Asianet News MalayalamAsianet News Malayalam

ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!

മുത്തപ്പന്മാര്‍ അഞ്ചെന്നാണ് ചൊല്ല്. പുരളിമല മുത്തപ്പൻ അഥവാ തിരുവപ്പന. പിന്നെ നമ്പലമുത്തപ്പൻ, പുതിയ മുത്തപ്പൻ, പുറങ്കാല മുത്തപ്പൻ, നാടുവാഴി മുത്തപ്പൻ എന്നിങ്ങനെ അയ്‍വര്‍ മുത്തപ്പന്മാര്‍. വടക്കൻ കേരളത്തിലെ മടപ്പുരകളിലും പൊടിക്കളങ്ങളിലുമൊക്കെയായി ഇവരില്‍ പലരെയും കെട്ടിയാടിക്കപ്പെടുന്നു. എന്നാല്‍ ഇതൊന്നുമല്ലാത്തൊരു മുത്തപ്പനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. അതാണ് വെള്ളമുത്തപ്പൻ. 

Story Of Vellamuthappan Or Anthithira By Karimpala Community
Author
First Published Nov 7, 2022, 8:17 PM IST

താണൊരു ഒടയും എകര്‍ന്നൊരു മുടിയും ഇല്ലാത്തൊരു ദൈവം. കണ്ടാല്‍ കണ്ണിനു പൊരുത്തവും കേട്ടാല്‍ കാതിന് ഇമ്പവും കുറയും. പക്ഷേ തികച്ചും ജനകീയനാണ് ഈ ദൈവം. പറഞ്ഞുവരുന്നത് മറ്റാരെക്കുറിച്ചുമല്ല, സാക്ഷാല്‍ മുത്തപ്പ ദൈവത്തെക്കുറിച്ചു തന്നെയാണ്. ദത്തതൊന്ന്, പെറ്റതൊന്ന്, ഒക്കത്തെടുത്തതൊന്ന്, മുൻകൈയ്യേ പിടിച്ചതൊന്ന് എന്ന വകഭേദങ്ങള്‍ ഒന്നുമില്ലാത്ത ഒരു ദൈവം. വന്നവനെ മടക്കേണ്ടെന്നും പോന്നവനെ വിളിക്കേണ്ടെന്നും ചൊല്ലുന്ന ദൈവം. പെരിയവനെന്ന ഭയവും എളിയവനെന്ന നിന്ദയും ഇല്ലാത്ത ദൈവം. 

പൂര്‍വ്വികാരാധനയുമായി ബന്ധപ്പെട്ട് കിടക്കുന്നു വടക്കൻ കേരളത്തിലെ മുത്തപ്പൻ ആരാധനയുടെ അടിവേര്. മുത്തപ്പന്മാര്‍ അഞ്ചെന്നാണ് ചൊല്ല്. പുരളിമല മുത്തപ്പൻ അഥവാ തിരുവപ്പന. പിന്നെ നമ്പലമുത്തപ്പൻ, പുതിയ മുത്തപ്പൻ, പുറങ്കാല മുത്തപ്പൻ, നാടുവാഴി മുത്തപ്പൻ എന്നിങ്ങനെ അയ്‍വര്‍ മുത്തപ്പന്മാര്‍. വടക്കൻ കേരളത്തിലെ മടപ്പുരകളിലും പൊടിക്കളങ്ങളിലുമൊക്കെയായി ഇവരില്‍ പലരെയും കെട്ടിയാടിക്കപ്പെടുന്നു. എന്നാല്‍ ഇതൊന്നുമല്ലാത്തൊരു മുത്തപ്പനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. അതാണ് വെള്ളമുത്തപ്പൻ. 

തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

കണ്ണൂര്‍ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശളിലാണ് വെള്ളമുത്തപ്പനെ അധികവും കെട്ടിയാടിക്കുന്നത്. അതായത് പ്രാട്ടറ അഥവാ പ്രയാട്ട് കര സ്വരൂപത്തിനും ചുഴലി സ്വരൂപത്തിനും പരധിയില്‍ ഉള്ള മലയോര മേഖലകളിലെ ആദിവാസി സമൂഹമായ കരിമ്പാലര്‍ ഉള്‍പ്പെടെയുള്ള ജനതയാണ് അപൂര്‍വ്വമായ ഈ മുത്തപ്പൻ ആരാധന നടത്തുന്നത്. അന്തിത്തിറ എന്നും കളത്തിൽതിറ എന്നുമൊക്കെ പല പേരുകലില്‍ ഈ പ്രദേശങ്ങളില്‍ ഈ മുത്തപ്പാനുഷ്‍ഠാനം അറിയപ്പെടുന്നു. കഴിഞ്ഞ ദിവസം ആലക്കോട് നടുവിലിലെ  അയ്യപ്പ-വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വെള്ളമുത്തപ്പനെയും കെട്ടിയാടി. കരിമ്പാലര്‍ക്ക് പ്രത്യേക അധികാരമുള്ള ക്ഷേത്രമാണിത്. 

മലകീക്കലും വെള്ളകെട്ട് ചടങ്ങും കഴിഞ്ഞ ശേഷമാണ് വെള്ളമുത്തപ്പന്‍റെ പുറപ്പാട്. മുഖത്തും ശരീരത്തിലും വെളുത്ത നിറമാണ് ഈ മുത്തപ്പന്. മഞ്ഞള്‍പ്പൊടിയുടെ അശം ഒട്ടുമുണ്ടാകില്ല. അതുകൊണ്ടാണ് വെള്ളമുത്തപ്പനെന്ന വിളിപ്പേര്. വളരെ നാടകീയവും രസകരവുമാണ് അന്തിത്തിറ എന്ന ഈ ചടങ്ങ്. നായാട്ടുമായി ബന്ധപ്പെട്ട ചില കഥകള്‍ ഉള്‍പ്പെടെ കനലാടിമാരുമായും വാദ്യക്കാരുമായുയുള്ള നാടകീയമായ സംഭാഷണങ്ങളും മറ്റുമാണ് ഈ അനുഷ്‍ഠാനത്തില്‍ മുഖ്യം. നായാടിക്കിട്ടിയ ചില മൃഗങ്ങളെക്കുറിച്ചുള്ള സൂചനകള്‍ വില്ലുകൊണ്ട് നിലത്ത് ചിത്രം വരച്ചു കാണിക്കും മുത്തപ്പൻ. ചിലപ്പോള്‍ ആഗ്യഭാഷ മാത്രം. കനലാടികള്‍ അതിന്‍റെ രസകരമായ വ്യഖ്യാനം നടത്തും. ചിലപ്പോള്‍ മുത്തപ്പനെ കളിയാക്കും. ദേഷ്യം വരുന്ന മുത്തപ്പൻ അവരോട് വഴക്കിടും. ഓരോരോ പറച്ചിലുകള്‍ക്കും ശേഷം വാദ്യത്തോടൊപ്പമുള്ള മുത്തപ്പന്‍റെ ചുവടുവയ്‍പുകളും അതീവ രസകരമാണ്. തന്‍റെ കിരീടം കോമരത്തിന്‍റെയും മറ്റും തലയില്‍ അണിയിക്കാൻ ശ്രമിക്കുന്ന മുത്തപ്പനെയും ഇവിടെ കാണാം. 

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

വെള്ളമുത്തപ്പൻ പുരളിമല മുത്തപ്പന്‍റെ യൌവ്വനകാലത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നൊരു വാദമുണ്ട്. എന്നാല്‍ അങ്ങനെയല്ല, ഇത് അയ്‍വര് മുത്തപ്പന്മാരില്‍ ഏറ്റവും പഴക്കമുള്ള ആരാധനയായ പുറങ്കാലമുത്തപ്പന്‍റെ മറ്റൊരു അനുഷ്‍ഠാന രീതിയാകാം എന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. പുനം നെല്ല് വിരിയാൻ തുടങ്ങുന്ന കാലത്ത് പണ്ട് കിഴക്കൻ മലയോരത്തെ ജനങ്ങള്‍ പുറങ്കാലമുത്തപ്പനെ കെട്ടിയാടിച്ചിരുന്നു എന്നതാണ് രണ്ടാമത്തെ വാദത്തില്‍ വിശ്വസിക്കുന്നവര്‍ ഇതിന് മുന്നോട്ടുവയ്ക്കുന്ന മുഖ്യ തെളിവ്. ഒരുകാലത്ത് പുനംകൃഷിയില്‍ നിപുണരായിരുന്ന കരിമ്പാലര്‍ ഈ അനുഷ്‍ഠാനം നടത്തുന്നു എന്നതും തെളിവായി ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു. 

ഈ തര്‍ക്കങ്ങള്‍ എന്തൊക്കെയായാലും മലവാസികളുടെ പുരാതന ദൈവമാണ് മുത്തപ്പന്‍ എന്നത് തര്‍ക്കമില്ലാത്ത കാര്യം. ബ്രഹ്മത്തെയെടുത്ത് ഞാൻ ശ്രീപാലാഴിയില്‍ ഒഴുക്കിയെന്ന് പറഞ്ഞുകൊണ്ട്, വൈദികരുടെ ബ്രഹ്‌‍മസങ്കല്‍പ്പത്തെ അടിമുടി നിരാകരിക്കുന്ന മുത്തപ്പന്‍റെ കഥകള്‍ എങ്ങനെയാണ് പറഞ്ഞാല്‍ തീരുക?!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

Follow Us:
Download App:
  • android
  • ios