കലണ്ടറില്ല, സമയമില്ല, പിറന്നാളുകളില്ല; ആമസോൺ കാടുകളിലെ ഈ ഗോത്രം ജീവിക്കുന്നത് ഇങ്ങനെ

Published : Feb 25, 2026, 12:18 PM IST
Amazon rainforest

Synopsis

സമയം, കലണ്ടർ, പ്രായം തുടങ്ങിയ സങ്കൽപ്പങ്ങളേ ഇല്ലാത്ത ഗോത്രവര്‍ഗം. അതാണ് ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ വസിക്കുന്ന ആമോണ്ടാവ ഗോത്രം. ഇവർ, ജീവിതത്തിലെ ഘട്ടങ്ങൾ അടയാളപ്പെടുത്തുന്നത് പേര് മാറ്റിക്കൊണ്ടാണ്.

ക്ലോക്കുകൾക്കും കലണ്ടറുകൾക്കും പിന്നാലെ പായുന്ന ആധുനിക ലോകത്ത് നിന്ന് തികച്ചും വ്യത്യസ്തമായി, സമയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ ജീവിക്കുന്ന ഒരു ജനവിഭാഗമാണ് ബ്രസീലിലെ ആമസോൺ മഴക്കാടുകളിലുള്ള ആമോണ്ടാവ ഗോത്രം. ഇവരുടെ ഭാഷയിൽ 'സമയം', 'ആഴ്ച', 'മാസം', 'വർഷം' തുടങ്ങിയ പദങ്ങളോ അത്തരം സങ്കല്പങ്ങളോ ഇല്ലെന്ന് ഗവേഷകർ കണ്ടെത്തി. 'ലാംഗ്വേജ് ആൻഡ് കോഗ്നിഷൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഭൂതകാലത്തെയോ ഭാവികാലത്തെയോ കുറിച്ചുള്ള വേവലാതികളില്ലാതെ പൂർണ്ണമായും വർത്തമാനകാലത്തിലാണ് ഇവർ ജീവിക്കുന്നത്.

ബ്രിട്ടനിലെ പോർട്സ്മൗത്ത് സർവകലാശാലയിലെ പ്രൊഫസർ ക്രിസ് സിൻഹയുടെ നേതൃത്വത്തിൽ നടന്ന പഠനമനുസരിച്ച്, ആമോണ്ടാവ ഭാഷയിൽ സമയം അളക്കുന്നതിനുള്ള ഘടനകളില്ല. ഇവർ സംഭവങ്ങളെ ക്രമമായി മനസ്സിലാക്കുമെങ്കിലും, സമയത്തെ ഒരു പ്രത്യേക അളവുകോലായി കാണുന്നില്ല. അതുകൊണ്ട് തന്നെ ഈ ഗോത്രത്തിൽ ആർക്കും 'പ്രായം' എന്നൊന്നില്ല. ഇവർ ജന്മദിനങ്ങൾ ആഘോഷിക്കാറില്ല. പകരം, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇവർ സ്വന്തം പേര് മാറ്റിക്കൊണ്ടിരിക്കും. ഒരു കുട്ടി ജനിക്കുമ്പോൾ വീട്ടിലെ മുതിർന്ന ആൾ തന്റെ പേര് ആ കുട്ടിക്ക് നൽകുകയും തനിക്ക് പുതിയൊരു പേര് സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പേര് മാറുന്നതിലൂടെയാണ് ഒരാളുടെ ജീവിതത്തിലെ മാറ്റങ്ങൾ സമൂഹം തിരിച്ചറിയുന്നത്. ക്ലോക്കിന് പകരം സൂര്യോദയവും അസ്തമയവും, കലണ്ടറിന് പകരം മഴക്കാലവും വേനൽക്കാലവും നോക്കിയാണ് ഇവരുടെ ദൈനംദിന ജീവിതം ക്രമീകരിച്ചിരിക്കുന്നത്.

1986 -ൽ മാത്രമാണ് പുറംലോകം ഈ ഗോത്രത്തെക്കുറിച്ച് അറിയുന്നത്. നിലവിൽ ഏകദേശം 150 -ഓളം അംഗങ്ങൾ മാത്രമുള്ള ഈ ചെറിയ ഗോത്രം ഇന്ന് പല വെല്ലുവിളികളും നേരിടുന്നുണ്ട്. സർക്കാർ തിരിച്ചറിയൽ രേഖകൾ തയ്യാറാക്കുമ്പോൾ ഇവർക്ക് ജനനത്തീയതി ഇല്ലാത്തത് ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നു. സർക്കാർ സംവിധാനങ്ങളുമായി ഇടപഴകുന്നതിനായി ഇവരെ പോർച്ചുഗീസ് ഭാഷ പഠിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് ഇവരുടെ തനതായ ഭാഷയും സമയ സങ്കല്പമില്ലാത്ത സംസ്കാരവും ക്രമേണ ഇല്ലാതാക്കുമോ എന്ന ആശങ്കയ്ക്ക് കാരണമാകുന്നു. വേട്ടയാടിയും മീൻപിടിച്ചും കൃഷി ചെയ്തും ജീവിക്കുന്ന ഇവരുടെ നിലനിൽപ്പിന് വനനശീകരണവും പുറമെ നിന്നുള്ള രോഗങ്ങളും വലിയ ഭീഷണിയാണ്.

 

PREV
Read more Articles on
click me!

Recommended Stories

ശത്രുക്കളെ 'ചെരുപ്പുകൊണ്ട് തല്ലി' ഓടിക്കാം! ഹോങ്കോങ്ങിലെ വിചിത്രമായ ആചാരത്തെക്കുറിച്ച് അറിയാമോ?
മടങ്ങാന്‍ മറന്നുപോയവരുടെ കല്ലറകള്‍; അതിലൊന്നില്‍ അവള്‍, എലനോര്‍ ഇസബെല്‍ മേയ്..