
ഓരോ നാട്ടിലെ സംസ്കാരവും ജീവിതരീതിയും ഒക്കെ വളരെ വ്യത്യസ്തമാണ്. പുതിയ ചില സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ അവിടുത്തെ ചില രീതികളും സംസ്കാരവും നമ്മെ അമ്പരപ്പിച്ചേക്കാം. എന്തിനേറെ പറയുന്നു, ഒരുതരം കൾച്ചറൽ ഷോക്ക് തന്നെ ഉണ്ടാക്കിയേക്കാം. അതുപോലെ, മോണ്ടിനെഗ്രോ സന്ദർശിച്ച ഒരു ട്രാവൽ വ്ലോഗർ അവിടെ കണ്ട പല കാര്യങ്ങളും തന്നെ അതിശയിപ്പിച്ചു എന്ന് പറയുകയാണ്.
തെക്കുകിഴക്കൻ യൂറോപ്പിലെ ഈ കുഞ്ഞൻ രാജ്യം പ്രകൃതി സൗന്ദര്യത്തിനും മറ്റും പേരുകേട്ടതാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. എന്നാൽ, ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ അതിശയിപ്പിക്കുന്ന ചില കാര്യങ്ങളും മോണ്ടിനെഗ്രോയിൽ ഉണ്ട്. അതേക്കുറിച്ച് പറയുകയാണ് ട്രാവൽ വ്ലോഗറായ ഹെലൻ സുല.
തന്നെ ഞെട്ടിച്ച ആറ് കാര്യങ്ങളെ കുറിച്ചാണ് ഹെലൻ തന്റെ വീഡിയോയിൽ പറയുന്നത്. അതിൽ ഒന്നാമതായി ഹെലൻ പറയുന്നത് ഇവിടുത്തുകാർ രാവിലെ തന്നെ മദ്യം കഴിക്കുന്നതിനെ കുറിച്ചാണ്. പഴം കൊണ്ടുണ്ടാക്കുന്ന മദ്യമായ റാക്കി ഇവിടുത്തുകാർ രാവിലെ തന്നെ കഴിക്കും. അതും പ്രഭാതഭക്ഷണത്തിന് മുമ്പ് തന്നെ കഴിക്കുന്നവരുമുണ്ട് എന്നതാണ് ഹെലനെ ഞെട്ടിച്ചത്.
അതുപോലെ പുകവലിയാണ് അടുത്തത്. ആളുകൾ മിക്കവാറും പുകവലിക്കുന്നവരാണ്. വീടിന്റെ അകത്തും അവർ പുകവലിക്കും എന്നതാണത്രെ ഹെലന് ആകെ ഷോക്കായിപ്പോയത്.
അടുത്തതായി, മോണ്ടിനെഗ്രോയിൽ സ്റ്റാർബക്സോ മക്ഡൊണാൾഡോ ഇല്ല എന്നാണ് ഹെലൻ തന്റെ വീഡിയോയിൽ പറയുന്നത്. ഈ ജനപ്രിയമായ ഫുഡ് ചെയിനുകൾ ഇല്ലാത്തത് ശരിക്കും ഹെലനെ അമ്പരപ്പിച്ചിട്ടുണ്ട്. അതുപോലെ, തലസ്ഥാനമായ പോഡ്‌ഗോറിക്കയിൽ പോലും ഒരു ആപ്പിൾ സ്റ്റോറു പോലുമില്ല എന്നും അവൾ പറയുന്നു.
അടുത്തതായി ഹെലനെ അമ്പരപ്പിച്ച കാര്യം, എയർ കണ്ടീഷനിംഗ് ആളുകളെ രോഗികളാക്കുമെന്നാണത്രെ മോണ്ടിനെഗ്രോയിൽ പലരും വിശ്വസിക്കുന്നത്. തന്നോട് പലരും അത് പറഞ്ഞിട്ടുണ്ട് എന്നും അവൾ വെളിപ്പെടുത്തുന്നു.
എന്നാൽ, വളരെ രസകരമായ മറ്റൊരു കാര്യം കൂടി അവൾ പറയുന്നുണ്ട്. അവിടെ ആരും പരസ്പരം ചിരിക്കുകയോ, ഹായ്, ഹലോ ഒന്നും പറയുകയോ ചെയ്യില്ലത്രെ. അത് അവർ പരുക്കരായ മനുഷ്യരായതുകൊണ്ടല്ല. അവരുടെ രീതി അങ്ങനെയാണ്.
അടുത്തതായി, അവിടെ പാറക്കെട്ടുകൾക്കിടയിലും മറ്റുമുള്ള കുത്തനെയുള്ള റോഡുകളിലൂടെയുള്ള ആളുകളുടെ ഡ്രൈവിംഗ് ആണ്. അവിടെ ഗാർഡ്റെയിലുകളില്ലെന്നും ആളുകൾ വളരെ വേഗത്തിലാണ് വാഹനമോടിക്കുന്നത് എന്നും ഹെലൻ പറയുന്നു.
എന്തായാലും, ഹെലൻ പങ്കുവച്ചിരിക്കുന്ന ഇക്കാര്യങ്ങൾ ഹെലന് മാത്രമല്ല പലർക്കും പുതിയ അറിവായിരുന്നു.