ആൺകുട്ടികളെ ലോകത്തിലെ ഏറ്റവും വേദനയുണ്ടാക്കുന്ന ഉറുമ്പുകളെ കൊണ്ട് കടിപ്പിക്കുന്ന ആചാരം

By Web TeamFirst Published Jun 26, 2022, 3:46 PM IST
Highlights

12 വയസ്സിന് മുകളിലുള്ള കുട്ടികളാണ് ഈ ആചാരം പിന്തുടരേണ്ടത്. ഉറുമ്പുകൾ നിറച്ച കയ്യുറകളിൽ കൈയിട്ട് അഞ്ചു മിനിറ്റ് വരെ നിൽക്കണം. നിരവധി മാസങ്ങളിലായി കുറഞ്ഞത് 20 തവണയെങ്കിലും കുട്ടികൾ ഇത് ആവർത്തിക്കണം.

ഒരു കുട്ടി പ്രായപൂർത്തിയാകുന്നത് പല സമൂഹങ്ങളും വ്യത്യസ്തമായ രീതികളിലാണ് ആചാരിക്കുന്നത്. ചിലർ വിരുന്ന് സൽക്കാരങ്ങൾ നടത്തുമ്പോൾ, ചിലർ പച്ചകുത്തൽ പോലുള്ള വ്യത്യസ്തമായ സമ്പ്രദായങ്ങൾ പിന്തുടരുന്നു. എന്നാൽ അതിൽ ഏറ്റവും തീവ്രമായ ഒന്ന് ആമസോൺ വനത്തിൽ കഴിയുന്ന സതേരെ-മാവേ ആളുകളുടേതാണ്. ആൺകുട്ടികൾക്കായി മാത്രം നീക്കിവച്ചിരിക്കുന്ന ഈ ആചാരം അസാധാരണമാംവിധം വേദനാജനകമാണ്.

ബ്രസീലിലെ ഗോത്ര വർഗ്ഗമാണ് സതേരെ-മാവേ. ഏകദേശം 13,350 ആളുകളുള്ള അവരെ സംബന്ധിച്ചിടത്തോളം പ്രായപൂർത്തിയായ എല്ലാ ആൺകുട്ടികളും വീരപുരുഷന്മാരാണ്. അതുകൊണ്ട് തന്നെ ഒരു യോദ്ധാവിന്റെ മട്ടിലാണ് അവർക്ക് തങ്ങളുടെ ആണത്തം തെളിയിക്കേണ്ടത്. ഇതിനായി അസാധാരണവും വേദനാജനകവുമായ ഒരു മാർഗ്ഗമാണ് അവർ പിന്തുടരുന്നത്. പ്രായപൂർത്തിയായ ആൺകുട്ടികളെ ബുള്ളറ്റ് ഉറുമ്പുകളെ കൊണ്ട് കടിപ്പിക്കുന്നതാണ് ഈ ആചാരം.

ഈ വിചിത്രമായ പരീക്ഷയിൽ വിജയിക്കാതെ ആൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ സാധിക്കില്ല. ബുള്ളറ്റ് ഉറുമ്പുകൾ നിസ്സാരക്കാരല്ല. അത് കുത്തിയാൽ ബുള്ളറ്റ് തറക്കുന്ന വേദനയാണ് എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ആ പേരും. കാലിൽ സൂചി കുത്തി കയറുന്നതോ, അല്ലെങ്കിൽ കനലിൽ ചവിട്ടി നടക്കുമ്പോഴോ ഒക്കെ ഉണ്ടാകുന്ന വേദനയോടാണ് ഇതിന്റെ വേദനയെ ആളുകൾ ഉപമിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള ഉറുമ്പും ഇത് തന്നെ. തേനീച്ചയുടെ കടിയേക്കാൾ 30 മടങ്ങ് വേദനയുണ്ടാക്കുന്നതാണ് ഇതിന്റെ കടിയെന്നും പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ വിശ്വാസമനുസരിച്ച് ഈ അപകടകാരികളായ ഉറുമ്പുകളെ നേരിട്ടാലേ യുവാക്കൾക്ക് തങ്ങളുടെ പൗരുഷം തെളിയിക്കാൻ സാധിക്കുള്ളൂ. അതും ഈ ഉറുമ്പുകളെ നിറച്ച കയ്യുറകളിൽ ആൺകുട്ടികൾ കൈ ഇടണം. അതും ഒന്നോ രണ്ടോ അല്ല, നൂറു കണക്കിന് ഉറുമ്പുകളായിരിക്കും അതിനകത്ത് ഉണ്ടാവുക. ഏതാനും മിനിറ്റുകൾ തുടർച്ചയായി അതിന്റെ കുത്ത് സഹിച്ച് നിൽക്കേണ്ടി വരും. അതിന്റെ കുത്തേൽക്കുന്നതിനൊപ്പം ചുവടുകൾ വച്ച് നൃത്തം ചെയ്യുകയും വേണം.  

12 വയസ്സിന് മുകളിലുള്ള കുട്ടികളാണ് ഈ ആചാരം പിന്തുടരേണ്ടത്. ഉറുമ്പുകൾ നിറച്ച കയ്യുറകളിൽ കൈയിട്ട് അഞ്ചു മിനിറ്റ് വരെ നിൽക്കണം. നിരവധി മാസങ്ങളിലായി കുറഞ്ഞത് 20 തവണയെങ്കിലും കുട്ടികൾ ഇത് ആവർത്തിക്കണം. അഞ്ചു മിനിറ്റ് കഴിയുമ്പോൾ കുട്ടിയ്ക്ക് കയ്യുറകളിൽ നിന്ന് കൈകൾ എടുക്കാം. ഈ സമയത്ത്, ഉറുമ്പ് വിഷം ഉള്ളിൽ ചെന്നതിന്റെ ഫലമായി രണ്ട് കൈകളും താൽക്കാലികമായി തളർന്നുപോകുന്നു. ആൺകുട്ടികൾക്ക് കഠിനമായ വേദനയും ശരീരമാസകലം വിറയലും അനുഭവപ്പെടുന്നു. ഇത് പൂർണ്ണമായും സുഖപ്പെടാൻ സാധാരണയായി ദിവസങ്ങൾ എടുക്കും. അങ്ങനെ വേദനയും അസ്വസ്ഥതയും സഹിക്കാനുള്ള കഴിവ് തെളിയിച്ച് ഓരോ ആൺകുട്ടിയും ഒരു യോദ്ധാവായി മാറുന്നു.

ഭാഗ്യവശാൽ, ഇതുവരെ, ബുള്ളറ്റ് ഉറുമ്പുകളുടെ കുത്തേറ്റ് ആരും മരണപ്പെട്ടതായി റിപ്പോർട്ടുകളൊന്നുമില്ല. അതേസമയം, കുട്ടികളെ പുരുഷന്മാരാക്കുന്ന ഈ പാരമ്പര്യം ഇന്നും അവിടെ നിലനിൽക്കുന്നുവെന്ന് പറയപ്പെടുന്നു. 


 

click me!