വിദ്യാർത്ഥിനികളും വീട്ടമ്മമാരും ഇരകള്‍; ഒടുവില്‍ 'സ്നിപ്പർ ഷേക്ക്' പിടിയില്‍, ചുരുളഴിയുന്നത് വന്‍ മാഫിയയുടെ രഹസ്യങ്ങള്‍

By Web TeamFirst Published May 16, 2019, 7:57 PM IST
Highlights

സൗഹൃദം സ്ഥാപിച്ച ശേഷം  ആദ്യം സൗജന്യമായി മയക്ക് മരുന്നുകൾ നൽകി വിദ്യാര്‍ത്ഥികളെ ഇയാളുടെ വലയിലാക്കുകയാണ് ചെയ്തിരുന്നത്. അവധിക്കാലത്ത് വീടുകളിലേക്ക് പോകാതെ ഹോസ്റ്റലുകളിൽ തന്നെ തങ്ങുന്ന വിദ്യാർത്ഥികളെയും ഇയാള്‍ ലഹരിയ്ക്ക് അടിമ ആക്കിയിട്ടുണ്ടെന്നാണ് സംശയം

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്നുകൾ എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാനി ആലുവ റേഞ്ച് എക്സൈസിന്റെ പിടിയില്‍. ' സ്നിപ്പർ ഷേക്ക് ' എന്ന് അറിയപ്പെടുന്ന മുഹമ്മദ് സിദ്ദിഖ് എന്നയാളെയാണ് ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് 120 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു. ഈ മാസം ആദ്യം സേലത്തു നിന്ന് മയക്ക് മരുന്ന് കടത്തിയിരുന്ന രണ്ട് യുവാക്കളെ 90 എണ്ണം നൈട്രോസെപാം ഗുളികകളുമായി ആലുവ എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇയാളെ പിടികൂടിയത്. കുറച്ച് നാളായി ഇയാള്‍ എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷത്തിലായിരുന്നു. 

സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരി മരുന്ന് മാഫിയയില്‍ നിന്ന് വൻതോതിൽ മയക്ക് മരുന്നുകൾ വാങ്ങി  ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതി. സ്കൂൾ കോളേജ് വിദ്യാർഥികളാണ് പ്രധാനമായും ഇയാള്‍ ഇരകളാക്കിയിരുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ടെസ്റ്റ് ഡോസ് എന്ന രീതിയിൽ ആദ്യം സൗജന്യമായി മയക്ക് മരുന്നുകൾ നൽകി വിദ്യാര്‍ത്ഥികളെ ഇയാളുടെ വലയിലാക്കുകയാണ് ചെയ്തിരുന്നത്. അവധിക്കാലത്ത് വീടുകളിലേക്ക് പോകാതെ ഹോസ്റ്റലുകളിൽ തന്നെ തങ്ങുന്ന വിദ്യാർത്ഥികളെയും ഇയാള്‍ ലഹരിയ്ക്ക് അടിമകള്‍ ആക്കിയിട്ടുണ്ടെന്നാണ് സംശയം.  ഇയാളുടെ ഫോൺ കോൾ വിവരങ്ങൾ  പരിശോധിച്ചതിൽ വിദ്യാർത്ഥിനികളും വീട്ടമ്മമാരും വരെ ഇയാളുടെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് നൽകുന്ന സൂചന. 

ആലുവയിലുള്ള കോളേജുകൾ കേന്ദ്രികരിച്ച് വൻ ലഹരി മാഫിയ സംഘം തമ്പടിച്ചിട്ടുണ്ടെന്ന് നേരത്തേ തന്നെ എക്സൈസ് ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നുള്ള ഷാഡോ ടീമിന്റെ അന്വേഷണം എത്തിച്ചേർന്നതും ഇയാളില്‍ തന്നെയായിരുന്നു. ആലുവയിലെ ഇയാളുടെ ഏജൻറിന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ യു സി കോളേജിന് സമീപം നിൽക്കുകയായിരുന്ന ഇയാളെ എക്സൈസ് ഷാഡോ ടീം കൈയോടെ പിടികൂടുകയായിരുന്നു.  മാരക ലഹരിയിലായ ഇയാൾ അല്പസമയം പരിഭ്രാന്തി പരത്തിയെങ്കിലും, ഷാഡോ ടീം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. 

കൊല്ലം കടക്കാവുർ സ്വദേശിയായ ഇയാൾ ഇപ്പോൾ കാക്കനാട് അത്താണിയിൽ സ്ഥിരതാമസമാണ്. പ്രതിയിൽ നിന്ന് മയക്ക് മരുന്നുകൾ വാങ്ങുന്നവർ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രികരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. മറ്റുള്ളവർ അറിയാത്ത രീതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും എന്നതിനാലാണ് ലഹരി ഗുളികകളിലേയ്ക്ക് യുവാക്കൾ തിരിയുന്നതിന്റെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.

5 മില്ലി ഗ്രാം മുതൽ 600 മില്ലി ഗ്രാം വരെയുള്ള നൈട്രോസെഫാം മയക്ക് മരുന്ന് ഗുളികകൾ ഇയാൾ വിൽപ്പന നടത്താറുണ്ടെന്ന് എക്സൈസ് വിശദമാക്കുന്നു. 600 മില്ലി ഗ്രാമിന്റെ മയക്ക് മരുന്ന് ഗുളിക വെള്ളത്തിൽ കലക്കി കുടിക്കുകയാണെങ്കിൽ മൂന്ന് ദിവസത്തെയ്ക്ക് ഇതിന്റെ ഉന്മാദ ലഹരി നിൽക്കുമെന്നും, വേദന, സ്പർശനം എന്നീ വികാരങ്ങളൊന്നും അറിയുവാൻ സാധിക്കുകയില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. മാനസിക രോഗികള്‍ക്ക് നല്‍കുന്ന നൈട്രോസെഫാം ഗുളികകൾ അമിതമായ അളവില്‍ കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. 

ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ ബി സജീവുമാർ, പ്രസന്നൻ, ഷാഡോ ടീമംഗങ്ങളായ എൻ ഡി ടോമി, എൻ.ജി അജിത് കുമാർ സിഇഒമാരായ അഭിലാഷ്, സിയാദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആലുവ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.  

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!