Latest Videos

അവധിയിലിരിക്കുന്ന ജീവനക്കാരനെ വിളിക്കുകയോ മെസേജയക്കുകയോ ചെയ്താൽ ഒരുലക്ഷം പിഴ!

By Web TeamFirst Published Dec 29, 2022, 8:28 AM IST
Highlights

കുടുംബത്തിന്റെയോ പ്രിയപ്പെട്ടവരുടെയോ കൂടെ സമയം ചെലവഴിക്കുന്നത് അല്ലെങ്കിൽ പൂർണമായും വിശ്രമിക്കുന്നത് പൊതുവെ ആളുകളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും പ്രൊഡക്ടിവിറ്റി കൂട്ടുകയും ചെയ്യുമെന്നും കമ്പനി വിശ്വസിക്കുന്നു.

ജോലി ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ഏറ്റവും ദേഷ്യം വരുന്ന കാര്യമാണ് ലീവെടുത്തിരിക്കുമ്പോൾ ഓഫീസിൽ നിന്നും എന്തെങ്കിലും ആവശ്യം പറഞ്ഞ് ആരെങ്കിലും വിളിക്കുകയോ മെസേജയക്കുകയോ മെയിലയക്കുകയോ ഒക്കെ ചെയ്യുന്നത്. ലീവെടുത്ത് വീട്ടുകാർക്കൊപ്പം യാത്ര പോവുകയോ അവധി ആഘോഷിക്കുകയോ ഒക്കെ ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ആകെ രസം പോവാൻ ചിലപ്പോൾ അത് മതിയാവും. പക്ഷേ, എന്ത് ചെയ്യാനാവും പല ജോലിയുടെയും സ്വഭാവം അതാണ്. 

എന്നാൽ, ഇപ്പോൾ‌ ഒരു ഇന്ത്യൻ കമ്പനി ഇക്കാര്യത്തിൽ വളരെ വ്യത്യസ്തമായ ഒരു നയം കൈക്കൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, ഡ്രീം 11 എന്നറിയപ്പെടുന്ന ഫാന്റസി സ്‌പോർട്‌സ് ഇന്ത്യൻ വെബ്‌സൈറ്റാണ് "ഡ്രീം 11 അൺപ്ലഗ്" എന്ന പേരിൽ ഒരു നയം ഉണ്ടാക്കിയിരിക്കുന്നത്. 

ഇത് പ്രകാരം ഒരു ജീവനക്കാരന് ഒരാഴ്ച വരെ ജോലിയുമായി ബന്ധപ്പെട്ട എല്ലാത്തിൽ നിന്നും മുഴുവനായും മാറി നിൽക്കാം. ഇതിൽ ഫോൺ കോളുകൾ, ഇമെയിലുകൾ, വാട്ട്സാപ്പ് ഗ്രൂപ്പുകൾ, സ്ലാക്ക്, ഗ്രൂപ്പ് ചാറ്റുകൾ തുടങ്ങി ഇന്ന് നമ്മെ കുടുക്കിയിടുന്ന എല്ലാം ഉൾപ്പെടുന്നു.

ലിങ്ക്ഡ്ഇ‍ന്നിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിലാണ് കമ്പനി തങ്ങളുടെ നയങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അതിൽ പറയുന്നത് ജീവനക്കാരുടെ ലീവ് ഒരു തരത്തിലും മോശമാവുന്ന അവസ്ഥ വരരുത് എന്നാണ്. കുടുംബത്തിന്റെയോ പ്രിയപ്പെട്ടവരുടെയോ കൂടെ സമയം ചെലവഴിക്കുന്നത് അല്ലെങ്കിൽ പൂർണമായും വിശ്രമിക്കുന്നത് പൊതുവെ ആളുകളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും പ്രൊഡക്ടിവിറ്റി കൂട്ടുകയും ചെയ്യുമെന്നും കമ്പനി വിശ്വസിക്കുന്നു.

അതുപോലെ തന്നെ ഡ്രീം 11 -ന്റെ സഹസ്ഥാപകരായ ഹർഷ് ജെയിൻ, ഭവിത് സേത്ത് എന്നിവർ വേറൊരു കാര്യം കൂടി ഇതോടൊപ്പം കൂട്ടിച്ചേർത്തു. ഏതെങ്കിലും ജീവനക്കാരൻ ഇതുപോലെ അവധിയിലായിരിക്കുന്ന ആളെ വിളിച്ചാൽ ആ വിളിച്ചയാൾക്ക് കമ്പനി ഒരു ലക്ഷം രൂപ പിഴ ചുമത്തും എന്നാണ് പറഞ്ഞിരിക്കുന്നത്. സിഇഒ മുതൽ താഴോട്ടുള്ള ഏതൊരു ജീവനക്കാരനും ഇങ്ങനെ അവധി ആഘോഷിക്കാവുന്നതാണ്. 

tags
click me!