ജോലി തട്ടിപ്പ് ; യുവാവിന് ഒരു വർഷം തടവും 10,000 രൂപാ പിഴയും വിധിച്ചു

By Web TeamFirst Published Nov 12, 2022, 12:06 PM IST
Highlights

യു പി എസ് സി പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളെ സമീപിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.


മൂന്നാർ: കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ട് യുവാക്കളിൽ നിന്നും 3.49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവിന് ഒരു വർഷം തടവും 10000 രൂപാ പിഴയും വിധിച്ചു. ദേവികുളം കോളനി ഗായത്രി ഭവനിൽ എസ്.മുത്തുകുമാർ (43)നെയാണ് ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.ബി.ആനന്ദ് ശിക്ഷിച്ചത്. സംഭവത്തിൽ രണ്ടാം പ്രതിയായിരുന്ന ഇയാളുടെ ഭാര്യ മുരുകേശ്വരിയെ വെറുതെ വിട്ടു.

മൂന്നാം പ്രതിയായ തമിഴ്നാട് രാജപാളയം സ്വദേശി ആന്‍റണി രാജേന്ദ്രൻ (53) നെ പിടികൂടാനായിട്ടില്ല. 2013 ഫെബ്രുവരി മൂന്നിനാണ് മൂവരും ചേർന്ന് തട്ടിപ്പ് നടത്തിയത്. മൂന്നാർ സോദേശികളും എം ബി എ ബിരുദധാരികളുമായ എസ്.സതീശ്, ജെ.വിഗ് നേശ് എന്നിവരാണ് തട്ടിപ്പിനിരയായത്. യു പി എസ് സി നടത്തിയ ഷിപ്പിംഗ് മന്ത്രാലയത്തിലെ ജോലി ഒഴിവുകളിലേക്കുള്ള പരീക്ഷ ഇരുവരും എഴുതിയിരുന്നു. ഇത് മനസിലാക്കിയ മൂവരും ഇവരെ സമീപിച്ച് കേന്ദ്ര മന്ത്രിയുമായി അടുപ്പമുണ്ടെന്നും ജോലി വാങ്ങി നൽകാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.

ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് രക്ഷപ്പെട്ടു; ഹെല്‍മറ്റില്‍ നിന്നും പൊലീസ് കഞ്ചാവ് കണ്ടെത്തി 

തൊടുപുഴ:  ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട യുവാവിന്‍റെ ഹെൽമെറ്റിൽ നിന്ന് പൊലീസ് 4.5 ഗ്രാം കഞ്ചാവ് കണ്ടെത്തി. എന്നാല്‍ അപകടത്തിൽ പരിക്കേറ്റ യുവാവ് പൊലീസിനെ വെട്ടിച്ച് കടന്നു. വ്യാഴാഴ്ച വൈകീട്ട് 5.15-ഓടെ കാരുപ്പാറയിലെ സ്വകാര്യ ഗ്യാസ് എജൻസിക്ക് മുമ്പിലാണ് അപകടം നടന്നത്. പൂച്ചപ്ര ചുള്ളിമ്യാലിൽ ബിബിൻ ബാബു (23) വിന്‍റെ ഹെൽമെറ്റിനുള്ളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ആഡംബര ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളിലെയും യാത്രക്കാർ റോഡിലേക്ക് തെറിച്ച് വീണു. ഇതോടെ ബിബിൻ ബൈക്കും ഹെൽമെറ്റും ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ബിബിൻ ധരിച്ചിരുന്ന ഹെൽമെറ്റിൽ നിന്നു കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ബിബിനും കുടുംബവും മണക്കാട് അങ്കംവെട്ടിക്ക് സമീപമാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. പൊലീസ് ഇവിടെയെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ബിബിൻ ഓടിച്ചിരുന്ന ആഡംബര ബൈക്ക് ഇയാളുടെ സുഹൃത്തിന്‍റെയാണെന്ന് കണ്ടെത്തി. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
 

click me!