സുഹൈല്‍ ഹസന്‍ വധശ്രമക്കേസും അട്ടിമറിക്കുന്നു; ആലപ്പുഴ എസ്‌പിക്കെതിരെ ആരോപണവുമായി ലിജു

By Web TeamFirst Published May 12, 2020, 11:14 PM IST
Highlights

യൂത്ത് കോൺഗ്രസ് പ്രാദേശികനേതാവ് സുഹൈൽ ഹസനെ വധിക്കാൻ ശ്രമിച്ച കേസിൽ നാലുപ്രതികൾക്കും കഴിഞ്ഞദിവസം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു

ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. വള്ളികുന്നത്ത് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതികളെ രക്ഷപ്പെടാനും കേസ് അട്ടിമറിക്കാനും എസ്‌പി ജെയിംസ് ജോസഫ് ശ്രമിച്ചുവെന്ന് ഡിസിസി പ്രസിഡന്റ് എം ലിജു ആരോപിച്ചു.

യൂത്ത് കോൺഗ്രസ് പ്രാദേശികനേതാവ് സുഹൈൽ ഹസനെ വധിക്കാൻ ശ്രമിച്ച കേസിൽ നാലുപ്രതികൾക്കും കഴിഞ്ഞദിവസം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പൊലീസിന്റെയും പ്രോസിക്യൂഷൻറെയും പിടിപ്പുകേടാണ് പ്രതികൾക്ക് ജാമ്യം കിട്ടാൻ കാരണം എന്നാണ് കോൺഗ്രസ് ആരോപണം. കേസിൽ ഗൂഢാലോചന നടത്തിയ മുഖ്യ പ്രതികളെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് രക്ഷപെടുത്തുകയാണ് എന്ന് എം ലിജു പറഞ്ഞു. 

പെരിയ ഇരട്ട കൊലപാതകം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ പ്രധാനിയാണ് ജെയിംസ് ജോസഫ്. അതേരീതിയിൽ സിപിഎംകാരായ പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു എന്നും കോൺഗ്രസ് ആരോപിക്കുന്നു. പ്രോസിക്യൂഷൻ വീഴ്ച ചൂണ്ടിക്കാണിച്ച് ശക്തമായ നിയമനടപടിക്കൊരുങ്ങുകയാണ് കോൺഗ്രസ്.

കഴിഞ്ഞ മാസം കറ്റാനം മങ്ങാരത്ത് വെച്ചാണ് സുഹൈലിനെ മുഖംമൂടിയിട്ട സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൈലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. 

Read more: യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മുഖ്യ സൂത്രധാരൻ കസ്റ്റഡിയിൽ

click me!