നഗ്നരായി കടലില്‍ കുളിച്ച് മാത്രമേ ഈ ദ്വീപില്‍ പ്രവേശിക്കാന്‍ കഴിയൂ, അതും പുരുഷന്മാര്‍‌ക്ക് മാത്രം!

By Web TeamFirst Published Feb 9, 2023, 12:26 PM IST
Highlights

സ്ത്രീകളില്ലെന്ന് വച്ച് പുരുഷന്മാര്‍ക്കും പെട്ടെന്നൊന്നും ഇവിടെ കയറിച്ചെല്ലാന്‍ പറ്റില്ല. അതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ 200 പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം. 


ദേശത്തിനും കാലത്തിനും അനുസരിച്ച് മനുഷ്യന്‍റെ ജീവിതത്തിലും ജീവിത വീക്ഷണത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകും. ഇന്ത്യന്‍ ഉപഭൂഖണ്ഡം മാത്രമെടുത്താല്‍ തന്നെ ഏറെ വൈവിധ്യങ്ങള്‍ കാണാം. അങ്ങനെ നോക്കുമ്പോള്‍ ലോകം എന്ത് മാത്രം വൈവിധ്യങ്ങള്‍ നിറഞ്ഞതായിരിക്കും? വൈവിധ്യങ്ങളോടൊപ്പം വൈരുദ്ധ്യങ്ങളും മനുഷ്യന്‍റെ സാമൂഹിക ജീവിതത്തില്‍ സാധ്യമാണ്. അത്തരത്തില്‍ മറ്റ് പൊതു മണ്ഡലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു സ്ഥലമുണ്ട്. അങ്ങ് ജപ്പാനില്‍. അവിടെ ചില വിചിത്രമായ പാരമ്പര്യങ്ങളാണ് 21 -ാം നൂറ്റാണ്ടിലും പിന്തുടരുന്നത്. 

നിഗൂഢതകളും ഐതിഹ്യങ്ങളും ഏറെ നിറഞ്ഞ ഒകിനോഷിമ ദ്വീപ് യുനെസ്കോ ലോക പൈതൃക സ്വത്തായി പാഖ്യാപിച്ചതാണ്. എന്നാല്‍ ഇവിടേയ്ക്ക് സ്ത്രീകള്‍ക്ക് കര്‍ശനവിലക്കാണുള്ളത്. ഇവിടെ ജീവിക്കുന്നതാകട്ടെ പുരുഷന്മാര്‍ മാത്രവും. ഫുകുവോക്കയിലെ മുനകത തീരത്തെ ദ്വീപാണ് ഒകിനോഷിമ. ഇവിടുത്തെ തദ്ദേശീയ ജനതയായ മുനതക ഗോത്രക്കാർ ഈ ദ്വീപിനെ പവിത്രമായി കണക്കാക്കുന്നു. ഇവിടെ പുരുഷന്മാർ കടലിന്‍റെ ദേവതയെയാണ് ആരാധിക്കുന്നത്. എന്നാല്‍, ദ്വീപിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശന വിലക്കുണ്ട്. മൊത്തം 700 ചതുരശ്ര മീറ്റർ മാത്രം വിസ്തൃതിയുള്ള ഈ ദ്വീപ് നാലാം നൂറ്റാണ്ട് മുതൽ ഒമ്പതാം നൂറ്റാണ്ട് വരെ കൊറിയൻ ദ്വീപുകളും ചൈനയും തമ്മിലുള്ള വ്യാപാര കേന്ദ്രമായിരുന്നു. പിന്നീട് ജപ്പാന്‍റെ അധീനതയിലായി. 

കൂടുതല്‍ വായിക്കാന്‍;  കാലിപ്പാണോ? ബംഗളൂര് വാ തല്ലിപ്പൊളിക്കാം! 

കൂടുതല്‍ വായിക്കാന്‍:  തിരക്കേറിയ ഹൈവെ കടക്കാന്‍, വാഹനങ്ങള്‍ പോകുന്നത് വരെ കാത്ത് നില്‍ക്കുന്ന കടുവ; അതിശയിപ്പിക്കുന്ന വീഡിയോ!

ജാപ്പനീസ് വേരുകളുള്ള ഒരു പുരാതന മതമായ ഷിന്‍റോ മതത്തിന് പ്രാധാന്യമുള്ള ദ്വീപാണിത്. ഷിന്‍റോയാണ് ദൈവവും. രക്തത്തെ അശുദ്ധമായി കാണുന്ന ഷിന്‍റോ വിശ്വാസങ്ങൾ അനുസരിച്ച് ആർത്തവം ദ്വീപിനെ മലിനമാക്കും. അതിനാലാണ് ദ്വീപിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതും. സ്ത്രീകളില്ലെന്ന് വച്ച് പുരുഷന്മാര്‍ക്കും പെട്ടെന്നൊന്നും ഇവിടെ കയറിച്ചെല്ലാന്‍ പറ്റില്ല. അതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ 200 പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം. അവര്‍ തന്നെ നഗ്നരായി സമീപത്തെ കടലില്‍ കുളിച്ച് സ്വയം ശുദ്ധിവരുത്തണം. ഇത് ദ്വീപിലേക്ക് പ്രവേശിക്കുന്ന പുരുഷന്മാരുടെ ആത്മാവിനെ ശുദ്ധീകരിക്കുമെന്ന് ഷിന്‍റോ മതക്കാര്‍ വിശ്വസിക്കുന്നു. 

കൂടുതല്‍ വായിക്കാന്‍: അവിശ്വസനീയം ഈ കൂടിക്കാഴ്ച; 58 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍, അമ്മയെയും സഹോദരങ്ങളെയും കണ്ടെത്തി!

ദ്വീപിനെ ചുറ്റിപ്പറ്റി മറ്റൊരു രസകരമായ കാര്യം കൂടിയുണ്ട്. ജപ്പാനിലെ ഏറ്റവും പഴയ രണ്ട് ഗ്രന്ഥങ്ങളായ കൊജികിയിലും നിഹോൺ ഷോക്കിയിലും ഒകിനോഷിമ ദ്വീപിനെ കുറിച്ച് പരാമര്‍ശമുണ്ട്. കോജികിയില്‍ സൂര്യദേവതയായ അമതേരാസു തന്‍റെ വാളില്‍ നിന്ന് മൂന്ന് പെൺമക്കളെ സൃഷ്ടിച്ച് ജപ്പാനിലേക്ക് അയച്ചു. മുനകത വംശജർ അവരെ ആരാധിച്ചു. മുനക്കതയിലെ മൂന്ന് ആരാധനാലയങ്ങളുടെ സംയുക്തമായ മുനാകത തൈഷയിലാണ് ഈ ദേവതകളെ ആദരിക്കുന്നത്. സമുദ്രം താണ്ടുന്നതിനുള്ള സുരക്ഷയ്ക്കായിട്ടാണ് തദ്ദേശീയര്‍ ഈ ദേവതകളെ ആരാധിക്കുന്നത്. ഒകിനോഷിമ ദ്വീപ് ദൈവീകതയുള്ള ഒരു ദ്വീപായാണ് മൂനകത വംശജര്‍ കണക്കാക്കുന്നതും. ഇത്രമാത്രമല്ല, ദ്വീപില്‍ നിന്ന് ഒന്നും കൊണ്ട് പോകാന്‍ കഴിയില്ല. ഒരു പുല്ല് നാമ്പ് പോലും. മാത്രമല്ല, അവിടെ കണ്ടതിനെ കുറിച്ചോ അവിടെ നിന്ന് കേട്ടതിനെ കുറിച്ചോ ആരോടെങ്കിലും സംസാരിക്കാന്‍ പോലും അനുവാദമില്ല. നിലവില്‍ പുരോഹിതന്മാർ, ഗവേഷകർ, സൈനിക ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ എന്നിവർക്കാണ് പുറമേ നിന്നും ദ്വീപ് സന്ദര്‍ശിക്കാന്‍ അനുവാദമുള്ളത്. 

കൂടുതല്‍ വായിക്കാന്‍:  മതനിന്ദാ നിരോധനം നീങ്ങി; പാകിസ്ഥാനില്‍ വിക്കിപീഡിയ തിരിച്ചെത്തി



 

click me!