
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ഗൃഹനാഥനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വേങ്ങശ്ശേരി സ്വദേശി ഷൺമുഖനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
വൈകീട്ട് അഞ്ച് മണിയോടെ കണ്ണമംഗലത്താണ് സംഭവം. വസ്ത്രത്തിലും ശരീരത്തിലും രക്തക്കറയുമായി അടുത്തുള്ള ആൾക്കൂട്ടത്തിനടുത്തെത്തിയ ഷൺമുഖം ഞാനൊരാളെ കൊന്നുവെന്ന് ഏറ്റുപറയുകയായിരുന്നു. ഇതുകേട്ട് അമ്പരന്ന നാട്ടുകാ൪ സംഭവ സ്ഥലത്തെത്തിയപ്പോൾ ഇരുകാലുകൾക്കും വെട്ടേറ്റ് രക്തത്തിൽ കുളിച്ച രാമദാസിനെയാണ് കണ്ടത്.
സംഭവത്തിൽ പൊലീസ് പറയുന്നതിങ്ങനെ...
മിഴ്നാട് സ്വദേശിയായ ഷൺമുഖൻ ഏതാനും വർഷങ്ങളായി അമ്പലപ്പാറ കണ്ണമംഗലത്താണ് താമസിച്ചു വരുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണിയാൾ. മരിച്ച രാമദാസുമായി പ്രതിക്ക് നേരത്തെ തന്നെ സൗഹൃദമുണ്ടായിരുന്നു. ഇന്ന് വൈകീട്ട് ഇരുവരും മദ്യപിച്ച ശേഷം വാക്കുത൪ക്കമായി. പിന്നാലെ കയ്യിൽ കരുതിയ വാള് കൊണ്ട് വെട്ടുകയായിരുന്നു. അതേസമയം പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ അക്രമ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.