മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ കുറ്റക്കാരനെന്ന് കോടതി; 10 വര്‍ഷം തടവ് ശിക്ഷ

By Web TeamFirst Published Oct 6, 2022, 1:08 PM IST
Highlights

മുംബൈ പോക്‌സോ കോടതിയിലെ പ്രത്യേക ജഡ്ജി ജയ്‌ശ്രീ ആർ പുലേറ്റ് പ്രതിക്ക് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. സെപ്തംബര്‍ 29നാണ് വിധി പറഞ്ഞതെങ്കിലും വിശദമായ വിധി പകര്‍പ്പ് ബുധനാഴ്ചയാണ് പുറത്ത് വന്നത്.
 

മുംബൈ: സ്വന്തം വീട്ടിൽ ലൈംഗികാതിക്രമത്തിന് ഇരയായ ഒരാള്‍ പഠനത്തില്‍ മികവ് പ്രകടിപ്പിക്കില്ലെന്നോ, സാധാരണഗതിയിൽ പെരുമാറുകയോ ചെയ്യില്ലെന്ന് കരുതേണ്ടെന്ന് മുംബൈ കോടതി. പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളോളം ബലാത്സംഗം ചെയ്തതിന് ഒരാളെ ശിക്ഷ വിധിച്ചുകൊണ്ടാണ് മുംബൈയിലെ പോക്‌സോ കോടതിയുടെ ഈ പരാമര്‍ശം.

മുംബൈ പോക്‌സോ കോടതിയിലെ പ്രത്യേക ജഡ്ജി ജയ്‌ശ്രീ ആർ പുലേറ്റ് പ്രതിക്ക് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. സെപ്തംബര്‍ 29നാണ് വിധി പറഞ്ഞതെങ്കിലും വിശദമായ വിധി പകര്‍പ്പ് ബുധനാഴ്ചയാണ് പുറത്ത് വന്നത്.

സൗദി അറേബ്യയിൽ കപ്പലിൽ ജോലി ചെയ്യുന്ന പ്രതി രണ്ട് മാസത്തിലൊരിക്കൽ മുംബൈയിലെ കുടുംബത്തെ സന്ദർശിക്കാറുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 2014ൽ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് മകൾ ഭര്‍ത്താവിനെ അവഗണിച്ച് സ്വന്തം മുറിയിൽ തന്നെ കഴിയുന്നത് കുട്ടിയുടെ അമ്മ ശ്രദ്ധിച്ചത്. ഇതിനെക്കുറിച്ച് ചോദ്യം ചെയ്ത അമ്മയോട് മകള്‍ കഴിഞ്ഞ ഏഴ് വർഷത്തിനിടെ അച്ഛന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തി.

പത്തുവയസ്സു മുതൽ പീഡനം നേരിടുന്നു എന്നാണ് പെൺകുട്ടി പറഞ്ഞത്. അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. പ്രതിയെ ശിക്ഷിച്ച കോടതി, പരാതി രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള പ്രതിഭാഗത്തിന്‍റെ വാദം തള്ളി, പീഡനം ആരംഭിക്കുമ്പോൾ പെൺകുട്ടി വളരെ ചെറുപ്പമായിരുന്നെന്നും തുടക്കത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് മനസ്സിലായിയിരിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഒൻപതാം ക്ലാസിലെ ലൈംഗിക വിദ്യാഭ്യാസ ക്ലാസിൽ പങ്കെടുത്തപ്പോഴാണ് താൻ ലൈംഗികാതിക്രമം നേരിടുന്നുണ്ടെന്ന് പെണ്‍കുട്ടിക്ക് മനസ്സിലായത്. അച്ഛൻ ജയിലിൽ പോയാൽ കുടുംബത്തിനുള്ള സാമ്പത്തിക സഹായം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് തുറന്നുപറയുന്നതില്‍ നിന്നും കുട്ടിയെ വിലക്കിയതെന്നും വിധിയില്‍ ജഡ്ജി ചൂണ്ടിക്കാട്ടി.

ഒമ്പതാം ക്ലാസിൽ ശരാശരി 70 ശതമാനം മാർക്ക് ലഭിച്ചതായും പതിവായി സ്‌കൂളിൽ പോയിരുന്നതായും പ്രതിഭാഗത്തിന്‍റെ വിസ്താര സമയത്ത് പെൺകുട്ടി മൊഴി നൽകിയിരുന്നു. പ്രതിയുടെ വീട്ടിലെ സാന്നിധ്യം സ്‌കൂളിലെ ഹാജറിനെ ബാധിച്ചിട്ടില്ലെന്നും അതിനാല്‍ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നും ഇത് വച്ച് പ്രതിഭാഗം വാദിച്ചു.

തനിക്കും സഹോദരങ്ങൾക്കുമായി പ്രതി പതിവായി പുതിയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കൊണ്ടുവരാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഈ വസ്തുതകൾ ലൈംഗികാതിക്രമ ആരോപണങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു.  എന്നാൽ ലൈംഗികാതിക്രമത്തിന് ഇരയായ ഓരോ വ്യക്തിയുടെയും പ്രതികരണം ഒരുപോലെയാകാൻ കഴിയില്ലെന്നും കോടതി വിധിയില്‍ പറയുന്നു. ലൈംഗികാതിക്രമത്തിന് ഇരയായയാൾക്ക് പരീക്ഷയിൽ മികച്ച മാർക്ക് നേടാൻ കഴിഞ്ഞില്ല എന്ന് കരുതേണ്ടതില്ലെന്നും ജഡ്ജി പറഞ്ഞു.

സ്‌കൂളിലെ പതിവ് ഹാജർ നിലയും പരീക്ഷകളിലെ മികച്ച പ്രകടനവും അവളുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. മക്കൾക്ക് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കൊണ്ടുവരുന്നത് പോലെയുള്ളത് ഒരു അച്ഛന്‍റെ സാധാരണ പെരുമാറ്റമാണ്, എന്നാല്‍ ഇത് കാരണം അയാള്‍ ഹീനമായ കുറ്റകൃത്യങ്ങൾ ഒരിക്കലും ചെയ്യില്ലെന്ന് അർത്ഥമാക്കുന്നില്ലെന്നും കോടതി വിധിയിൽ പറഞ്ഞു.

മതപഠനത്തിനായെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

 

click me!