മുത്തശ്ശിക്കഥകളിലേത് പോലെ മനോഹരം ഈ ​ഗ്രാമം, വാഹനങ്ങളുടെ ഹോണടികളില്ല, ബഹളങ്ങളില്ല...

By Web TeamFirst Published May 8, 2021, 9:36 AM IST
Highlights

സുന്ദരമായ തടാകങ്ങളും, പൂക്കളും, മരപ്പാലങ്ങളുമുള്ള ഇവിടെ ജനസംഖ്യ കുറവാണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. മൂവായിരത്തിനടുത്ത് ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. 

നഗരത്തിന്റെതായ ബഹളങ്ങളിൽ നിന്ന് അകന്ന്, പച്ചപ്പിൽ പുതച്ചു നിൽക്കുന്ന ഒരു ഗ്രാമമാണ് ഗീതോൺ. നെതർലൻഡിലെ ആംസ്റ്റർഡാമിൽ നിന്ന് 120 കി.മീ അകലെയായിട്ടാണ് ഈ സ്വപ്നഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ വണ്ടികളുടെ ഹോണടികളോ, ഇരപ്പോ, ബഹളങ്ങളോ, ട്രാഫിക് ബ്ലോക്കോ ഒന്നും തന്നെയില്ല. അതിന് കാരണം മറ്റൊന്നുമല്ല, ഇവിടെ ആളുകൾ സൈക്കിളൊഴികെ റോഡിലൂടെ ഓടുന്ന വാഹനങ്ങളൊന്നും തന്നെ ഉപയോ​ഗിക്കുന്നില്ല എന്നത് തന്നെ. പിന്നെ ആളുകൾ എങ്ങനെയാണ് യാത്ര ചെയ്യുന്നതെന്ന് ചോദിച്ചാൽ, ബോട്ടുകളിലും, സൈക്കിളിലും, നടന്നും ഒക്കെയാണ് അവിടത്തെ ജനങ്ങൾ യാത്ര ചെയ്യുന്നത്. എത്രയോ കാലമായി അവർ ഈ ശീലം പിന്തുടരുന്നു. 'സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം' എന്നൊക്കെ കേട്ടിട്ടില്ലേ അതുപോലൊരു ഗ്രാമം.  

എപ്പോഴും കിളികളുടെ സം​ഗീതം കേൾക്കുന്ന, മരങ്ങളുടെ പച്ചപ്പ് സ്വാ​ഗതമോതുന്ന അവിടെ ശബ്ദ മലിനീകരണവും, വായു മലിനീകരണവും വളരെ കുറവാണ്. ഗ്രാമത്തിന്റെ വെബ്‌സൈറ്റ് പോലും പറയുന്നത് പോലും, 'സാധാരണയായി ഇവിടെ കേൾക്കാനാകുന്ന ഏറ്റവും വലിയ ശബ്ദം താറാവിന്റെയോ, മറ്റ് പക്ഷികളുടെയോ ആണ്' എന്നാണ്. മിക്ക വീടുകളുടെ മുന്നിലും റോഡുകൾക്ക് പകരം കനാലുകളാണ് ഉള്ളത്. അതിലൂടെയാണ് ബോട്ടുകൾ പോകുന്നത്. ഇത് കൂടാതെ കനലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ 176 പാലങ്ങളുമുണ്ട്. നമ്മൾ മുത്തശ്ശി കഥകളിൽ മാത്രം കേട്ടിട്ടുള്ളതിന് സമാനമായ ഈ മനോഹര ഗ്രാമം 'വെനീസ് ഓഫ് നെതർലാന്റ്സ്' എന്നും അറിയപ്പെടുന്നു.

സുന്ദരമായ തടാകങ്ങളും, പൂക്കളും, മരപ്പാലങ്ങളുമുള്ള ഇവിടെ ജനസംഖ്യ കുറവാണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. മൂവായിരത്തിനടുത്ത് ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ശബ്‌ദമില്ലാത്ത എഞ്ചിനുകളുള്ള 'വിസ്‌പർ ബോട്ടുകൾ' ആണ് ഏറ്റവും സാധാരണയായി ഇവിടെ ഉപയോഗിക്കുന്ന ഗതാഗത മാർഗം. അത് കൂടാതെ, മുളകൾ കൊണ്ട് തീർത്ത കാനോയും ഒരു പ്രധാന ഗതാഗത മാർ​ഗം തന്നെ. സുസ്ഥിരവും പരിസ്ഥിതി സൗഹാർദ്ദപരവുമായ ജീവിതമാണ് അവിടെ. രാജ്യത്തിന്റെ പതിവ് സവിശേഷതയായ കാറ്റാടിയന്ത്രങ്ങളും അവിടെ കാണാം.

വിശാലമായ പ്രകൃതി സംരക്ഷണ കേന്ദ്രമായ വെരിറിബെൻ-വീഡൻ ദേശീയ ഉദ്യാനത്തിനിടയിലാണ് ഗീതോൺ സ്ഥിതി ചെയ്യുന്നത്. അത് 1230 -ലാണ് സ്ഥാപിതമായത്. പതിമൂന്നാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് ആദ്യമായി താമസമാക്കിയ ഫ്രാൻസിസ്കൻ സന്യാസിമാർ ചതുപ്പുകളിൽ മാത്രം കണ്ടുവരുന്ന ഒരിനം കൽക്കരി അവിടെ കണ്ടെത്തുകയും അത് പുറത്തെടുക്കാൻ ആഴത്തിൽ കുഴിയെടുക്കുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ കുഴികൾ കനാലുകളായി മാറി. റോഡുകളില്ലാത്ത ഈ നെതർലാൻഡ് ഗ്രാമം 1958 -ൽ ഡച്ച് ചലച്ചിത്ര നിർമ്മാതാവ് ബെർട്ട് ഹാൻസ്ട്രാ നിർമ്മിച്ച 'ഫാൻ‌ഫെയർ' എന്ന സിനിമയിൽ പ്രത്യക്ഷപ്പെടുകയും ലോകമെമ്പാടും അംഗീകാരം നേടുകയും ചെയ്‍തിട്ടുണ്ട്. നേരത്തെ, നടന്നു തന്നെയായിരുന്നു ഇവിടെ എല്ലാവരും എല്ലായിടത്തും എത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ അത് കുറെയൊക്കെ മാറി വരുന്നു.

ഗീതോണിലെ പല നിവാസികളും സ്വകാര്യ ദ്വീപുകളിലാണ് താമസിക്കുന്നത്. പഴയ കാലഘട്ടത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഈ ഗ്രാമം. ഈ സ്ഥലം വിനോദ സഞ്ചാരികൾക്കിടയിൽ വളരെ പ്രസിദ്ധമാണ്. എപ്പോഴും സഞ്ചാരികളെ സ്വീകരിക്കുന്ന ഇവിടേയ്ക്ക് വരുമ്പോൾ കാറുകൾ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് പാർക്ക് ചെയ്തിട്ട് വേണം വരാൻ. ചൈനയിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ഇവിടെ എത്തുന്നത്. ഈ സുന്ദരമായ ഗ്രാമത്തിന്റെ ലളിതമായ ജീവിതം ആസ്വദിക്കാൻ പ്രതിവർഷം 200,000 ചൈനീസ് വിനോദ സഞ്ചാരികളാണ് അവിടെ എത്തുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!