നാഗദേവതയുടെ അടക്കം ആഭരണം മോഷ്ടിച്ച പൂജാരി പക്ഷേ ഹനുമാന്റെ ആഭരണങ്ങൾ മോഷ്ടിച്ചിട്ടില്ല. ജയ്പൂരിലെ ക്ഷേത്രത്തിലാണ് ജോലിക്കെത്തി ആറാം ദിവസം താൽക്കാലിക പൂജാരി തിരുവാഭരണം മോഷ്ടിച്ച് കടന്നത്

ജയ്പൂർ: താൽക്കാലിക നിയമനം ലഭിച്ച് ക്ഷേത്ര ജോലിക്കെത്തിയ പൂജാരി ക്ഷേത്രത്തിൽ നിന്ന് അടിച്ച് മാറ്റിയത് 2 കിലോ വെള്ളി ആഭരണങ്ങൾ. വെള്ളി വില റെക്കോർഡ് ഭേദിച്ച് മുന്നേറുമ്പോഴാണ് പൂജാരി തന്നെ തിരുവാഭരണം മോഷ്ടിച്ചത്. രാജസ്ഥാനിലെ ജയ്പൂരിലെ ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അമൻ തിവാരി എന്ന യുവ പൂജാരിയാണ് മോഷണം നടത്തിയത്. ജയ്പൂരിലെ അശോക് നഗറിലെ ഭഗത് സിംഗ് റോഡിലെ ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ നിന്നുള്ള തിരുവാഭരണമാണ് മോഷണം പോയത്. നാഗദേവതയുടെ അടക്കം ആഭരണം മോഷ്ടിച്ച പൂജാരി പക്ഷേ ഹനുമാന്റെ ആഭരണങ്ങൾ മോഷ്ടിച്ചിട്ടില്ല. എന്നാൽ ക്ഷേത്രത്തിനുള്ളിൽ സിസിടിവി വച്ച കാര്യം ഓർക്കാതെ പോയതാണ് പൂജാരിയെ കുടുക്കിയത്. വിഗ്രഹങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്ക് ഒരു പുതപ്പ് ചുറ്റി പുതച്ചാണ് മോഷ്ടാവ് എത്തിയത്. ഇതിന് ശേഷം മുറിയിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളും പാത്രങ്ങളും മോഷ്ടിച്ച ശേഷം കടന്നുകളയുന്ന സിസിടിവി ദൃശ്യമാണ് പുറത്ത് വന്നത്. മധ്യപ്രദേശിലെ സിഹോർ സ്വദേശിയാണ് അമൻ തിവാരി. നവംബർ 29നാണ് ഇയാൾ ജയ്പൂരിലെ ക്ഷേത്രത്തിൽ താൽക്കാലിക പൂജാരിയായി ഇയാളെത്തിയത്.

ക്ഷേത്രത്തിലെ സ്ഥിരം പൂജാരി വാർഷിക അവധിയിൽ പോയതിനെ തുടർന്നായിരുന്നു ഇത്. മറ്റൊരു പൂജാരിയായ ഓംപ്രകാശ് ശുക്ളയുടെ ശുപാർശയിലാണ് അമൻ തിവാരി ജോലിയിൽ പ്രവേശിച്ചത്. പൂജാമുറിയിലെ കർട്ടനുകൾ അടച്ചിട്ട ശേഷമായിരുന്നു മോഷണം. മോഷണ വസ്തുക്കളുമായി പുറത്തിറങ്ങിയ ഇയാൾ പ്രധാനവാതിലിലൂടെ പുറത്ത് പോവുന്നതുമായ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ക്ഷേത്ര അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലിക്ക് ചേർന്ന് ആറാമത്തെ ദിവസമാണ് പൂജാരി തിരുവാഭരണവുമായി മുങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം