ജലത്തിലും ആകാശത്തും ഒരേസമയം പ്രത്യക്ഷയായി അമ്മത്തെയ്യം, ഇതാ ഭ്രമിപ്പിക്കും മായക്കാഴ്‍ച!

By Prashobh PrasannanFirst Published Feb 5, 2023, 5:35 PM IST
Highlights

ചിത്രകലയും ശില്‍പ്പകലയും നിഴലും വെളിച്ചവും ശബ്‍ദവും മിത്തും ചരിത്രവുമൊക്കെ സമന്വയിപ്പിച്ച ആഖ്യാനരീതികൊണ്ട് ഭക്തരെ അക്ഷരാര്‍ത്ഥത്തില്‍ ഭ്രമിപ്പിക്കുകയാണ് ജയൻ പാലറ്റ് എന്ന കലാകാരൻ ഒരുക്കിയ ഈ പ്രവേശന കവാടം. 

പയ്യന്നൂര്‍: തലയ്ക്ക് മീതെ എല്ലാം കാണും കിംപുരുഷൻ എന്ന പ്രകൃതി പുത്രൻ. കിം പുരുഷന്‍റെ നാവിന് കീഴിലാണ് ആ ഗുഹാമുഖം. അതിലേക്ക് കയറിയാല്‍ തണുപ്പുവന്നു പൊതിയും. ദ്രാവിഡത്തനിമയാര്‍ന്ന പുരാതന കാലം ചുറ്റും തെളിയും. തെങ്ങോലയും മണ്ണും ചേര്‍ന്ന ചുവരുകള്‍. കുറച്ചുനടന്നാല്‍ കാണാം വഴി നടുവിലൊരു മണിക്കിണര്‍. ഈ മണിക്കിണറിനു തൊട്ടുമുകളില്‍ അതിന്‍റെ അതേ വലിപ്പത്തില്‍ നീലാകാശത്തിന്‍റെ നേരിയ കീറ്. ആകാശക്കീറില്‍ നിന്നും താഴേക്ക് തൂങ്ങിയാടുന്ന ചെക്കിപ്പൂവുകള്‍. അതൊരു അമ്മത്തെയ്യത്തിന്‍റെ തിരുമുടിയാണ്. കീഴ്‍ലോകത്തെ ചെറുമനുഷ്യക്കുഞ്ഞുങ്ങളെ മുകളിലിരുന്ന് നോക്കിക്കാണുന്നത് മറ്റാരുമല്ല, സാക്ഷാല്‍ മുച്ചിലോട്ടമ്മ തന്നെയാണ്. ഇനി താഴെ കിണറിന് അകത്തേക്ക് നോക്കിയാലോ, അതാ ജലപ്പരപ്പില്‍ നിന്നും മുകളിലേക്കു നോക്കുന്നു ഒരു നിഴല്‍രൂപം! തന്‍റെ മംഗലം കൂടാനെത്തിയ ചെറുമക്കളെ കിണറിനു താഴെ  നിന്നും നോക്കുന്നതും മറ്റാരുമല്ല, അതേ മുച്ചിലോട്ടമ്മ തന്നെയാണ്. പയ്യന്നൂര്‍ കോറോം മുച്ചിലോട്ട് കാവിലെ പെരുങ്കളിയാട്ടപ്പറമ്പിന്‍റെ പ്രവേശനകവാടത്തിലാണ് ഈ മായക്കാഴ്‍ചകള്‍. ചിത്രകലയും ശില്‍പ്പകലയും നിഴലും വെളിച്ചവും ശബ്‍ദവും മിത്തും ചരിത്രവുമൊക്കെ സമന്വയിപ്പിച്ച ആഖ്യാനരീതികൊണ്ട് ഭക്തരെ അക്ഷരാര്‍ത്ഥത്തില്‍ ഭ്രമിപ്പിക്കുകയാണ് ജയൻ പാലറ്റ് എന്ന കലാകാരൻ ഒരുക്കിയ ഈ പ്രവേശന കവാടം. 

13 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കോറോം മുച്ചിലോട്ടെ പെരുങ്കളിയാട്ടത്തിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗത്തു നിന്നും ഇങ്ങോട്ട് ഒഴുകിയെത്തുന്ന ആയിരങ്ങളെ അതിശയിപ്പിക്കുകയാണ് മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യവും പഴങ്കഥകളും ഇഴചേര്‍ത്തെടുത്ത് ഈ കവാടം. തീക്കുഴിയില്‍ കുരുത്തവളും കനലില്‍ കളിച്ചുകുളിക്കുന്നവളുമായ മുച്ചിലോട്ടമ്മയുടെ കഥയിലെ മുഖ്യസാനിധ്യമാണ് മണിക്കിണര്‍. അപമാനിതയായി ആത്മഹൂതി ചെയ്‍ത ശേഷം ആയിരക്കോലാഴമുള്ള തീക്കുഴിച്ചാലില്‍ നിന്നും ദേവിയായി പുനര്‍ജ്ജനിച്ച ഉച്ചില എന്ന പെരിഞ്ചല്ലൂരുകാരി കന്യക പണ്ടൊരു നട്ടുച്ച നേരത്താണ് ദാഹം തീര്‍ക്കാൻ മുച്ചിലകോടൻ പടനായരുടെ കിണറ്റിലിറങ്ങിയത്. ഉച്ചനേരത്ത് വെള്ളമെടുക്കാൻ പടനായരുടെ ഭാര്യ പാളക്കുടം താഴ്‍ത്തിയ നേരത്ത് കിണറ്റില്‍ വെട്ടിത്തിളങ്ങുന്ന ദിവ്യതേജസുള്ള ഒരു സ്‍ത്രീ രൂപത്തെ കണ്ടെന്നാണ് ഐതിഹ്യം. 

ഇച്ഛപെരിയ മുച്ചിലകോടൻ പടനാരെ
ഈടുറ്റഴകിയ പടി തന്നിലിതമിരുന്നു
ഉച്ചതിരിഞ്ഞുടൻ ദാഹം  പെരിതാകുമ്പോള്‍ 
ഉന്നിമണിക്കിണറു തന്നിലൊളി വളര്‍ന്നു
നിച്ചല്‍ കുടിക്കും നീരെടുപ്പാനായി വരുന്നേരം 
നീറ്റില്‍ പലവേഷമതു കണ്ടു വഴി മടങ്ങി..

എന്നാണ് തോറ്റം പാട്ടിലെ വരികള്‍. ഈ സങ്കല്‍പ്പത്തിന്‍റെ ഭാഗമായി മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം കിണറിലേക്ക് നോക്കുന്ന ചടങ്ങുണ്ട്. ഇതിനെ അനുസ്‍മരിപ്പിക്കുന്ന ദൃശ്യവിരുന്നാണ് കലാപ്രൗഢി വിളിച്ചോതുന്ന ഈ വേറിട്ട പ്രവേശനകവാടത്തിലൂടെ ജയൻ പാലറ്റും സംഘവും ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങളുടെ മുകളില്‍ കാണുന്നതു പോലെയാണ് ഈ കവാടത്തിനു മുകളിലെ വലിയ കിംപുരുഷരൂപവും. താഴെ ജ്യാമിതീയരൂപങ്ങള്‍ കാണാം. കടുത്ത പീതവർണത്തില്‍ ക്ഷേത്രരൂപ ചിഹ്നങ്ങൾ. മെടഞ്ഞ തെങ്ങോലയിലാണ് മുൻവശം ഒരുക്കിയിരിക്കുന്നത്. അകത്ത് ഗുഹയുടെ മേല്‍‌ക്കൂരയിലും ചുവരുകളിലുമൊക്കെ വേരുകളുടെ രൂപങ്ങളും കാണാം. 

കുഴിയടുപ്പില്‍ അഗ്നി ജ്വലിച്ചു, കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് തുടക്കം

ജയൻ പാലറ്റിന്‍റെ നേതൃത്വത്തില്‍ പതിനൊട്ടോളം കലാകാരന്മാരുടെ 20 ദിവസത്തെ അധ്വാനമാണ് ഈ മായികലോകം. രണ്ട് മാസത്തോളം ഗൃഹപാഠം ചെയ്‍ത ശേഷമായിരുന്നു നിര്‍മ്മാണം. ഇതിനായി പുതിയൊരു കിണര്‍ കുഴിച്ചു. തുടര്‍ന്ന് പരമ്പരാഗത രീതിയില്‍ കല്ലുകെട്ടിയ ശേഷം അതില്‍ ജലം നിറയ്ക്കുകയായിരുന്നു. പ്രധാനമായും തെങ്ങോല, ചണച്ചാക്കുകള്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, വെട്ടുകല്ലുകള്‍ തുടങ്ങിയവയാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 

വെളിച്ചത്തിന്‍റെയും ശബ്‍ദത്തിന്‍റെയും അനന്ത സാധ്യതകള്‍ ഉപയോഗിച്ചാണ് നിഴലും നിലാവും ഇഴചേർന്നുകിടക്കുന്ന ഈ മായികലോകം സൃഷ്‍ടിച്ചിരിക്കുന്നത്. ഗുഹയിലേക്ക് ഊറിവരുന്ന പ്രകാശ കണികകള്‍ സൃഷ്‍ടിക്കുന്ന ദൃശ്യഭ്രമങ്ങള്‍ ആകാശത്തുനിന്നും പറന്നിറങ്ങുന്ന ഒരു അലൗകീകരൂപമായി ഭക്തര്‍ക്ക് അനുഭവപ്പെടും. ചെറുമനുഷ്യരുടെ തലയ്ക്ക് മുകളില്‍ നിന്നും പാതാളക്കുഴിയില്‍ നിന്നും ഒരേസമയം അവരെ നോക്കിക്കൊണ്ടിരിക്കുന്ന അമ്മത്തെയ്യത്തിലൂടെ സൃഷ്‍ടിച്ചെടുത്തിരിക്കുന്നത് കല്ലില്‍ നിന്നിറങ്ങി മനുഷ്യരുടെ ഒപ്പമാടുന്ന തെയ്യം എന്ന അനുഷ്‍ഠാനകലയുടെ അന്തസത്തയെ തന്നെയാണ്. ഒപ്പം പ്രകൃതിയും മനുഷ്യനും ഒന്നാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍. തായ്‍മരത്തിന്‍റെ വേരും തണ്ടും തടിയും നീയാണെന്നു മാത്രമല്ല അതിന്‍റെ ചുവട്ടിലെ വളമായിത്തീരുന്നതും നീ തന്നെയാണെന്ന ചിന്ത.  അതായത്  ഒരേസമയം ക്ഷണികവും അനശ്വരവുമാകുന്ന നിലനില്‍പ്പിന്‍റെ മാന്ത്രികതയുമൊക്കെ ഈ കലാരൂപം മനുഷ്യ ബോധത്തില്‍ നിറയ്ക്കുന്നു.

ജയൻ പാലറ്റ്

ഒരു മണിക്കിണര്‍ ഭൂമിയുടെ നടുഭേദിച്ചാല്‍ എങ്ങനെയായിരിക്കും താഴോട്ടും മുകളിലോട്ടുമുള്ള കാഴ്‍ച എന്ന ചിന്തയില്‍ നിന്നാണ് ഈ സൃഷ്‍ടി ഉണ്ടായതെന്ന് ജയൻ പാലറ്റ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  തന്‍റെ മനസില്‍ കണ്ട മണിക്കിണര്‍ പോലെ ഭക്തരും കാണുന്നതില്‍ സന്തോഷമുണ്ടെന്നും പറയുന്ന അദ്ദേഹം ദേവിയുടെ മണിക്കിണര്‍ കാവിന്‍റെ തിരുമുറ്റത്തേതു മാത്രമാണെന്നും അതു മാത്രമാണ് യാതാര്‍ത്ഥ്യമെന്നും ഇതു വെറും കലാസൃഷ്‍ടിയാണെന്നും വ്യക്തമാക്കുന്നു. മൂന്നരപ്പതിറ്റാണ്ടില്‍ അധികമായി ചുവരെഴുത്ത്, സ്‍ക്രീൻ പ്രിന്‍റിംഗ് ഉള്‍പ്പെടെയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജയൻ പാലറ്റ് പയ്യന്നൂരിനടുത്ത വെള്ളൂര്‍ സ്വദേശിയാണ്. 

വീഡിയോ കാണാം

തെയ്യം കഥകള്‍ കേള്‍ക്കണോ? താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യൂ

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

ഉറഞ്ഞാടി കരിഞ്ചാമുണ്ഡി, വാങ്കുവിളിച്ച് നിസ്‍കരിച്ച് മാപ്പിളത്തെയ്യം!

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

 ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!

നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!

കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!

നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!

തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!

മൂന്നാള്‍ കുഴിയില്‍ നിന്നും ഉയിര്‍ത്ത പെണ്‍കരുത്ത്, ചെമ്പും തന്ത്രിമാരെയും കണ്ടാല്‍ അടിയുറപ്പ്!

ചെത്തുകാരന്‍റെ മകൻ വിഷവൈദ്യനായി, വിഷമനസുകള്‍ ചതിച്ചുകൊന്നപ്പോള്‍ തെയ്യവും!

തുണി തല്ലിയലക്കും, നേര്‍ച്ചയായി വസ്‍ത്രങ്ങള്‍; ഇതാ അപൂര്‍വ്വമായൊരു അമ്മത്തെയ്യം!

"നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര, നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര..?" സര്‍വ്വജ്ഞനെ പാഠം പഠിപ്പിച്ച പൊട്ടൻ!

ഇതാ, ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികൻ എന്ന കാവല്‍ക്കാരൻ!

പുഴകടന്ന് അംബുജാക്ഷി താഴെക്കാവിലെത്തി, ദേവക്കൂത്ത് നാളെ

മെസ്സി വിളിച്ചു, മുത്തപ്പൻ കേട്ടു; മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തി ആരാധകര്‍!

കത്തിക്കരിഞ്ഞൊരു കര്‍ഷകൻ തെയ്യമായി പുനര്‍ജ്ജനിച്ച കഥ!

തെയ്യപ്രപഞ്ചത്തിലെ ഏക പെണ്ണുടല്‍, ഇതാ വള്ളിയമ്മയും ദേവക്കൂത്തും!

ആണഹന്ത കുടിച്ചുവറ്റിച്ച് കുന്നിക്കുരു ശോഭയാര്‍ന്ന പെണ്‍കരുത്ത്; ഇതാ രക്തചാമുണ്ഡി!

നടന്നെത്തും ഇടമെല്ലാം നിനക്കെന്ന് പരിഹാസം, ഒറ്റക്കാലുമായി ഒറ്റനിമിഷത്തില്‍ കാതങ്ങള്‍ താണ്ടി കന്യക!

click me!