കാമുകിയ്ക്കും തനിക്കുമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം പുറത്തിറങ്ങി കൊലപാതകം നടത്തി തിരികെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചാണ് യുവാവ് മടങ്ങിയത്.

ടെക്സാസ്: ഹോട്ടല്‍ പാര്‍ക്കിംഗില്‍ സഹായിയായി നിന്ന് പണം തട്ടിയ ആളിനെ കൊലപ്പെടുത്തി യുവാവ്. കാമുകിയ്ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവില്‍ നിന്നാണ് പാര്‍ക്കിംഗ് അറ്റന്‍ഡന്‍റ് പണം വാങ്ങിയത്. ഇതിന് പിന്നാലെ കാമുകിയ്ക്കും തനിക്കുമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം പുറത്തിറങ്ങി കൊലപാതകം നടത്തി തിരികെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചാണ് യുവാവ് മടങ്ങിയത്. . എറിക് അഗ്വിരേ എന്ന 29കാരനാണ് 46കാരനായ എലിയട്ട് നിക്സ് എന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയത്. ഏപ്രില്‍ 11ന് ഹൂസ്റ്റണില്‍ വച്ചായിരുന്നു സംഭവം. എറികും കാമുകിയും രണ്ട് ഇടങ്ങളിലായാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.

ഇവര്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെ 46കാരന് ഇവരെ സമീപിച്ച് 40 ഡോളര്‍ ആവശ്യപ്പെട്ടു. പാര്‍ക്കിംഗ് സഹായിയെന്ന് പരിചയപ്പെടുത്തിയായിരുന്നു ഇത്. സമീപത്തെ കടയില്‍ നിന്നും പണം സംഘടിപ്പിച്ച് നല്‍കിയ ശേഷം എറികും കാമുകിയും ഭക്ഷണ ശാലയിലേക്ക് കയറി. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വെയിറ്ററാണ് പാര്‍ക്കിംഗിലെ ഒരു തട്ടിപ്പുകാരനേക്കുറിച്ച് എറിക്കിനോട് പറയുന്നത്. ഇതോടെയാണ് 46കാരന്‍ തട്ടിപ്പുകാരനാണെന്ന് യുവാവ് മനസിലാക്കിയത്. ക്ഷുഭിതനായ യുവാവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ഉടന്‍ മടങ്ങി വരാമെന്ന് കാമുകിയോട് പറഞ്ഞ ശേഷം പുറത്തേക്ക് പോവുകയായിരുന്നു. പുറത്ത് എത്തിയ എറിക് 46കാരനെ നിരത്തിലൂടെ ഓടിച്ച് പിടിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വെടികൊണ്ട് വീണ എലിയട്ട് നിക്സിനെ റോഡിന്‍റെ സൈഡിലേക്ക് മാറ്റിയിട്ട ശേഷം എറിക് ഭക്ഷണ ശാലയിലേക്ക് തിരികെ പോവുകയായിരുന്നു.

പാര്‍ക്കിംഗിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന കടയിലെ ജീവനക്കാരാണ് എറിക്കിനെ തിരിച്ചറിഞ്ഞത്. എലിയട്ടിലെ എറിക് വെടിവച്ച് വീഴ്ത്തുന്നതിനും ഇവര്‍ സാക്ഷികളാണ്. രാത്രി 8 മണിയോടെയായിരുന്നു സംഭവം. കാറിന്‍റെ അടുത്തേക്ക് മടങ്ങിയെത്തി തോക്ക് കാറില്‍ മടക്കി വച്ച ശേഷമായിരുന്നു എറിക്ക് കാമുക് സമീപത്തേക്ക് പോയതെന്നാണ് സാക്ഷി മൊഴികള്‍ വിശദമാക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം ഇവര്‍ ഹോട്ടലില്‍ നിന്ന് മടങ്ങുകയും ചെയ്തു. വെടിയേറ്റ നിലയില്‍ കിടക്കുന്നയാളെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടതോടെയാണ് എറിക്കിന്‍റെ കാമുകി വിവരം അറിയുന്നത്. ഇതോടെ ഇവര്‍ പൊലീസിനെ വിളിക്കുകയായിരുന്നു.