കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഭേദഗതി ചട്ടങ്ങളുടെ പശ്ചാത്തലത്തിലും കേരളത്തിന് ട്രാന്‍സ്ജെന്‍ഡര്‍ അനുകൂല പാരമ്പര്യം തുടരാന്‍ സാധിക്കുമെന്നാണ് നിയമവിദഗ്ധര്‍ വിശദീകരിക്കുന്നത്.-പ്രഗ്യ സിംഗ് എഴുതുന്നു

2026 മെയ് 25-നാണ് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങളെ സാരമായി ബാധിക്കുന്ന ഒരു നിയമനിര്‍മാണം കേന്ദ്രസര്‍ക്കാര്‍ ന്ടത്തിയത്. ട്രാന്‍സ്ജെന്‍ഡറുകളുടെ (അവകാശ സംരക്ഷണം) ആക്ട്, 2019-ല്‍ ഭേദഗതി വരുത്തുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. 'ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണം) ഭേദഗതി ആക്ട്, 2026' എന്ന പേരിലുള്ള ഈ നിയമം 2019 ലെ ആക്ടില്‍ സാരമായ മാറ്റങ്ങളാണ് വരുത്തിയത്. ആ മാറ്റങ്ങളെ പ്രാഥമികമായി അവയെ ഇങ്ങനെ വിശദീകരിക്കാം:

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാല് പ്രധാന മാറ്റങ്ങള്‍

(എ) 'ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി' എന്ന വിപുലമായ നിര്‍വചനത്തെ കിന്നര്‍, ഹിജ്ഡ, അരവാണി, ജോഗ്ത എന്നീ നാല് സാമൂഹിക-സാംസ്‌കാരിക ഗ്രൂപ്പുകളിലേക്ക് മാത്രമായി ചുരുക്കി.

(ബി) ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡിനായി നിര്‍ബന്ധിത മെഡിക്കല്‍ ശുപാര്‍ശകള്‍ ഏര്‍പ്പെടുത്തുക.

(സി) ജനനേന്ദ്രിയ വികൃതമാക്കല്‍, ഹോര്‍മോണ്‍ തെറാപ്പി, ശസ്ത്രക്രിയ വഴിയോ രാസപരമായോ ഉള്ള ഇടപെടലുകളിലൂടെ ഒരു വ്യക്തിയുടെ വ്യക്തിത്വം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വത്തിലേക്ക് നിര്‍ബന്ധിതമായി മാറ്റുന്നതായി ആരോപിക്കപ്പെടുന്ന പ്രവൃത്തികള്‍ എന്നിവയ്ക്ക് ശിക്ഷ നല്‍കുന്നതിന് പുതിയ ക്രിമിനല്‍ കുറ്റങ്ങള്‍ കൊണ്ടുവന്നു.

സുപ്രീംകോടതി വിധിക്ക് വിരുദ്ധം

പാര്‍ലമെന്റില്‍ ഈ ഭേദഗതി നിയമത്തെ എതിര്‍ത്തവരില്‍ ഒരാള്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്ആയിരുന്നു. ഈ ബില്‍ ഭരണഘടന നല്‍കുന്ന ഉറപ്പുകളെ ലംഘിക്കുന്നതാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ബില്‍ പിന്‍വലിക്കുകയോ അല്ലെങ്കില്‍ വിപുലമായ ചര്‍ച്ചകള്‍ക്കായി സെലക്ട് കമ്മിറ്റിക്ക് വിടുകയോ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2026 ലെ ഭേദഗതി ആക്ട്, നാല്‍സ (NALSA) Vs യൂണിയന്‍ ഓഫ് ഇന്ത്യ (2014) കേസിലെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ്. ലിംഗ വ്യക്തിത്വം സ്വയം തിരിച്ചറിയുന്നതിനുള്ള അവകാശത്തെ മൗലികാവകാശമായി കാണുന്ന നിലപാടിനെ ഇത് ഇല്ലാതാക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അന്തസ്സിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി കോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായി ഇത് നില്‍ക്കുന്നു.

ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പുരോഗമനപരമായ നടപടി സ്വീകരിച്ച സംസ്ഥാനങ്ങളില്‍ മുന്നിലാണ് കേരളം. നാല്‍സ (NALSA) വിധിക്ക് ശേഷം 2015-ല്‍ സമഗ്രമായ ഒരു ട്രാന്‍സ്ജെന്‍ഡര്‍ നയം രൂപീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഉതകുന്നതായിരുന്നു ആ നയം. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ നിയമപരമായ അംഗീകാരത്തിനുള്ള അടിസ്ഥാനമായി സ്വയം തിരിച്ചറിവിനെ ഈ നയം അംഗീകരിക്കുന്നു. സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിന്റെയും ജില്ലാ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ട്രാന്‍സ്ജെന്‍ഡര്‍ സെല്ലുകള്‍ സ്ഥാപിച്ചു. മികച്ച ക്ഷേമപദ്ധതികളിലൂടെ ലിംഗമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള (gender-affirming) ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ക്ക് പുതിയ നയം ശക്തിനല്‍കി. കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഭേദഗതി ചട്ടങ്ങളുടെ പശ്ചാത്തലത്തിലും കേരളത്തിന് ട്രാന്‍സ്ജെന്‍ഡര്‍ അനുകൂല പാരമ്പര്യം തുടരാന്‍ സാധിക്കുമെന്നാണ് നിയമവിദഗ്ധര്‍ വിശദീകരിക്കുന്നത്.

ഇനി ചെയ്യേണ്ടത്

ട്രാന്‍സ് ജെന്‍ഡര്‍ അവകാശ സംരക്ഷണത്തിന് ആവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കാനും ഭരണപരമായ നടപടികള്‍ സ്വീകരിക്കാനും 2019 ലെ ആക്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. ഈ സംവിധാനങ്ങളെ തന്ത്രപരമായി ഉപയോഗിച്ച് പുതിയ ഭേദഗതി നിയമത്തിന്റെ വ്യാപ്തി വ്യക്തമാക്കാന്‍ സാധിക്കും. അതുവഴി പുതിയ മാറ്റങ്ങള്‍ ഭരണഘടന സംരക്ഷിക്കുന്ന അവകാശങ്ങളോടും നാല്‍സ പോലുള്ള കേസുകളില്‍ കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളോടും ചേരുന്നുവെന്നും ഉറപ്പാക്കാനാവും.

ഒന്ന്. ഭേദഗതി നിയമത്തില്‍ പറയുന്ന നാല് സാമൂഹിക-സാംസ്‌കാരിക സ്വത്വങ്ങള്‍ക്കായുള്ള പദങ്ങള്‍ കേരളത്തില്‍ അത്ര വ്യാപകമല്ല. മാത്രമല്ല, ഈ സ്വത്വങ്ങള്‍ക്ക് കൃത്യമായതോ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടതോ ആയ അര്‍ത്ഥങ്ങളുമില്ല. അതിനാല്‍, 'ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി' എന്ന നിര്‍വചനത്തില്‍ കേരളത്തില്‍ പ്രചാരത്തിലുള്ള തദ്ദേശീയ പദാവലികളിലൂടെ തിരിച്ചറിയപ്പെടുന്ന വ്യക്തികളും ഉള്‍പ്പെടുന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഒരു ഗവണ്‍മെന്റ് ഓര്‍ഡര്‍ പുറപ്പെടുവിക്കണം. ഒപ്പം 2015 -ലെ സംസ്ഥാന നയത്തിന് കീഴില്‍ വരുന്ന എല്ലാ വ്യക്തികള്‍ക്കും ക്ഷേമ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ഉറപ്പാക്കുകയും വേണം. സംസ്ഥാനത്തെ എല്ലാ ട്രാന്‍സ്ജെന്‍ഡര്‍ ഗ്രൂപ്പുകളെയും സമഗ്രമായി ഉള്‍ക്കൊള്ളുന്നുവെന്ന് ഉറപ്പാക്കാന്‍ കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹവുമായി കൂടിയാലോചനകള്‍ നടത്തേണ്ടതുമുണ്ട്.

രണ്ട്. സ്വയം തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍, ട്രാന്‍സ്ജെന്‍ഡര്‍ ഐഡി കാര്‍ഡ് സംവിധാനം കേരളത്തില്‍ നിലവിലുണ്ട്. ക്ഷേമ നടപടികള്‍ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാനമായി ഈ ചട്ടക്കൂട് തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കണം. കൂടാതെ, പുതിയ ഗവണ്‍മെന്റ് ഓര്‍ഡറില്‍ പറയുന്ന എല്ലാ ട്രാന്‍സ്ഗ്രൂപ്പുകള്‍ക്കും ഇത് ലഭ്യമാവണം. കേന്ദ്ര ചട്ടക്കൂടിന് കീഴില്‍ നല്‍കുന്ന ഐഡി കാര്‍ഡുകള്‍ക്കായി ആരോഗ്യ സ്ഥാപനങ്ങളില്‍നിന്നുള്ള ശുപാര്‍ശകള്‍ വേണമെന്ന് ഭേദഗതി നിയമം ആവശ്യപ്പെടുന്നുണ്ട്. മെഡിക്കല്‍ പരിശോധനകളുടെ കാര്യത്തില്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ അധികാരികളോ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ വ്യക്തിപരമായ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള ശാരീരിക പരിശോധനകള്‍ നടത്തരുതെന്ന് കേരളം വ്യക്തമാക്കണം. പരിശോധനയുടെ പ്രധാന രീതി മനശാസ്ത്ര വിലയിരുത്തലായിരിക്കണം (psychological evaluation). ഇത് ആവശ്യമുള്ളിടത്ത് മാത്രം നടത്തുകയും, സ്വയം തിരിച്ചറിവിനെ ഈ വിലയിരുത്തലിന്റെ അടിസ്ഥാനമായി നിലനിര്‍ത്തുകയും വേണം.

മൂന്ന്. ലിംഗമാറ്റ പ്രക്രിയകളുടെ (gender-affirming procedures) വിവരങ്ങള്‍ ആരോഗ്യസ്ഥാപനങ്ങള്‍ ജില്ലാ മജിസ്ട്രേറ്റിന് കൈമാറണമെന്ന് പുതിയ ഭേദഗതി നിയമം ആവശ്യപ്പെടുന്നുണ്ട്. സങ്കീര്‍ണ്ണവും വ്യക്തിപരവുമായ ആരോഗ്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സാഹചര്യത്തില്‍, വിവര ശേഖരണം, പ്രോസസ്സിംഗ്, സംഭരണം, വെളിപ്പെടുത്തല്‍, സൂക്ഷിച്ചുവെക്കല്‍, ഇല്ലാതാക്കല്‍ വരെ എല്ലാ ഘട്ടങ്ങളെയും നിയന്ത്രിക്കുന്നതിന് ശക്തമായ ഒരു ഡാറ്റാ ഗവേണന്‍സ് ചട്ടക്കൂട് രൂപീകരിക്കണം. അത്തരമൊരു ചട്ടക്കൂട് ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട്, 2023-നും സുപ്രീം കോടതിയുടെ കെ.എസ്. പുട്ടസ്വാമി Vs. യൂണിയന്‍ ഓഫ് ഇന്ത്യ (2017) വിധിയിലെ നിര്‍ദ്ദേശങ്ങള്‍ക്ക, അനുസൃതമായിരിക്കണം. ഇതനുസരിച്ച്, ആവശ്യമായ ഏറ്റവും കുറഞ്ഞ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാവൂ. ഈ വിവരങ്ങളിലേക്കുള്ള പ്രവേശനം സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയില്‍ നേരിട്ട് ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം, സുരക്ഷാ സംവിധാനങ്ങളാല്‍ ഇത് സംരക്ഷിക്കപ്പെടണം. നിയമപരമായ ലക്ഷ്യം നിറവേറ്റിയാല്‍ ഈ വിവരങ്ങള്‍ സ്ഥിരമായി ഇല്ലാതാക്കുകയും വേണം.

നാല്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക ലിംഗമാറ്റ ശസ്ത്രക്രിയ യൂണിറ്റ് സ്ഥാപിച്ചതുള്‍പ്പെടെയുള്ള പുരോഗമനപരമായ മെഡിക്കല്‍-ആരോഗ്യ സേവനങ്ങള്‍ തുടരേണ്ടതുണ്ട്. കൂടാതെ, ഈ ഭേദഗതി നിയമ പ്രകാരം, ലിംഗമാറ്റ ആരോഗ്യ പരിരക്ഷ ക്രിമിനല്‍ കുറ്റമാകുന്നില്ലെന്നും മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഇത്തരം പരിചരണം തുടര്‍ന്നും നല്‍കണമെന്നും വ്യക്തമാക്കുന്ന ഒരു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ യാതൊരു തടസ്സവുമില്ലാതെ ലിംഗമാറ്റ പരിചരണം തുടരേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സ്വയം തിരിച്ചറിഞ്ഞ ലിംഗ വ്യക്തിത്വത്തെ പോലീസ് ഉദ്യോഗസ്ഥര്‍ മാനിക്കണമെന്നും അവരോട് വിവേചനമില്ലാതെയും അന്തസ്സോടെയും പെരുമാറണമെന്നും 2022-ല്‍ കേരള പോലീസ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമായി ഇടപഴകുമ്പോള്‍ പീഡനങ്ങളും അനാവശ്യ ഇടപെടലുകളും ഒഴിവാക്കാനും ഇത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഈ നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ച്, പുതുതായി ഉള്‍പ്പെടുത്തിയ ശിക്ഷാ വ്യവസ്ഥകള്‍ നിര്‍ബന്ധിതമോ സമ്മതമില്ലാത്തതോ ആയ പ്രവൃത്തികളെ അഭിസംബോധന ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും കുടുംബാംഗങ്ങള്‍, ആരോഗ്യ പരിരക്ഷാ ദാതാക്കള്‍, കമ്മ്യൂണിറ്റി സംഘടനകള്‍ അല്ലെങ്കില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ ലിംഗ വ്യക്തിത്വം ഉറപ്പിക്കുന്നതിനായി നിയമപരവും പരസ്പര സമ്മതത്തോടെയുമുള്ള പിന്തുണ നല്‍കുന്ന മറ്റ് വ്യക്തികള്‍ എന്നിവര്‍ക്കെതിരെ ഇത് പ്രയോഗിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി എല്ലാ പോലീസ് അധികാരികള്‍ക്കും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യണം.

(ലേഖിക, ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയിലെ സീനിയര്‍ റസിഡന്റ് ഫെലോയാണ്. പ്രകടിപ്പിച്ച എല്ലാ അഭിപ്രായങ്ങളും വ്യക്തിപരമാണ്.)