
മാനന്തവാടി: പകൽ നേരങ്ങളില്‍ ഭിക്ഷാടനവും രാത്രിയില്‍ തന്ത്രപരമായി മോഷണവും പതിവാക്കിയ 22-കാരനെ പൊലീസ് പൊക്കി. കര്‍ണാടക ബീച്ചനഹള്ളി ചിക്കബെല്ലപുര ടി.എന്‍ ഹരീഷ (22) എന്ന യുവാവാണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. സുല്‍ത്താന്‍ബത്തേരി പൊലീസിന്റെ കൂടി സഹായത്തോടെയായിരുന്നു പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മാനന്തവാടി നഗരത്തിലെ സ്ഥാപനങ്ങളുടെ ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്തും, വാതിലിന്റെ ചില്ലുതകര്‍ത്തും മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
മോഷണം നടന്ന കടകളിലെയും സമീപത്തെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതി കാലിനും കൈക്കും സ്വാധീനമില്ലാത്തയാളാണെന്ന് കണ്ടെത്തുകയും ഇത്തരത്തിലുള്ള ആളുകളെ കേന്ദ്രീകരിച്ച് മാനന്തവാടി സി.ഐ അബ്ദുള്‍ കരീമും സംഘവും അന്വേഷണം നടത്തുകയുമായിരുന്നു. മോഷ്ടാവ് ഹരീഷ എന്ന യുവാവ് ആണെന്ന് തിരിച്ചറിഞ്ഞതോടെ സുല്‍ത്താന്‍ബത്തേരി എസ്.ഐ സി.എം. സാബുവിന്റെ കൂടി സഹായത്തോടെ ബത്തേരി നഗരത്തില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. മാനന്തവാടിയിലെ ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും 2500 രൂപയോളം ഇയാള്‍ മോഷ്ടിച്ചിരുന്നു. ഹരീഷ ജില്ലക്കകത്തും പുറത്തും നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കൈകാലുകള്‍ക്ക് സ്വാധീന കുറവുള്ള ഹരീഷ പകല്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുകയാണ് ചെയ്യുന്നത്. ഈ സമയം മോഷണത്തിന് തെരഞ്ഞെടുക്കേണ്ട കടകള്‍ നോക്കിവെക്കും. പിന്നീട് നഗരത്തില്‍ കടകളും സ്ഥാപനങ്ങളും അടച്ച് ആളുകള്‍ പൂര്‍ണമായും ഒഴിയുന്നതോടെ പകല്‍ നോക്കി വെച്ച സ്ഥലങ്ങളില്‍ എത്തി മോഷണം നടത്തുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. ഒരു ടൗണില്‍ മോഷണം നടത്തിയാല്‍ പ്രതിക്ക് അവിടെ തന്നെ തങ്ങുന്ന പതിവില്ലെന്ന് കണ്ടെത്തിയതോടെയാണ് ബത്തേരി പൊലീസിന്റെ കൂടി സഹായം തേടിയത്. പിടിക്കപ്പെടാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂടുമാറ്റം. പ്രതിയുടെ കൈയ്യില്‍ നിന്നും കട്ടര്‍, ബ്ലേഡ്, വയറുകള്‍ തുടങ്ങി മോഷണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Read More : 10 ദിവസം, 1536 പരിശോധനകള്‍; 269 കിലോ മത്സ്യം നശിപ്പിച്ചു, മഴക്കാല പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam