Ukraine War : യുക്രൈന്‍ ഇപ്പോള്‍ പഴയ നാടല്ല, മരണംപതുങ്ങിയിരിക്കുന്ന ഒരു കെണി!

By Ambili PFirst Published Jul 19, 2022, 2:40 PM IST
Highlights

ഇനിയും അവസാനിക്കാതെ തുടരുന്ന റഷ്യ -യുക്രൈന്‍ യുദ്ധവും അന്തമില്ലാത്ത നാശനഷ്ടങ്ങളാണ് ഒരു ജനതയ്ക്കുണ്ടാക്കുന്നത്- അമ്പിളി പി എഴുതുന്നു

ആയിരത്തിലധികം കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന യുക്രൈന്‍ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങി, യുദ്ധഭൂമിയായി മാറിക്കഴിഞ്ഞു. യുദ്ധാനന്തരം റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമുള്ള കയറ്റുമതി  നിലച്ച മട്ടാണ്. 20 ദശലക്ഷം ടണിലധികം ധാന്യങ്ങള്‍ യുക്രൈനിലെ വിവിധ വയര്‍ ഹൗസുകളിലും കണ്ടെയ്നറുകളിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. യുദ്ധത്തില്‍ മരിച്ചുവീണ മനുഷ്യരുടെ കണക്കെടുത്താല്‍ എത്രയോ ചെറുതാണ് ഈ കൃഷിനാശം.

 

 

അനാഥത്വം, അഭയാര്‍ത്ഥികള്‍, കൂട്ടമരണം. മനുഷ്യന്റെ ജീവനും ജീവിതവും തകര്‍ത്തുകൊണ്ടാണ് ഓരോ യുദ്ധവും അവസാനിക്കുന്നത്. ഒരു യുദ്ധവും നന്മ ബാക്കിയാക്കിയതായി ചരിത്രമില്ല. ഇനിയും അവസാനിക്കാതെ തുടരുന്ന റഷ്യ -യുക്രൈന്‍ യുദ്ധവും അന്തമില്ലാത്ത നാശനഷ്ടങ്ങളാണ് ഒരു ജനതയ്ക്കുണ്ടാക്കുന്നത്.

പ്രത്യേക സൈനികനീക്കമെന്ന് വ്‌ലാദിമിര്‍ പുടിന്‍ പേരിട്ടുവിളിച്ച യുദ്ധം തുടങ്ങും മുന്‍പ് യൂറോപ്പിന്റെ ബ്രഡ് ബാസ്‌കറ്റ് എന്ന പേരിന് യുക്രൈന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹമായിരുന്നു. കറുത്ത ഫലഭൂയിഷ്ടമായ മണ്ണും വിശാലമായ ഗോതമ്പുപാടങ്ങളും സൂര്യകാന്തിയും ഉരുളക്കിഴങ്ങും ചോളവും. ലോകത്തിനാവശ്യമായ ഗോതമ്പിന്റെ നാലിലൊന്നും വിളഞ്ഞിരുന്നത് യുക്രൈനിലെ പാടങ്ങളിലായിരുന്നു. ലോകത്തെ എട്ടാമത്തെ ഏറ്റവും വലിയ ചോളം ഉത്പാദകരും യുക്രൈന്‍ തന്നെയായിരുന്നു. യുദ്ധത്തിന് മുമ്പുള്ള എട്ട് മാസങ്ങളിലായി കരിങ്കടല്‍ തുറമുഖം വഴി മാത്രം ഏകദേശം 50 ദശലക്ഷം ടണ്‍ ധാന്യങ്ങള്‍ കയറ്റി അയച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

ഇന്ത്യയടക്കം മിക്ക രാഷ്ട്രങ്ങളും ഉപയോഗിക്കുന്ന സണ്‍ഫ്‌ളവര്‍ ഓയിലിന്റെ ഏറ്റവും വലിയ വിതരണക്കാരും യുക്രൈനായിരുന്നു. റഷ്യയായിരുന്നു രണ്ടാം സ്ഥാനത്ത്. ആഗോള ഉപഭോഗത്തിന് ആവശ്യമായ സണ്‍ഫ്‌ളവര്‍ ഓയിലിന്റെ 60 ശതമാനവും റഷ്യയും യുക്രൈനും ചേര്‍ന്നായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

2022 ഫെബ്രുവരി 24 -ന് മുന്‍പുള്ള കണക്കുകളാണിതെല്ലാം.

ആദ്യമിസൈല്‍ യുക്രൈനില്‍ വന്ന്  പതിക്കും വരെ മാത്രമായിരുന്നു ഈ കാര്‍ഷിക പെരുമ. 5 മാസങ്ങള്‍ക്കിപ്പുറം യുക്രൈന്റെ കൃഷിയിടങ്ങളുടെ സ്ഥിതിയെന്താണ്?

ഡോണസ്‌ക് മേഖലയിലെ ഒരു ഗോതമ്പുപാടമാകെ നിന്ന് കത്തുകയാണ്. റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ വിളവെടുക്കാന്‍ പാകമായ ഏക്കറുകണക്കിന് ഗോതമ്പുപാടം കത്തി നശിച്ചു.

'ഇത് ഞങ്ങളുടെ വിളവാണ്, റഷ്യക്കാര്‍ ഇത് കത്തിച്ചുകളഞ്ഞു, ഞങ്ങള്‍ക്കിത് വിളവെടുക്കാന്‍ കഴിഞ്ഞില്ല.' കത്തിക്കരിഞ്ഞ പാടത്ത് നിന്ന് ഗോതമ്പിന്‍ കതിരുകള്‍ കയ്യിലെടുത്ത് രോഷത്തോടെ സംസാരിക്കുന്നത് ഒരു കര്‍ഷകനല്ല, യുക്രൈനിയന്‍ പട്ടാളക്കാരന്റേതാണ് ഈ വാക്കുകള്‍, ഈ രോഷം, ഈ സങ്കടം. 

 

ഒരുമാസമായി വയലുകളില്‍ നിരന്തരം ഷെല്ലുകള്‍ പതിച്ചുകൊണ്ടേയിരിക്കുന്നു. യുക്രൈനിലെ കര്‍ഷകര്‍ക്ക് ഈ തീയും പുകയും വെടിയുണ്ടയും മിസൈലുമെല്ലാം ശീലമായിക്കഴിഞ്ഞു.

ആയിരത്തിലധികം കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന യുക്രൈന്‍ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങി, യുദ്ധഭൂമിയായി മാറിക്കഴിഞ്ഞു. യുദ്ധാനന്തരം റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമുള്ള കയറ്റുമതി  നിലച്ച മട്ടാണ്. 20 ദശലക്ഷം ടണിലധികം ധാന്യങ്ങള്‍ യുക്രൈനിലെ വിവിധ വയര്‍ ഹൗസുകളിലും കണ്ടെയ്നറുകളിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. യുദ്ധത്തില്‍ മരിച്ചുവീണ മനുഷ്യരുടെ കണക്കെടുത്താല്‍ എത്രയോ ചെറുതാണ് ഈ കൃഷിനാശം.

എങ്കിലും അനാഥരായ, അഭയാര്‍ത്ഥികളായ യുക്രൈന്‍ ജനതക്ക് അല്‍പം പ്രത്യാശ ബാക്കിയുണ്ടാകും. യുദ്ധമവസാനിക്കും, വീണ്ടും യുക്രൈന്‍ ഭൂമിയില്‍ സമാധാനത്തിന്റെ പച്ചനാമ്പുകള്‍ മുളയ്ക്കുമെന്നൊരു പ്രത്യാശ.
 

click me!