ബം​ഗളൂരുവിൽ നിന്നെത്തിച്ചു, വീട് കേന്ദ്രീകരിച്ച് വില്പന; കരുനാ​ഗപ്പള്ളിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

By Web TeamFirst Published Oct 6, 2022, 10:04 PM IST
Highlights

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കരുനാഗപ്പള്ളി തൊടിയൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഇടക്കുളങ്ങരയിലെ ഒരു വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്. 

കൊല്ലം: കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. ബംഗളൂരുവിൽ നിന്നും മയക്കുമരുന്നെത്തിച്ച് കൊല്ലം ജില്ലയിൽ വിൽപ്പന നടത്തിയിരുന്ന സംഘമാണ് അറസ്റ്റിലായത്. ഇവരുടെ കയ്യിൽ നിന്നും 51 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
 
ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കരുനാഗപ്പള്ളി തൊടിയൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഇടക്കുളങ്ങരയിലെ ഒരു വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്. കല്ലേലിഭാഗം സ്വദേശികളായ അനന്തു, അഹിനാസ്, ശൂരനാട് സ്വദേശി പ്രവീണ്‍ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്നും 51 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. 

അനന്തുവും പ്രവീണുമാണ് ബം​ഗളൂരുവിൽ നിന്നും മയക്കുമരുന്നെത്തിച്ചത്. 50 ഗ്രാമിന് ഒരു ലക്ഷം രൂപയാണ് നൽകിയത്. അഹിനാസ് താമസിച്ചു വരുന്ന വീട്ടിലെത്തിച്ച് ചെറിയ പാക്കറ്റുകളാക്കിയായിരുന്നു ഇവരുടെ വിൽപ്പന. ഇത്തരത്തിൽ പാക്കറ്റുകളിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇവര്‍ക്ക് എംഡിഎംഎ നൽകുന്നത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

അതേസമയം, ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ ഹാഷിഷുമായി യുവാവിനെ ഇന്ന് പിടികൂടി. നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവൻവണ്ടൂർ പ്ലാന്നിക്കുന്നിൽ വീട്ടിൽ രജിൻ രാജു(28) വിനെയാണ് 3.189 ഗ്രാം എം. ഡി. എം. എയൂം 0. 149 ഗ്രാം ഹാഷിഷുമായി പിടികൂടിയത്. ചെങ്ങന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പിടികൂടിയ സാധനങ്ങൾക്ക് 50000 രൂപയിലധികം മാർക്കറ്റ് വില വരും. രജിന് ഇവ കൈമാറിയവരെപ്പറ്റി അന്വേഷണം ഊർജിതമാക്കി. ഐ ടി ഐ പഠനം കഴിഞ്ഞ രജിൻ വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ലഹരി ഉപയോഗിക്കുന്ന ഇയാൾ ലഹരിയുടെ കാരിയറായി ജോലിചെയ്ത് പണം സമ്പാദിക്കുകയായിരുന്നെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. രജിനെ റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ ജി. സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി. ശ്യാം, വി. വിനീത്, എച്ച്. താജുദ്ധീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബി. വിജയലക്ഷ്മി എന്നിവരുമുണ്ടായിരുന്നു. ചെങ്ങന്നൂരിൽ ഹാഷിഷ് പിടികൂടുന്നത് ആദ്യമായാണ്.

Read Also: കൊച്ചിയിൽ പരാതി നൽകിയ യുവതിയെ വീട്ടിൽ കയറി കുത്തി, പ്രതിയെ സാഹസികമായി കീഴ്പെടുത്തി, അറസ്റ്റ് ചെയ്ത് പൊലീസ്

tags
click me!