
കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതിയെ മര്‍ദ്ദിച്ചു കൊലപെടുത്തിയ കേസില്‍ പ്രതി പിടിയിലായി. പാലക്കാട് സ്വദേശി ലിൻസി ആഗ്നസിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് ജസീലാണ് പൊലീസ് പിടിയിലായത്. ലിൻസി ആഗ്നസും സുഹൃത്ത് ജസീലും ഇടപ്പള്ളിയിലെ ഹോട്ടലില്‍ കുറച്ചു ദിവസങ്ങളായി താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച്ച വാക്കുതര്‍ക്കത്തിനിടയില്‍ ലിൻസിയെ ജസീല്‍ ഹോട്ടലില്‍ വച്ച് മര്‍ദ്ദിച്ചത്. രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടിൽ ലിൻസിയെ (26) ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടത്.
തലക്ക് അടിയേറ്റും വയറില്‍ ചവിട്ടേറ്റുമൊക്കെ പരിക്കേറ്റ് അബോധാവസ്ഥയിലായിട്ടും ജസീല്‍ ഇവരെ ആശുപത്രിയിലാക്കിയില്ല. പിറ്റേ ദിവസം വീട്ടുകാരെ വിളിച്ച് ലിൻസിക്ക് സുഖമില്ലെന്നും ശുചിമുറിയില്‍ തെന്നിവീണെന്നും അറിയിച്ചു. രാത്രി വീട്ടുകാരെത്തി ലിൻസിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. തലയിലേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് വീട്ടുകാര്‍ നല്‍കിയവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജസീല്‍ കുടുങ്ങിയത്.
ലിൻസിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചശേഷം രക്ഷപെട്ട ജസീലിനെ മൊബൈല്‍ഫോൺ ലൊക്കേഷൻ പിന്തുടര്‍ന്നാണ് എളമക്കര പൊലീസ് പടികൂടിയത്. മൂന്നുമാസമായി വിവിധ ഹോട്ടലുകളില്‍ ലിൻസിയുമായി ഒരുമിച്ച് കഴിയുകയായിരുന്നുവെന്ന് ജസീല്‍ പൊലീസിന് മൊഴി നല്‍കി. കാനഡയ്ക്ക് കൊണ്ടുപോകാമെന്നും സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സഹായിക്കാമെന്നും വാഗ്ദാനം ചെയ്താണ് ലിൻസി തന്നെ കൂടെക്കൂട്ടിയതെന്നും ജസീല്‍ പറഞ്ഞു.
വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പറ്റിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് ലിൻസിയെ മര്‍ദ്ദിച്ചെതന്നും മരിക്കുമെന്ന് കരുതിയില്ലെന്നും ജസില്‍ പൊലീസിനോട് സമ്മതിച്ചു. എളമക്കര പൊലീസ് അറസ്റ്റ് ചെയ്ത ജസീലിനെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
Read More : സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല, അപകടകരമായി ഡ്രൈവിംഗ്; ലോറി ഡ്രൈവര്‍ അറസ്റ്റില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam