത് വിറ്റിരുന്നത്.  മെഡിക്കൽ ഷോപ്പുകളിൽ നിന്നാണ് ഇയാൾ സാനിറ്റൈസർ വാങ്ങിയിരുന്നത്. സന്നദ്ധ പ്രവർത്തനകനെന്ന പേര് പറഞ്ഞ് ഇയാൾ  പൊലീസിനെ 
നിരന്തരം കബളിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്

തിരുവനന്തപുരം തുമ്പയിലും വിഴിഞ്ഞത്തും വർക്കലയിലും വ്യാജ മദ്യം വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.  ലിറ്ററിന് 1600 മുതൽ 1800 രൂപ വരെ ഇടാക്കിയാണ് തലസ്ഥാനത്തെ വ്യാജമദ്യ വിൽപന നടക്കുന്നത്. തിരുവനന്തപുരം തുമ്പയിൽ വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായം വാറ്റ്. ശാന്തിനഗർ സ്വദേശി  വിജിത്തിനെ പൊലീസ് പിടികൂടി. ഇവിടെ നിന്നും ചാരായം 
നിർമ്മിക്കാനായി സൂക്ഷിച്ചിരുന്ന നൂറോളം ലിറ്റർ കോടയും നിർമാണ സാമഗ്രികളു പിടികൂടി. ലോക്ക് ഡൗണിന് ശേഷം ഇയാൾ സ്ഥിരമായി ചാരായം വാറ്റിയിരുന്നതായാണ് പൊലീസ് പറയുന്നത്.
 
തിരുവല്ലം, കോവളം, വിഴിഞ്ഞം  എന്നിവിടങ്ങളിലും വ്യാജ മദ്യം പിടികൂടി. കോവളം കോളിയൂരിൽ ചാരായം വാറ്റിയ സംഘത്തെ പൊലീസ് പിടികൂടി. ലിറ്ററിന് 1900 രൂപ ഈടാക്കിയായിരുന്നു വ്യാജമദ്യ വിൽപന.

click me!