സം​ഗീതം കൊണ്ട് മരണക്ക്യാമ്പിൽ അതിജീവിച്ചു, വംശീയതയ്ക്കും വിവേചനത്തിനുമെതിരെ പ്രവർത്തിച്ചു, എസ്തർ മടങ്ങി

Published : Jul 12, 2021, 01:57 PM IST
സം​ഗീതം കൊണ്ട് മരണക്ക്യാമ്പിൽ അതിജീവിച്ചു, വംശീയതയ്ക്കും വിവേചനത്തിനുമെതിരെ പ്രവർത്തിച്ചു, എസ്തർ മടങ്ങി

Synopsis

യുദ്ധത്തിന്‍റെ അവസാനകാലത്ത് അവളെ കൊലപ്പെടുത്താനുള്ള മരണറാലിയിലും പങ്കെടുപ്പിക്കുകയുണ്ടായി. എന്നാല്‍, എങ്ങനെയോ അതിനെയും അവള്‍ അതിജീവിച്ചു. പിന്നീടവളെ അമേരിക്കന്‍ സൈനികര്‍ രക്ഷിക്കുകയായിരുന്നു.

എസ്തര്‍ ബെജരാനോ മരിക്കുന്നത് കഴിഞ്ഞ ദിവസമാണ്, തന്‍റെ 96 -ാമത്തെ വയസില്‍. ഓഷോവിറ്റ്സ് മരണക്യാമ്പിനെ അതിജീവിച്ചവളാണ് എസ്തര്‍. അന്ന് ആ കൊടുംക്രൂരതയുടെ കാലത്തെ അതിജീവിച്ച എസ്തര്‍ പിന്നീട് തന്‍റെ ജീവിതകാലം മുഴുവനും വംശീയതയ്ക്കെതിരെയുള്ള പോരാട്ടമാക്കി മാറ്റിയിരുന്നു. 

1943 -ലാണ് അന്ന് കൗമാരക്കാരിയായിരുന്ന എസ്തര്‍ പോളണ്ടിലെ ഓഷ്വിറ്റ്സ് തടങ്കല്‍ പാളയത്തിലെത്തിയത്. പിന്നീട്, റാവന്‍സ്ബ്രക്ക് മരണക്യാമ്പിലും മരണമാര്‍ച്ചിലും എത്തിപ്പെട്ടെങ്കിലും അവള്‍ക്ക് അതിനെ അതിജീവിക്കാനായി. ഹോളോകോസ്റ്റിനുശേഷം എസ്തര്‍ ഇസ്രായേലിലേക്ക് കുടിയേറി നിസിം ബെജറാനോയെ വിവാഹം കഴിച്ചു. 1960 -ൽ ജർമ്മനിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ദമ്പതികൾക്ക് എഡ്ന, ജോറം എന്നീ രണ്ട് മക്കളുണ്ടായിരുന്നു. ജർമ്മനിയിലേക്ക് തിരികെ എത്തിയ അവ‍ര്‍ വംശീയതയ്ക്കും വിവേചനത്തിനും എതിരെ പോരാടി.

1924 -ൽ ഫ്രഞ്ച് അധീനതയിലുള്ള സാർലൂയിസിലെ ജൂതനായ കാന്റർ റുഡോൾഫ് ലോവിയുടെ മകളായിട്ടാണ് ഈ സംഗീതജ്ഞ ജനിക്കുന്നത്. 1933 -ൽ നാസികൾ അധികാരത്തിൽ വരുന്നതുവരെയും, 1935 -ൽ നഗരം ജർമ്മനിയിലേക്ക് തിരികെയെത്തുന്നതുവരെയും എസ്തര്‍ നഗരത്തിലെ ജീവിതം ആസ്വദിച്ചു. 

എന്നാൽ, നാസികൾ അധികാരം പി‌ടിച്ചെടുത്തതോടെ അവളുടെ മാതാപിതാക്കളെയും സഹോദരി റൂത്തിനെയും ദാരുണമായി നാടുകടത്തി കൊലപ്പെടുത്തി. 1943 -ൽ ഓഷ്വിറ്റ്സ്-ബിർകൌനയിലേക്ക് അയയ്ക്കുന്നതിന് മുമ്പ് എസ്തറിന് നിര്‍ബന്ധിത ജോലികള്‍ ചെയ്യേണ്ടി വന്നു. പിന്നീട്, നാസി മരണക്യാമ്പിലെ ഒരു കൗമാരക്കാരിയായ അവൾ പെൺകുട്ടികളുടെ ഓർക്കസ്ട്രയിൽ അംഗമാകാൻ സന്നദ്ധത പ്രകടിപ്പിച്ചു. യൂറോപ്പിലെമ്പാടും നിന്നുള്ള ജൂതന്മാർ നിറയുന്ന ട്രെയിനുകൾ എത്തിച്ചേരുമ്പോഴെല്ലാം അവള്‍ കരഞ്ഞുകൊണ്ടിരുന്നു. അവരോരോരുത്തരും നേരേ പോകുന്നത് ഗ്യാസ് ചേംബറിലേക്കാണ് എന്ന് അവള്‍ക്ക് അറിയാമായിരുന്നു. പിന്നീട്, അന്ന് തന്‍റെ ജീവന്‍ രക്ഷിച്ചത് സംഗീതമാണ് എന്ന് അവള്‍ പറയുകയുണ്ടായി. 

യുദ്ധത്തിന്‍റെ അവസാനകാലത്ത് അവളെ കൊലപ്പെടുത്താനുള്ള മരണറാലിയിലും പങ്കെടുപ്പിക്കുകയുണ്ടായി. എന്നാല്‍, എങ്ങനെയോ അതിനെയും അവള്‍ അതിജീവിച്ചു. പിന്നീടവളെ അമേരിക്കന്‍ സൈനികര്‍ രക്ഷിക്കുകയായിരുന്നു. പിന്നീടാണ് അവള്‍ ഇസ്രായേലിലേക്ക് കുടിയേറുന്നതും സംഗീതലോകത്ത് ജീവിതം നയിക്കുന്നതും കുടുംബമുണ്ടാവുന്നതും എല്ലാം. പിന്നീട് അവര്‍ ജര്‍മ്മനിയിലേക്ക് തിരികെ വന്നു. വംശീയതയ്ക്കും വേര്‍തിരിവിനുമെതിരെ എക്കാലവും അവര്‍ പ്രവര്‍ത്തിച്ചു. 

ജർമൻ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് അടക്കം നിരവധിപേർ എസ്തറിന് ആദരാഞ്ജലി അർപ്പിച്ചു.


 

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്