Asianet News MalayalamAsianet News Malayalam

തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!

കടല്‍ത്തീരത്തെത്തി ആരെയോ സ്വീകരിക്കാനാണ് ആ ഓട്ടം. തീരത്തെത്തിയാല്‍ സന്തോഷത്തോടെ കടലിനു നേരെ കൈകള്‍ വീശും തെയ്യം. പിന്നെ ചില ഉരിയാട്ടങ്ങള്‍. ചില ദേവതകളെ സ്വീകരിക്കാനാണ് ഒരിയരക്കാവ് ക്ഷേത്രത്തിലെ വിഷ്‍ണുമൂര്‍ത്തി കടല്‍ക്കരയിലേക്ക് ഓടുന്നത്. ആ കഥ ഇങ്ങനെ. 

Story Of Theyyam Running To Sea At Oriyarakkavu Sree Vishnu Moorthi Kshethram
Author
First Published Nov 15, 2022, 9:14 PM IST

മേലേരിയില്‍ ഉറഞ്ഞാടിയ ശേഷം കടലിനെ ലക്ഷ്യമാക്കി ഓടുകയാണ് ഈ തീച്ചാമുണ്ഡിത്തെയ്യം. കടല്‍ത്തീരത്തെത്തി ആരെയോ സ്വീകരിക്കാനാണ് ആ ഓട്ടം. തീരത്തെത്തിയാല്‍ സന്തോഷത്തോടെ കടലിനു നേരെ കൈകള്‍ വീശും തെയ്യം. പിന്നെ ചില ഉരിയാട്ടങ്ങള്‍. അധികം വൈകാതെ തിരികെ നടക്കും. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിനടുത്ത മാവിലാക്കടപ്പുറത്തെ ഒരിയരക്കാവ് വിഷ്‍‌ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തോട് അനുബന്ധിച്ചാണ് ഈ വേറിട്ട ചടങ്ങ്.  

മരക്കല ദേവതകളുടെ പുരാവൃത്തങ്ങളാൽ സമ്പന്നമാണ് ഒരിയരക്കാവ്. മരക്കലം എന്നാല്‍ കപ്പല്‍ എന്നര്‍ത്ഥം. ആര്യര്‍ നാട് ഉള്‍പ്പെടെയുള്ള ഇതരനാടുകളില്‍ നിന്നും പണ്ട് , അലയാഴികള്‍ താണ്ടി കപ്പലേറി വന്ന ദേവതകളാണ് തെയ്യപ്രപഞ്ചത്തിലെ മരക്കല ദേവതകള്‍ എന്നറിയപ്പെടുന്നത്. ആരിയപ്പൂമാല അഥവാ പൂമാല ഭഗവതി, ആര്യപ്പൂങ്കന്നി, ചുഴലി ഭഗവതി, ശൂലകുഠാരിയമ്മ, ഉച്ചൂളിക്കടവത്ത് ഭഗവതി, ആയിറ്റി ഭഗവതി, ഭദ്രകാളി, പയ്യക്കാല്‍ ഭഗവതി, പുന്നക്കാല്‍ ഭഗവതി, ആര്യക്കര ഭഗവതി തുടങ്ങിയ തമ്പുരാട്ടിമാരും ആരിയപ്പൂമാരുതൻ, ബപ്പിരിയൻ, വില്ലാപുരത്ത് അസുരാളൻ, വടക്കൻ കോടി വീരൻ തുടങ്ങിയ പുരുഷ ദേവവന്മാരുമൊക്കെ ഇങ്ങനെ കപ്പലേറി വന്നവരാണ്. ഇതില്‍ ചില ദേവതകളെ സ്വീകരിക്കാനാണ് ഒരിയരക്കാവ് ക്ഷേത്രത്തിലെ വിഷ്‍ണുമൂര്‍ത്തി കടല്‍ക്കരയിലേക്ക് ഓടുന്നത്. ആ കഥ ഇങ്ങനെ. 

പണ്ടുപണ്ടൊരുദിനം കൂട്ടുകാരികള്‍ക്കൊപ്പം സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടം കണ്ടാനന്ദിക്കുകയായിരുന്നു ദേവസുന്ദരി ആരിയപ്പൂമാല ദേവി. ദേവസുന്ദരികള്‍ക്ക് പുഷ്‍പങ്ങള്‍ പറിക്കാൻ കൊതിയുദിച്ചു. ദേവമല്ലന്മാര്‍ അതു തടഞ്ഞു. അതിലൊരു മല്ലന്‍റെ സഹായം തേടി ആര്യപ്പൂമാല. ഒരു വിടര്‍ന്ന പൂവിനുള്ളില്‍ വായുരൂപം ധരിച്ചിരിക്കുകയായിരുന്നു ശിവാംശഭൂതനായ ആ ദേവമല്ലൻ. ദേവി അവനെ 'പൂമാരുതാ' എന്നു ഓമനപ്പേരിട്ടു വിളിച്ചു. അങ്ങനെ ആരിയപ്പൂമാലയുടെ ഓമനച്ചങ്ങാതിയും ഓമന സഹോദരനുമായിത്തീര്‍ന്നു ആരിയപ്പൂമാരുതൻ. 

പിന്നെ മേല്‍ലോകത്തു നിന്നും താഴെയിറങ്ങി ആര്യനാട്ടിലെ ആര്യപ്പൂങ്കാവില്‍ എത്തി പൂമാലയും പൂമാരുതനും . അപ്പോള്‍ മലനാട് കാണുവാൻ അവര്‍ക്ക് മോഹമുദിച്ചു. ആര്യരാജാവിന്‍റെ പൊന്മകള്‍ ആരിയപ്പൂങ്കന്നി പൂരവ്രതം അനുഷ്‍ഠിക്കുന്ന കാലമായിരുന്നു അത്.  ഇരുദേവകളും രാജകുമാരിയില്‍ ആവേശിച്ചു അന്നേരം. കവടി നിരന്നു പെട്ടെന്ന്. രാജാവ് കാര്യം ഗ്രഹിച്ചു. വിശ്വകര്‍മ്മാക്കള്‍ രാജസന്നിധിയിലേക്ക് വിളിപ്പിക്കപ്പെട്ടു. വമ്പൻ മരക്കലം ഒന്നുവേണം. രാജാവ് ആവശ്യം പറഞ്ഞു. നൂലും കോലുമെടുത്ത് നേരെ ചന്ദനക്കാവിലേക്ക് പോയി വിശ്വകര്‍മ്മാവ്. ചന്ദനവും കുങ്കുമവും അകിലും നിരന്നു നിന്നിരുന്നു ചന്ദനപ്പൂങ്കാവില്‍. ആവശ്യത്തിന് മുറിച്ച് കപ്പലൊരുക്കി വിശ്വകര്‍മ്മാവ്.  നാല്‍പ്പത്തിയൊന്നു കോല്‍ നീളം, ഇരുപത്തിയൊന്നു കോല്‍ വീതി. പട്ടുതുണി കൊണ്ടായിരുന്നു അകം വിരിച്ചത്. കൊടിതോരണങ്ങളും തൂങ്ങി. മാമലനാടു ലക്ഷ്യമാക്കി പൂമാലയും പൂമാരുതനുമായി കപ്പല്‍ അലയാഴിയിലേക്കിറങ്ങി. 

നൂറ്റിയെട്ട് അഴികളും അലമാലകളും താണ്ടി ചെറുവത്തൂരിലെ ഒരിയര അഴിമുഖത്ത് അടുത്തു ആ മരക്കലം. ഒരിയരക്കാവിന് അധിപനായ വിഷ്‍ണുമൂര്‍ത്തി പൂമാലയെയും പൂമാരുതനെയും ദേവവൃന്ദങ്ങളെയും ഒരിയരക്കാവിലേക്ക് ആനയിച്ചു. ദേവി പൂമാലയെയും പരിവാരങ്ങളെയും ഒരിയരക്കാവിൽ ഇളനീർ നൽകി സ്വീകരിച്ചുവെന്നാണ് ഐതിഹ്യം. ഒരു വ്യാഴവട്ടക്കാലം അവിടെ കുടിയിരുന്നു ദേവി.  കുളങ്ങാട്ട് മലക്ക് അഭിമുഖമായിട്ടായിരുന്നു ആ ഇരിപ്പ്. പിന്നെ കുളങ്ങാട്ട് ശാസ്‍താവിന്‍റെ ദീപപ്രഭ കണ്ട് കുളങ്ങാട്ട് മലയിൽ സ്ഥാനം ചെയ്‍തു. തുടർന്ന് നെല്ലിക്കാതീയ്യൻ തലകാട്ടെകൂറന്‍റെ വെള്ളോലക്കുട ആധാരമായി തലക്കാട്ട് ക്ഷേത്രം, നെല്ലിക്കാൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും കുടിയിരുന്നു. ഒടുവിൽ നിലമംഗലത്ത് അമ്മയുടെ ഇടതുഭാഗം ചേർന്നും ഇരിപ്പിടം തീർത്ത് വാണു ദേവി. 

ഉത്തരകേരളത്തിലെ തീയ്യ സമുദായത്തിലെ നാല് കഴകങ്ങളിൽ പ്രധാന കഴകമായ നെല്ലിക്കാത്തുരുത്തി കഴകത്തിന്‍റെ നാല് കരകളിലൊന്നായ ഒരിയരക്കരയിലാണ് തിരമാലകള്‍ പുണരുന്ന വിഷ്‍ണുമൂര്‍ത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ വർഷവും തുലാം 28, 29 തീയതികളിൽ ഇവിടെ ഒറ്റക്കോല മഹോത്സവം നടക്കും.  വിഷ്‍ണുമൂർത്തി, ഉച്ചൂളികടവത്ത് ഭഗവതി, ആയിറ്റി ഭഗവതി, രക്തചാമുണ്ഡി, ഗുളികൻ തുടങ്ങിയ തെയ്യങ്ങൾ ഇവിടെ കെട്ടിയാടുന്നു. ആരിയപ്പൂമാല ദേവിയും പരിവാരങ്ങളും കടലോരത്ത് വന്നിറങ്ങിയതിന്റെ  ഓര്‍മ്മ പുതുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കടലോരത്ത് വിഷ്‍ണു മൂർത്തിയുടെ ബലിതർപ്പണവും ദേവിയെ സ്വീകരിക്കുന്നതുമായിട്ടുള്ള ചടങ്ങ് നടക്കുന്നത്. മരക്കലമിറങ്ങി  ദേവി ഇരുന്ന സങ്കല്‍പ്പത്തിൽ ദേവിക്കും പൂമാരുതനും കാവിനോട് ചേർന്ന് രണ്ട് തറകളുണ്ട്. 

കര്‍ക്കടക മാസത്തില്‍ ഇവിടെ നടക്കുന്ന ഇളന്നീരഭിഷേകവും ഇളന്നീർ പൊളിക്കൽ ചടങ്ങുകളും പ്രസിദ്ധമാണ്. നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര ആചാരസ്ഥാനികരാണ് ഈ ചടങ്ങ് നടത്തുന്നത്. കർക്കിടക മാസത്തിൽ നെല്ലിക്കാതുരുത്തി  കഴകത്തിലേയും ചിങ്ങമാസത്തിൽ കാടങ്കോട് നെല്ലിക്കൽ അഥവാ പുന്നക്കാല്‍ ഭഗവതി ക്ഷേത്ര ആചാരസ്ഥാനികരും മാവിലാക്കടപ്പുറം ഒരിയരക്കാവ് വിഷ്‍ണുമൂർത്തി ക്ഷേത്രത്തിലെത്തി പൂമാല ദേവിയുടെ ആരുഢ സ്ഥാനത്ത് ഇളനീർ പൊളിക്കൽ ചടങ്ങ് നടത്തുന്നതാണ് രീതി. ആര്യനാട്ടിൽ നിന്നും മരക്കലമേറി വന്ന മരക്കലമേറി വരാൻ സാധിക്കാതിരുന്ന മറ്റു ദേവതമാരെ ഇളനീർ അഭിഷേകം ചെയ്‍ത് പൂമാരുതൻ ദൈവം തൃപ്‍തരാക്കുന്ന ചടങ്ങാണ് ഇളനീർ പൊളിക്കൽ. 

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

 ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!

നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!

കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!

നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!

Follow Us:
Download App:
  • android
  • ios