
ദില്ലി: ദില്ലിയിൽ വീണ്ടും ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി. റോഹിന നാസ് എന്ന 25കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പങ്കാളിയായിരുന്ന വിനീത് പൻവാർ(26) അറസ്റ്റിലായി. സഹോദരിയുടെയും സഹോദരന്റെയും സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. ദില്ലിയിലെ തെളിവാര പ്രദേശത്താണ് സംഭവം. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയാണ് വിനീത് പൻവാർ. ഏപ്രിൽ 12ന് കർവാൽ നഗറിലെ കൃഷ്ണ പബ്ലിക് സ്കൂളിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
പിന്നീട്, മൃതദേഹം ഉത്തരാഖണ്ഡിലെ മിരാജ്പൂർ നിവാസിയായ മഹി എന്ന റോഹിന നാസിന്റെയാണെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. വിനീത് പൻവാർ, സഹോദരൻ മോഹിത്, സഹോദരി പരുൾ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വിനീത് പൻവാറും പരുളും അവളുടെ സുഹൃത്ത് ഇർഫാനും ചേർന്ന് റോഹിനയെ കൊലപ്പെടുത്തിയ ശേഷം കരവാൽ നഗർ പ്രദേശത്ത് തള്ളുകയായിരുന്നു. പാറുൾ, മോഹിത്, ഇർഫാൻ എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. വിനീത് പൻവാർ ഒളിവിലായിരുന്നു. ഗാസിയാബാദിലെ ലോണിയിൽ വിനീത് പൻവാർ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തി പ്രതികളെ പിടികൂടിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2017ലാണ് ഇരുവരും ബന്ധം ആരംഭിച്ചത്. അതേ വർഷം തന്നെ വിനീത് ബാഗ്പത്തിൽ ഒരു കൊലപാതക കേസിൽ അറസ്റ്റിലായി. റോഹിന പരുളിനോടൊപ്പം ഫർഷ് ബസാറിലെ തെളിവാരയിൽ താമസിക്കാൻ തുടങ്ങി. പിന്നീട് കേസിൽ വിനീത് പൻവാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും 2022ൽ പരോൾ ലഭിക്കുകയും ഗാസിയാബാദിലെ എഞ്ചിനീയറിംഗ് കോളേജിൽ സെക്യൂരിറ്റി ഗാർഡായി ജോലി ലഭിക്കുകയും ചെയ്തു.
തന്നെ വിവാഹം കഴിക്കാൻ വിനീത് പൻവാറിനോട് റോഹിന ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണം. യുവതിയെ കൊല്ലാൻ സഹോദരൻ മോഹിത്തും സഹോദരി പാരുളും ചേർന്ന് ഗൂഢാലോചന നടത്തി. തെളിവാരയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം പരുളിന്റെ സുഹൃത്തും ചേർന്ന് മൃതദേഹം കരവൽ നഗറിൽ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam