'ന​ഗരജീവിതം നമുക്ക് പറ്റിയതായിരുന്നില്ല', പ്രകൃതിയിലേക്കൊരു മടക്കം!

By Web TeamFirst Published Jul 13, 2021, 12:01 PM IST
Highlights

തുടക്കത്തിൽ ഒരു സുഹൃത്തിന്റെ ഫാമിൽ താമസിച്ചു. അവിൻ ജോലി ഉപേക്ഷിച്ച് ഫ്രീലാൻസിംഗ് ആരംഭിച്ചു. ഞങ്ങൾ ഒരു വർഷം അവിടെ താമസിച്ചു. എന്തൊരു വർഷമായിരുന്നു അത്! 

ഇന്ന് നമ്മുടെ ജീവിതം വളരെ തിരക്ക് നിറഞ്ഞതാണ്. ഓഫീസ്,വീട്, അതിനിടയിലെ ട്രാഫിക് തുടങ്ങി തിരക്കോട് തിരക്ക്. അതിനിടയിൽ ശരിക്കും ഒന്ന് ജീവിതം ആസ്വദിക്കാൻ പലർക്കും കഴിയാറില്ല. ഇവിടെ ഒരു കുടുംബം ആ ന​ഗരജീവിതം ഉപേക്ഷിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കാൻ പുറപ്പെട്ടതാണ്. ഭക്ഷണത്തിനുള്ളത് സ്വയം നട്ടുണ്ടാക്കി പ്രകൃതിയോട് ചേർന്ന് ഒരു ജീവിതം. ഹ്യുമൻസ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ് വായിക്കാം. 

വളരെ ചെറുപ്പത്തില്‍ തന്നെ എന്നോട് ആരെങ്കിലും എന്‍റെ സ്വപ്നത്തെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ പറയുമായിരുന്നു. എനിക്ക് ഒരു ഫാമില്‍ ജീവിക്കണം എന്ന്. നഗരജീവിതം എനിക്കുള്ളതായിരുന്നില്ല. അതുകൊണ്ട് തന്നെ അവിനെ കണ്ടുമുട്ടിയപ്പോള്‍ നമുക്ക് രണ്ടുപേര്‍ക്കും ഒരേ സ്വപ്നമാണ് എന്ന് എനിക്ക് മനസിലായി. ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ വിവാഹിതരായി. നവദമ്പതികളായ കാരണം തന്നെ നമ്മുടെ ആഗ്രഹം യാത്ര ചെയ്യുക, ഫാംഹൗസ് തുടങ്ങുക എന്നതൊക്കെ ആയിരുന്നു. എന്നാല്‍, വിവാഹിതരായി ഒരുമാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി. അതും ഇരട്ടക്കുട്ടികളായിരുന്നു. കുട്ടികളുണ്ടാകുന്നത് ഞങ്ങളുടെ പദ്ധതിയുടെ ഭാഗമായിരുന്നില്ല, പ്രത്യേകിച്ച് അത്ര നേരത്തെ. അതിനാൽ, ഞങ്ങളുടെ പ്ലാനുകളെല്ലാം മാറ്റേണ്ടി വന്നു. 

അവർക്ക് അഞ്ച് മാസം പ്രായമുള്ളപ്പോൾ, ഉറക്കമില്ലാത്ത രാത്രികളായി തുടങ്ങി. ആകെ അസ്വസ്ഥതയും. എനിക്ക് പ്രകൃതിയിലേക്ക് പോയേ തീരൂ എന്നായി. അങ്ങനെ, ഞങ്ങൾ നാലുപേരും ഞങ്ങളുടെ ആദ്യത്തെ കുടുംബ യാത്ര നടത്തി! ആ യാത്ര ഹ്രസ്വമാണെങ്കിലും നല്ലതായിരുന്നു. കുട്ടികളും അസ്വസ്ഥരല്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി. പിന്നെ ഇടയ്ക്കിടെ ഇങ്ങനെ ഒളിച്ചോട്ടം പോലുള്ള യാത്രകള്‍ ഞങ്ങള്‍ നടത്തി. 

പക്ഷേ, കുട്ടികൾക്ക് രണ്ട് വയസ്സ് തികഞ്ഞപ്പോൾ, സാധാരണ ചോദ്യങ്ങളാരംഭിച്ചു. അവരെ ഏത് സ്കൂളിലാണ് ചേര്‍ക്കുന്നത് തുടങ്ങി ആ ചോദ്യങ്ങള്‍ നീണ്ടു. ഇത്ര ചെറുതിലെ തന്നെ അവര്‍ സമൂഹത്തിന്‍റെ സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായതായി ഞങ്ങള്‍ മനസിലാക്കി. അങ്ങനെ അവരെ എവിടേയും ചേര്‍ക്കേണ്ടതില്ല. ഹോം സ്കൂളിംഗ് മതി എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ, അവര്‍ ആ ജീവിതം ആസ്വദിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് മനസിലായി. ഒരുദിവസം ഞാന്‍ അവിനോട് ചോദിച്ചു, നമ്മള്‍ എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്, 60 വയസുവരെ നാം ജീവിച്ചിരിക്കുമെന്ന് എന്താണുറപ്പ്. അന്ന് അവിന്‍ പറഞ്ഞു, യെസ്, നമുക്ക് നമ്മുടെ ഫാംജീവിതം തുടങ്ങാം. 

തുടക്കത്തിൽ ഒരു സുഹൃത്തിന്റെ ഫാമിൽ താമസിച്ചു. അവിൻ ജോലി ഉപേക്ഷിച്ച് ഫ്രീലാൻസിംഗ് ആരംഭിച്ചു. ഞങ്ങൾ ഒരു വർഷം അവിടെ താമസിച്ചു. എന്തൊരു വർഷമായിരുന്നു അത്! കുട്ടികൾ സൈക്ലിംഗും അടുത്തുള്ള തടാകത്തിൽ കുളിക്കുന്നതും ഇഷ്ടപ്പെട്ടു. ഞങ്ങൾ തിരിച്ചെത്തിയപ്പോൾ അവർ നിരാശരായി. അതിനാൽ, ഞങ്ങൾ വായ്പയെടുത്തു, ഞങ്ങളുടെ സമ്പാദ്യം ഉപയോഗിച്ചു, ഞങ്ങളുടെ ഗ്രാമത്തിലെ സ്ഥലം ഒരു ഫാം ഹൗസാക്കി മാറ്റി. 

കുട്ടികളുടെ ഏഴാം ജന്മദിനത്തിൽ, ഒരു വർഷം മുമ്പ് ഞങ്ങള്‍ അവിടേക്ക് മാറി. ഇത് ഒരു ഓർഗാനിക് ജീവിത രീതിയാണ്- ഞങ്ങൾ സ്വന്തമായി ഭക്ഷണത്തിനുള്ളത് വളർത്തുന്നു, ഒപ്പം ഒരു മണ്‍വീട്ടില്‍ താമസിക്കുന്നു. അവര്‍ പ്രകൃതിയില്‍ നിന്നും പഠിക്കുന്നു. എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്, ‘നിങ്ങളുടെ സ്വപ്നം പോലെ ജീവിക്കാൻ, അതിൽ ഒരു ചെറിയ ഭാഗമെങ്കിലും ദിവസവും ജീവിക്കുക’ എന്ന്. അതാണ് ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്. ഭാവി എന്താകുമെന്ന് ഞങ്ങൾക്ക് അറിയില്ല. എന്നാൽ ഇവിടെ നമുക്കുള്ളത് ലളിതമാണ്, പ്രിയപ്പെട്ടതാണ്. അതാണ് ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നത്. 

(കടപ്പാട്: ഹ്യുമൻസ് ഓഫ് ബോംബെ)

click me!