
കൊല്ലം: കടയ്ക്കലിൽ സ്കൂൾ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാവ് എക്സൈസിന്റെ പിടിയിലായി. കുമ്മിൾ പാങ്ങലുകാട് സ്വദേശിയായ ആദർശ് ബാബുവാണ് അറസ്റ്റിലായത്. 260 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ആദർശ് കഞ്ചാവ് വിൽപ്പനക്കായി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പാങ്ങലുകാട് ദർഭക്കാട് കോളനികൾ കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപാരം നടക്കുന്നതായുളള വിവരത്തിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്സൈസ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.
ചടയമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്സ് അനീർഷായുടെ നേത്യത്വത്തിലായിരുന്നു പരിശോധന. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന സംഘങ്ങൾ സജീവമായെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസും പൊലീസും വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.
അടിമാലിയിൽ ഏഴ് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ, വാങ്ങിയത് കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാൻ
ഇടുക്കി: അടിമാലിയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ആലപ്പുഴ സ്വദേശികളായ കിരൺ കിഷോർ (20), ശ്യാംലാൽ (20) എന്നിവരാണ് അടിമാലി എക്സൈസിന്റെ പിടിയിലായത്. ആലപ്പുഴയിലെ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് വിൽക്കാൻ ആയാണ് പ്രതികൾ കഞ്ചാവ് ഇടുക്കിയിൽ നിന്ന് വാങ്ങിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ ഇക്കാര്യം വെളിപ്പെടുത്തി.
ഇവരുപയോഗിച്ച ബൈക്കും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അടിമാലി എക്സൈസ് റേഞ്ച് പട്രോളിംഗ് നടത്തുന്നതിനിടെ മെഴുകുംചാൽ - അമ്മാവൻ കുത്ത് ഭാഗത്തുനിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. KL 32 H 8592 നമ്പർ യമഹ ബൈക്കിലാണ് ഇവ കഞ്ചാവ് കടത്തിയത്. കിരൺ കിഷോറിനെതിരെ പൊലീസ് സ്റ്റേഷനിലും എക്സൈസിലും കേസുകളുണ്ട്. ഇയാൾ മുമ്പ് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. എക്സൈസ് ഇൻസ്പെക്ടർ പി കെ രഘുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവൻ്റീവ് ഓഫീസർമാരായ പി എച്ച് ഉമ്മർ, കെ പി ബിനു മോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ പി റോയിച്ചൻ, മീരാൻ കെ എസ് ,ശ്രീജിത്ത് എം എസ്, രാഹുൽ കെ രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.