
അർജന്റീനയിലെ സുപ്രീം കോടതിയുടെ ബേസ്മെന്റിൽ നിന്ന് കണ്ടെത്തിയത് നാസി കാലഘട്ടത്തിലെ വസ്തുക്കൾ നിറച്ച 83 പെട്ടികൾ. രണ്ടാം ലോക മഹായുദ്ധകാലം മുതൽ അവിടെ സൂക്ഷിച്ചിരുന്നവയായിരുന്നു ഇവ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മ്യൂസിയം എക്സിബിഷന് വേണ്ടിയുള്ള തയ്യാറെടുപ്പിനിടെയാണ് കോടതിയുടെ ബേസ്മെന്റിൽ നിന്നും പെട്ടികൾ കണ്ടെത്തിയിരിക്കുന്നത്.
1941 ജൂണിൽ ടോക്കിയോയിലെ ജർമ്മൻ എംബസിയിൽ നിന്ന് ജാപ്പനീസ് ആവിക്കപ്പലായ 'നാൻ-എ-മാരു'വിൽ അയച്ചതാണ് പെട്ടികൾ. അന്ന് ബ്യൂണസ് അയേഴ്സിൽ കപ്പൽ എത്തിയപ്പോൾ, അർജന്റീനിയൻ ഉദ്യോഗസ്ഥർ ഈ കപ്പൽ കണ്ടെത്തിയിരുന്നു. അന്ന് ജർമ്മൻ നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞത്, പെട്ടികളിൽ ചില സ്വകാര്യ വസ്തുക്കളാണ് എന്നായിരുന്നു.
എന്നാൽ, കസ്റ്റംസ് ഉദ്യോഗസ്ഥർ അതിൽ രണ്ട് പെട്ടികൾ പരിശോധിച്ചു. പോസ്റ്റ്കാർഡുകൾ, ഫോട്ടോഗ്രാഫുകൾ, പ്രചാരണത്തിനുള്ള ലഘുലേഖകൾ, നാസി പാർട്ടിയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് നോട്ട്ബുക്കുകൾ എന്നിവയാണ് അന്ന് ആ പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
അന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത പെട്ടികൾ സുപ്രീം കോടതിയിലേക്ക് അയച്ചിരുന്നു. പക്ഷേ, ഇത്രയൊക്കെ സംഭവിച്ചെങ്കിലും ഈ പെട്ടികൾ പിന്നീട് എവിടെയാണ് സൂക്ഷിച്ചത് എന്നത് മറന്നു പോവുകയായിരുന്നത്രെ. എന്നാൽ, അടുത്തിടെ സുപ്രീം കോടതിയിൽ മ്യൂസിയത്തിനായുള്ള വസ്തുക്കൾ തരംതിരിക്കുന്നതിനിടെ യാദൃച്ഛികമായി കോടതി ഉദ്യോഗസ്ഥർ അവ കണ്ടെത്തുകയായിരുന്നു.
പെട്ടികൾ തുറന്നു നോക്കിയപ്പോൾ, രണ്ടാം ലോകമഹായുദ്ധസമയത്ത് അർജന്റീനയിൽ അഡോൾഫ് ഹിറ്റ്‌ലറുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ലഘുലേഖകളും മറ്റുമാണ് അതിനുള്ളിൽ എന്ന് കോടതി ജീവനക്കാർ കണ്ടെത്തുകയായിരുന്നു. കോടതി ഇപ്പോൾ പെട്ടികൾ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇവയുടെ സംരക്ഷണത്തിനും ഇൻവെന്ററിക്കുമായി ബ്യൂണസ് ഐറിസിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിലെ വിദഗ്ധരെയും നിയമിച്ചു. ഇതിനകത്ത് ഹോളോകോസ്റ്റിനെ (വംശഹത്യ) കുറിച്ചുള്ള എന്തെങ്കിലും സൂചനകൾ അടങ്ങിയിട്ടുണ്ടോ എന്ന് ഇപ്പോൾ പരിശോധിച്ച് വരികയാണ്.
രണ്ടാം ലോക മഹായുദ്ധകാലത്ത് വലിയൊരു ജൂതസമൂഹം തന്നെ അർജന്റീനയിൽ ഉണ്ടായിരുന്നു. 1933 -നും 1954 -നും ഇടയിൽ, ഏകദേശം 40,000 ജൂതന്മാരാണ് നാസി പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് അർജന്റീനയിൽ അഭയം തേടിയത്.