തഞ്ചാവൂരിന്റെ മഹാതിശയം; 1.3 ലക്ഷം ടണ്‍ കരിങ്കല്ലുകളില്‍ തീര്‍ത്ത അനന്ത വൈചിത്ര്യം

Published : May 22, 2026, 05:03 PM IST
Thanjavur

Synopsis

സായംസന്ധ്യയിലെ ബൃഹദേശ്വര ക്ഷേത്രം ജീവിതത്തിലെ ഏറ്റവും വിലോഭനീയമായ അനുഭവം തന്നെ. അത് ഏതോ പൂര്‍വാര്‍ജ്ജിത സുകൃതമോ അതോ ആകസ്മികതയുടെ കയ്യൊപ്പോ? സൗന്ദര്യത്തിന്റെ, നിര്‍വൃതിയുടെ ആ പാരമ്യതയിലും സാന്ദ്രതയിലും എന്നെയും പങ്കാളിയാക്കിയത് എന്താവാം?

വെണ്ണക്കല്‍ നിര്‍മിതികള്‍ ലോകാത്ഭുതങ്ങളില്‍ ഇടം പിടിക്കുമ്പോള്‍ കൃഷ്ണശിലാത്ഭുതങ്ങള്‍ എന്തുകൊണ്ടാവും അവഗണിക്കപ്പെടുന്നത്? മനോഹാരിത എന്ന വാക്കിനെ വെളുപ്പ് നിറവുമായി ചേര്‍ത്തുവെയ്ക്കുന്ന നമ്മുടെ കൊളോണിയല്‍ അനന്തര ശീലങ്ങള്‍ അതിനു കാരണമായിട്ടുണ്ടാവാം.

 

തഞ്ചാവൂരിലേക്കുള്ള യാത്രയുടെ ഓര്‍മ്മയ്ക്ക് പൂമണങ്ങളാണ്. വഴിയിലെ, മുല്ലപ്പൂ ചിരിയുള്ള ചേച്ചിയുടെ കയ്യില്‍ നിന്ന് വാങ്ങി മുടിയില്‍ ചൂടിയ മുല്ലയും പിച്ചിയും കനകാംബരവും. കുട്ടിക്കാലത്തിനു ശേഷം മുടിയില്‍ കനകാംബരം വയ്ക്കുന്നത് അപ്പോഴായിരുന്നു. അതിന്റെ സന്തോഷമുണ്ടായിരുന്നു. പൂമണങ്ങള്‍ക്കൊപ്പമുള്ള യാത്ര തമിഴകത്തെ സംബന്ധിച്ച് അപരിചിതമായിരുന്നില്ല.

നിറഞ്ഞൊഴുകുന്ന നിലാവ്. പടരുന്ന ദീപപ്രഭ. ഓംകാരം മുഴക്കുന്ന ഓട്ടുമണികള്‍. പ്രാര്‍ത്ഥനയുടെയും മന്ത്രോച്ചാരണങ്ങളുടെയും സാന്ദ്രധ്വനികള്‍. പൊങ്ങിപ്പരക്കുന്ന ധൂപഗന്ധം. പല മനിതരുടെ പല വൈകാരിക ഭാവങ്ങള്‍. സായംസന്ധ്യയിലെ ബൃഹദേശ്വര ക്ഷേത്രം ജീവിതത്തിലെ ഏറ്റവും വിലോഭനീയമായ അനുഭവം തന്നെ. അത് ഏതോ പൂര്‍വാര്‍ജ്ജിത സുകൃതമോ അതോ ആകസ്മികതയുടെ കയ്യൊപ്പോ? സൗന്ദര്യത്തിന്റെ, നിര്‍വൃതിയുടെ ആ പാരമ്യതയിലും സാന്ദ്രതയിലും എന്നെയും പങ്കാളിയാക്കിയത് എന്താവാം? ആ ഉജ്ജ്വല മുഹൂര്‍ത്തത്തില്‍ ഒരു മാത്രയെങ്കില്‍ ഒരു മാത്ര വിലയിക്കാനാകുന്നതിനേക്കാള്‍, ജീവിതം സാര്‍ത്ഥകമാകുന്നത് മറ്റെവിടെയാണ്?

 

 

ഓര്‍ത്താല്‍ വിസ്മയം!

തഞ്ചാവൂരിന്റെ മഹാതിശയം ബൃഹദീശ്വരക്ഷേത്രമായിരുന്നു. അതുവരെ കണ്ട ക്ഷേത്രങ്ങള്‍ ഉള്ളില്‍ അത്ഭുതങ്ങള്‍ കൊത്തിവെച്ചപ്പോള്‍ ബൃഹദീശ്വരക്ഷേത്രം അത്യദ്ഭുതം എക്കാലത്തേക്കുമായി കണ്ണുകളില്‍ പാകിവെച്ചു. 1.3 ലക്ഷം ടണ്‍ കരിങ്കല്ലുകളില്‍ തീര്‍ത്ത അനന്ത വൈചിത്ര്യം. കരിങ്കല്ല് അത്രയും സുലഭമല്ലാത്ത ഒരിടത്ത് എങ്ങനെ ഇത് പോലൊരു ക്ഷേത്രം സാധ്യമായി എന്ന ആശ്ചര്യം ഇപ്പോഴുമുണ്ട്.

ക്ഷേത്രത്തില്‍ വലിയ രണ്ട് ഗോപുരങ്ങള്‍. ഒരെണ്ണം കേരള രാജാവായ ഭാസ്‌കര രവിവര്‍മ്മനെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മയ്ക്കത്രേ. 12 അടിയിലേറെ ഉയരവും 16 അടിയിലേറെ നീളവും ഉള്ള ഒറ്റക്കല്ലിലെ നന്ദീശില്പം. കാഴ്ച്ചയെ അത്ഭുതങ്ങളിലേക്ക് വിവര്‍ത്തനം ചെയ്തു. ഒപ്പം, 400 തൂണുകളുള്ള വരാന്തയും അഞ്ച് നിലകളുള്ള പ്രവേശന ഗോപുരവും. ഓര്‍ത്താല്‍ വിസ്മയം!

 

 

കലയും ആത്മീയതയും ഇഴചേരുന്നിടം

ക്ഷേത്രഗോപുരത്തിന്റെ മുകളിലെ കല്ലിന് ഏകദേശം 90 ടണ്‍ ഭാരമുണ്ട്. നാല് കിലോമീറ്ററോളം നീളമുള്ള ചെരിവുതലം നിര്‍മ്മിച്ച്, കല്ലുകളെ അതിലൂടെ നിരക്കി നീക്കിയാണ് അവയെ മുകളിലേക്കെത്തിച്ചത്. ഇന്നത്തെപ്പോലുള്ള സാങ്കേതിക വിദ്യകള്‍ ഇല്ലാത്ത ആ കാലത്ത്, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധിയെക്കുറിച്ച് അഭിമാനവും ശക്തിയെക്കുറിച്ച് ബഹുമാനവും തോന്നിപ്പോകും.

കുഞ്ചരമല്ലന്‍ എന്ന പെരുംതച്ചന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ശില്പികളുടെ പരിശ്രമഫലമാണത്. ഗോപുരത്തിലും ക്ഷേത്രഭിത്തികളിലും മതില്‍ കെട്ടുകളിലും ചിത്രങ്ങളുടെ, ശില്പങ്ങളുടെ രൂപത്തില്‍ ആ മഹായത്‌നത്തിന്റെ നിറവ് തെളിഞ്ഞ് നില്‍പ്പുണ്ട്. ചോള വാസ്തുവിദ്യയുടെ ഉത്തുംഗതലം. പുരാണ കഥകള്‍, രാജവംശ ചരിത്രങ്ങള്‍ ഒക്കെ ഈ കൃഷ്ണശിലാ ലൈബ്രറിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കരിങ്കല്ലിനെ കടലാസിതളാക്കിയ വൈഭവത്തെ സാഷ്ടാംഗം നമസ്‌കരിക്കാതെ വയ്യ.

തഞ്ചാവൂര്‍ ക്ഷേത്രത്തിലെ കീര്‍ത്തനാലാപനത്തിനു വേണ്ടിമാത്രം 50 ഗായകര്‍ ഉണ്ടായിരുന്നു. പിന്നെ, 400 നര്‍ത്തകികളും 100 വാദ്യകലാകാരന്മാരും. ആത്മീയതയും കലയും വിഭിന്നമല്ല എന്ന തിരിച്ചറിവ് തന്നെയാവാം ചോളന്മാരെ നയിച്ചിരുന്നത്. മോക്ഷമെന്നാല്‍ എല്ലാം ത്യജിച്ച് തപം ചെയ്യുന്നതിലൂടെ മാത്രം നേടാവുന്നതല്ല എന്നും ശ്രമിച്ചാല്‍ ലൗകിക വ്യവഹാരങ്ങളില്‍ മുഴുകി തന്നെ എത്തിച്ചേരാവുന്നതാണ് എന്നും നമ്മെ ഉദ്‌ബോധിപ്പിക്കുകയല്ലേ ഈ ക്ഷേത്രങ്ങള്‍?

യുനെസ്‌കോ ഈ ശില്‍പ സൗകുമാര്യത്തെ ലോക പൈതൃക പട്ടികയില്‍പ്പെടുത്തി ആദരിച്ചപ്പോള്‍ ബഹുമാനിക്കപ്പെട്ടത് ചോള ശില്‍പകല മാത്രമല്ല; ബൃഹത്തായ നിര്‍മ്മിതിക്കൊടുവില്‍, അത് നിര്‍മ്മിച്ചതിന്റെ ആനന്ദം മാത്രം കൈമുതലായി അവശേഷിച്ച, അറിവിനെയും കലയേയും ജനിതകങ്ങളിലൂടെ പരാഗണം ചെയ്ത ഒരു സമൂഹമാകെയാണ്. ചെറുതെല്ലാം മനോഹരം എന്ന് പറയും പോലെ ബൃഹത്തും മനോഹരമെന്ന് പറയുന്നുണ്ട് ചോള രാജ്യത്തിലെ ഈ നിര്‍മ്മിതികള്‍. സ്ഥൂല നിര്‍മ്മിതികളിലെ സൂക്ഷ്മമായ കരവിരുതുകള്‍; വൈരുദ്ധ്യങ്ങളെ ഇഴ ചേര്‍ക്കുമ്പോഴുള്ള സൗന്ദര്യത്തികവ്.

അത്ഭുതങ്ങളുടെ നിറം

വെണ്ണക്കല്‍ നിര്‍മിതികള്‍ ലോകാത്ഭുതങ്ങളില്‍ ഇടം പിടിക്കുമ്പോള്‍ കൃഷ്ണശിലാത്ഭുതങ്ങള്‍ എന്തുകൊണ്ടാവും അവഗണിക്കപ്പെടുന്നത്? മനോഹാരിത എന്ന വാക്കിനെ വെളുപ്പ് നിറവുമായി ചേര്‍ത്തുവെയ്ക്കുന്ന നമ്മുടെ കൊളോണിയല്‍ അനന്തര ശീലങ്ങള്‍ അതിനു കാരണമായിട്ടുണ്ടാവാം. ജാതിയുടെയും വംശങ്ങളുടെയും ശ്രേണീബദ്ധതയില്‍ നിറങ്ങള്‍ ഒരിക്കലും നിറങ്ങള്‍ മാത്രമല്ലല്ലോ. പകരം, അവ അധികാരത്തിന്റെയും ഉച്ചനീചത്വങ്ങളുടെയും കൊടിക്കൂറകള്‍ കൂടി വഹിക്കുന്നു. നമ്മുടെ കാഴ്ചകളെ, ശീലങ്ങളെ നിര്‍ണയിക്കുന്ന സാമൂഹികമായ പാലറ്റായി രൂപം മാറുന്നു. എന്നാല്‍, വെണ്ണക്കല്‍ സൗധങ്ങള്‍ പണിതുയര്‍ത്തിയ കൈ വെട്ടിമാറ്റിയ കഥയും, കരിങ്കല്‍ ക്ഷേത്ര ശില്പിയുടെ പേര് മതിലില്‍ കൊത്തിയ നേരറിവും താരതമ്യം ചെയ്യുമ്പോള്‍ ഹൃദയാലുക്കള്‍ക്ക് ഈ ഇരുള്‍നിറമാര്‍ന്ന ക്ഷേത്രചാരുതയോട് സ്‌നേഹം തോന്നാതെ തരമില്ല.

PREV
Read more Articles on
click me!

Recommended Stories

ചരിത്രനേട്ടം; ലോകത്തിലെ ഏറ്റവും പഴയ ഇംഗ്ലീഷ് കവിതയുടെ 1200 വർഷം പഴക്കമുള്ള പകർപ്പ് കണ്ടെത്തി!
ചിദാകാശത്തില്‍ നൃത്തം ചെയ്യുന്ന ആത്മാവുകള്‍; ജീവന്റെ വിത്തെറിഞ്ഞ കുംഭകോണം; ചോളനാട്ടിലേയ്ക്ക് ഒരു യാത്ര