
റാഞ്ചി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെന്ന് കരുതുന്ന രണ്ട് യുവാക്കളെ മർദ്ദിക്കുകയും തീയിടുകയും ചെയ്ത് നാട്ടുകാർ. ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് രണ്ട് യുവാക്കളെ തീക്കൊളുത്തിയത്. ആക്രമിക്കപ്പെട്ട യുവാക്കളിലൊരാൾ മരിച്ചു. മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ഗുംല സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മനീഷ് ചന്ദ്ര ലാൽ പറഞ്ഞു. തൊട്ടടുത്ത ഗ്രാമത്തിലുള്ളവരാണ് പ്രതികൾ.
പെൺകുട്ടിയെ യുവാക്കൾ പീഡിപ്പിച്ചുവെന്നറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഇവരെ പിടികൂടി. തുടര്‍ന്ന് ഇവരെ പെൺകുട്ടിയുടെ ഗ്രാമത്തിലേക്ക് കൊണ്ടുവരികയും മർദ്ദിക്കുകയും തീക്കൊളുത്തുകയുമായിരുന്നു. പ്രതികളുടെ മോട്ടോർ ബൈക്കും നാട്ടുകാർ തീയിട്ടു. പെൺകുട്ടിയുടെ ബന്ധുക്കൾ സദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്തെ ക്രമസമാധാനം പാലിക്കാൻ ഒരു സംഘം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് ഓഫീസർ വ്യക്തമാക്കി.
17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം കഠിനംകുളത്ത് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിലായി. പെരുമാതുറ സ്വദേശിയായ അഫ്സൽ(31) ആണ് പൊലീസ് പിടിയിൽ ആയത്. ഇൻസ്റ്റാഗ്രാം വഴി ആറുമാസം മുൻപ് ആണ് പ്രതി 17 വയസ്സുള്ള പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. വിവാഹിതനായ ഇയാൾ താൻ ആ ബന്ധം വേർപെടുത്തി എന്ന് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയും വിവാഹം ചെയ്തു കൊള്ളാം എന്ന് വാഗ്ദാനം നൽകുകയും ചെയ്തു. എന്നിട്ട് ഓട്ടോറിക്ഷയിൽ പെരുമാതുറയിലുള്ള തന്റെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിയ്ക്കുകയായിരുന്നു. വർഷങ്ങളായി പെരുമാതുറയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാൾ. കഠിനംകുളം പൊലീസ് സ്റ്റേഷൻ ISHO അൻസാരി എ യുടെ നേതൃത്ത്വത്തിൽ എസ്സ്.ഐ സം. വി, GSI ഷാജി പി. SCPO നജുമുദ്ദീൻ, ബിജു, CPO വിഷ്ണുവിജയൻ, ആനന്ദ് എന്നിവർ ചേർന്നാണ് പിടികൂടിയത്.