
സംഗീത ലോകം കാത്തിരുന്ന നിമിഷം. ആഗോള കെ-പോപ്പ് സംഗീത ലോകത്തെ കിരീടം വെക്കാത്ത രാജാക്കന്മാരായ ബിടിഎസ് തിരിച്ചു വരുന്നു, നിർബന്ധിത സൈനിക സേവനത്തിന് ശേഷം ഏഴ് അംഗങ്ങളും ഒരുമിച്ച് അണിനിരക്കുന്ന പുതിയ ആൽബം 2026 മാർച്ച് അവസാനത്തോടെ റിലീസ് ചെയ്യുമെന്ന് ഗ്രൂപ്പ് ലീഡർ ആർ.എം. ഔദ്യോഗികമായി അറിയിച്ചു. തങ്ങളുടെ അടുത്ത സംഗീത പ്രോജക്റ്റിന്റെ തീയതി ആദ്യമായിട്ടാണ് ബിടിഎസ്സ് ഇത്രയും കൃത്യമായി പുറത്തുവിടുന്നത്.
പുതിയ ആൽബത്തിനായുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണെന്ന് ആർ.എം. പറഞ്ഞു. "പുതിയ പാട്ടുകൾ ഒരുക്കുന്നു, കവർ ഫോട്ടോകൾക്ക് വേണ്ടി ചിത്രീകരണം നടത്തുന്നു, കൂടാതെ മ്യൂസിക് വീഡിയോ ഷൂട്ടിങ്ങിനായുള്ള പ്ലാനുകളും സജീവമാണ്. മാർച്ച് അവസാനമാണ് താൽക്കാലിക റിലീസ് ഷെഡ്യൂൾ എന്നായിരുന്നു ആർ.എം വൃക്തമാക്കിയാത്.
ഒക്ടോബർ 15-ന് സോളിൽ വെച്ച് നടന്ന 'ഡബ്ല്യു കൊറിയയുടെ' 'ലവ് യുവർ ഡബ്ല്യു ബ്രസ്റ്റ് കാൻസർ അവയർനസ്സ്' പരിപാടിക്കിടെ സംസാരിക്കുമ്പോഴയിരുന്നു പ്രഖ്യാപനം. ആർ.എമ്മിനൊപ്പം സഹാംഗങ്ങളായ ജെ-ഹോപ്പും വി-യും വേദിയിൽ ഉണ്ടായിരുന്നു.
ബിടിഎസ്സിന്റെ വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യമുയർന്നപ്പോഴാണ്, ഗ്രൂപ്പിന്റെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിനെക്കുറിച്ച് ആർ.എം. വിവരങ്ങൾ പങ്കുവെച്ചത്. ഇതോടെ 2026-ലെ ഏറ്റവും വലിയ സംഗീത ഇവന്റുകളിൽ ഒന്നായി ബിടിഎസ്സിന്റെ ഈ 'സ്പ്രിങ് കംബാക്ക്' മാറുമെന്ന് ഉറപ്പായി.
തിരിച്ചുവരവിന് മുന്നോടിയായുള്ള തന്റെ വ്യക്തിപരമായ ലക്ഷ്യങ്ങളെക്കുറിച്ചും ആർ.എം. ഈ വേദിയിൽ പറഞ്ഞു. ആൽബത്തിൻ്റെ റിലീസിനു മുൻപ് തന്റെ നൃത്തപാടവം മെച്ചപ്പെടുത്താനാണ് താൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇതിനിടെ ഗ്രൂപ്പിലെ മികച്ച നൃത്തകനായ ജെ-ഹോപ്പ് കളിയാക്കി സംസരിച്ചുകൊണ്ട് ഉടൻ തന്നെ പരിശീലനം തുടങ്ങാൻ പറഞ്ഞു. ഇതിന് മറുപടിയായി അടുത്ത വർഷം മാർച്ച് അവസാനത്തോടെ തന്റെ നൃത്തച്ചുവടുകൾ ആരാധകർക്ക് കാണാനാകും എന്നായിരുന്നു ആർ.എം പറഞ്ഞത്.
വേദിയെ കൂടുതൽ ആവേശത്തിലാക്കിക്കൊണ്ട് വി- നൃത്തം ചെയ്യുകയും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആർ.എമ്മിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബിടിഎസ്സ് അംഗമായ ജങ്കൂക്ക് ലൈവ്സ്ട്രീമിലുടെ 'Love you dude' എന്ന സന്ദേശവുമായി വന്ന് പരിപാടിയിൽ തന്റെ പിന്തുണ അറിയിച്ചു.
റെക്കോർഡിംഗ്, വിഷ്വൽ പ്രൊഡക്ഷൻ, കൊറിയോഗ്രാഫി എന്നിവയുടെ ഒരുക്കങ്ങൾ മുന്നോട്ട് പോവുകയാണ്. ഇതോടെ ബിടിഎസ്സ് പൂർണ്ണമായ ഊർജ്ജസ്വലതയോടെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് വ്യക്തമായി. മാർച്ച് അവസാനത്തെ റിലീസ് തീയതി സ്ഥിരീകരിച്ചതോടെ ആരാധകരുടെ ആകാംക്ഷ ഇരട്ടിച്ചിരിക്കുകയാണ്.