
ഇംഗ്ലണ്ടിലെ ബീച്ചിൽ അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയതാണ് 11 -കാരനായ ചാർലി ഓർച്ചാർഡ്-ലിസ്ലെ. ആ സമയം ചാർലിക്ക് ലഭിച്ചത് ഒരു അപൂർവ വസ്തുവാണ്, 18 ലക്ഷം വർഷം പഴക്കമുള്ള ഒരു പല്ല്! വെറുമൊരു പല്ലല്ല, ഒരുപാട് പ്രത്യേകതകളുള്ള പല്ലാണ് ഇവർക്ക് ലഭിച്ചത്. വംശനാശം സംഭവിച്ച ആനയുടെ പൂർവ്വികരായ അനങ്കസ് അർവെർനെൻസിസിന്റെ പല്ല്. ഇംഗ്ലണ്ടിലെ സഫോക്കിലുള്ള തീരദേശ ഗ്രാമമായ ബാവ്ഡ്‌സിയിലെ ഈസ്റ്റ് ലെയ്ൻ ബീച്ചിലൂടെ മെയ് 24 -ന് അമ്മയോടൊപ്പം നടക്കവെയാണ് ചാർലി ഈ പല്ല് കണ്ടെത്തിയത്. തനിക്ക് ആനകളെ എത്രമാത്രം ഇഷ്ടമാണെന്ന് ചാർലി അമ്മയോട് പറഞ്ഞ് വെറും 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഈ പല്ല് കണ്ടെത്തിയതെന്ന് അവന്റെ അമ്മ എലീനർ പറയുന്നു.
ബീച്ചിലൂടെ നടക്കുമ്പോൾ വ്യത്യസ്തമായ എന്തൊ ഒരു വസ്തു ഇവരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. കണ്ടാൽ കല്ല് പോലെ തോന്നിക്കുമെങ്കിലും കൈപ്പത്തിയുടെ വലിപ്പമുള്ള, പാറപോലെയുള്ള ആ വസ്തു സാധാരണ ഒരു കല്ലല്ലെന്ന് ഇവർക്ക് സംശയം തോന്നി. പിന്നാലെ ഇവർ ഇതിന്റെ ചിത്രങ്ങൾ വിദഗ്ദ്ധർക്ക് അയച്ചുകൊടുത്തു. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പാലിയന്റോളജി റിസർച്ച് ലീഡറായ പ്രൊഫസർ അഡ്രിയാൻ ലിസ്റ്റർ ഈ വസ്‌തു പരിശോധിക്കുകയും, ഇത് 'അനൻകസ് അർവെർനെൻസിസ്' (Anancus arvernensis) എന്ന ജീവിയുടെ മുകളിലെ ഇടത് താടിയെല്ലിലെ അണപ്പല്ലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്നത്തെ ആഫ്രിക്കൻ ബുഷ് ആനകൾ ഉൾപ്പെടെയുള്ള ആധുനിക ആനകളുടെ വംശനാശം സംഭവിച്ച പൂർവ്വിക വിഭാഗമാണിത്. ഏകദേശം 85 ലക്ഷം മുതൽ 20 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഇവയ്ക്ക് തോളൊപ്പം മാത്രം 8 അടിയിലധികം ഉയരമുണ്ടായിരുന്നു.
കണ്ടെത്തിയ പല്ലിന് ഏകദേശം 4 ഇഞ്ച് വീതിയുണ്ട്. ഏകദേശം 20 ലക്ഷത്തോളം വർഷം മണ്ണിൽ കിടന്നിട്ടും ഇതിന്റെ ഇനാമൽ കേടുപാടുകൾ കൂടാതെയിരിക്കുകയാണ്. ബാവ്ഡ്‌സിയിലെ ഫോസിലുകളാൽ സമ്പന്നമായ 'റെഡ് ക്രാഗ്' പാറയിടുക്കുകളിലാണ് ഈ പല്ല് അടക്കം ചെയ്യപ്പെട്ടിരുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. തീരശോഷണം കാരണം മൺപാളികളിൽ നിന്ന് വേർപെട്ട പല്ല് തിരമാലയിൽ പെട്ട് തീരത്തെത്തിയെന്നാണ് കരുതുന്നത്.
18 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഇത്രയും പഴക്കമുള്ള ഒരു വസ്തു ബീച്ചിൽ നിന്ന് കണ്ടെത്താനായി എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് ചാർലിയുടെ അമ്മ എലീനർ പറഞ്ഞു.