മരങ്ങള്‍ കാടിറങ്ങുമ്പോള്‍...

By Web TeamFirst Published Jun 30, 2021, 6:16 PM IST
Highlights

പച്ച. ഭൂമിയെയും പരിസ്ഥിതിയെയും കുറിച്ച് ചില വിചാരങ്ങള്‍. കവി അക്ബര്‍ എഴുതുന്ന പരിസ്ഥിതി കുറിപ്പുകള്‍

അങ്ങകലെയുള്ള മലകള്‍ക്കിടയ്ക്ക് പല ആകൃതിയിലുള്ള ഇലകളുമായി പുതിയ പുതിയ ചെടികളും മരങ്ങളും മൂളച്ചു തുടങ്ങിയിട്ടുണ്ടാവും. മഴയൊഴിഞ്ഞ കാട്ടു നിശ്ശബ്ദതയില്‍ പുതിയ വിത്തുകളില്‍ നി്ന്ന് ഇലകള്‍ നീളും. അതില്‍ നിന്ന് പലതരം ചെടികള്‍ ഉണ്ടാവും. മരങ്ങള്‍ ആകാശത്തേക്ക്  വലിയ ശിഖരങ്ങള്‍ ഉയര്‍ത്തും. ആകാശത്തേക്കുയര്‍ന്ന ശിഖരങ്ങള്‍ പ്രാര്‍ത്ഥനകളാവും.. പച്ചപ്പിന്റെ വിശുദ്ധമായ പ്രാര്‍ത്ഥന. ഭൂമിക്കായുള്ള നിലവിളികള്‍. ആ പ്രാര്‍ത്ഥന/നിലവിളികള്‍ കേള്‍ക്കാന്‍ ആരെങ്കിലുമുണ്ടാവുമോ?

 

 

മരങ്ങള്‍ കണ്ടിട്ടുണ്ടാവും! പക്ഷേ അവയെക്കുറിച്ച് ഓര്‍ത്ത് നിന്നിട്ടുണ്ടോ? കാട്ടിലും നാട്ടിലുമായി പലതരം മരങ്ങള്‍ ഉണ്ട്. കാട്ടുമരങ്ങളുടെ കാടത്തം, വച്ചുപിടിപ്പിക്കുന്ന മരങ്ങള്‍ക്കുണ്ടോ എന്ന് സംശയമാണ്. ആകാശത്തേക്ക് കൈകള്‍ നീട്ടി, മണ്ണാഴങ്ങളില്‍ വേരുകള്‍ പടര്‍ത്തി അവ നില്‍ക്കുന്നത് കാണുമ്പോള്‍ വിസ്മയം തോന്നും. അത്ഭുതത്താല്‍ തല കുമ്പിട്ടു പോവും. ജീവനുള്ള അമൂര്‍ത്ത ശില്‍പ്പങ്ങളാണ് ഓരോ മരങ്ങളും.

കാടിനെ കാടാക്കുന്നത് മരങ്ങളാണെന്ന് തോന്നിയിട്ടുണ്ട്. മലകളില്‍, താഴ്വാരങ്ങളില്‍ പുഴയോരങ്ങളില്‍, ഉള്‍ക്കാടുകളില്‍, അങ്ങനെയങ്ങനെ പല സ്വഭാവങ്ങളും ആകൃതികളുമുള്ള മരങ്ങളാണ് കാടുകളില്‍ കാണുക. ഓരോ മേഖലയിലെ കാലാവസ്ഥയും മരങ്ങളുടെ ജീവിതത്തെ വേറിട്ടതാക്കുന്നുണ്ട്. നേര്യമംഗലത്തോ, തട്ടേക്കാടോ കാണുന്ന മരങ്ങളാവില്ല മൂന്നാറിലും മറയൂരിലുമുള്ളത്. അവിടങ്ങളിലെ മരങ്ങള്‍, ഇവിടുള്ള മരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും. ഉള്‍ക്കാടുകളിലുള്ള മരങ്ങളുടെ സ്വഭാവം തന്നെ വേറെയാവും.

പേരറിയാവുന്നതും അല്ലാത്തതുമായ പലതരം മരങ്ങളുടെ കൂട്ടങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ നാമെത്ര ചെറുതാണെന്ന് വിനയം വന്ന് പൊതിയും. മണ്ണിന് മുകളില്‍ നിന്ന് തുഞ്ചത്തുള്ള ഇലക്കൂമ്പുകള്‍ വരെ വിസ്മയിപ്പിക്കുന്ന ശില്‍പ്പ ഭംഗി. അതിലാകെ വീടുകള്‍ വച്ച് താമസിക്കുന്ന പലതരം ചെറുതും വലുതുമായ ജീവികള്‍. വള്ളിപ്പടര്‍പ്പുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കൈകള്‍ നല്‍കുന്ന കനിവ്.. പച്ചപ്പിന്റെ അനുകമ്പയിലാണല്ലോ ലോകം തന്നെ നിലനില്‍ക്കുന്നതെന്ന് മരങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

ചോരപയ്യാനി, ഇരുപൂള്, ചീനി, ഇലവ്, മയിലെള്ള്, വെണ്‍തേക്ക്, വെള്ളിലാവ്.. അങ്ങനെയങ്ങനെ പലതരം പേരുകളില്‍ കാട്ടുമരങ്ങള്‍ അറിയപ്പെടുന്നു. പഴയകാലത്ത് മിക്ക മരങ്ങളുടെയും പേരുകള്‍ അറിയാവുന്നവര്‍ നിരവധിയുണ്ടായിരുന്നു. പല മരങ്ങള്‍ക്കും ഓരോ നാട്ടിലും ഓരോ പേരാണ്. മരങ്ങള്‍ക്ക് ആരാണ് പേരുകളിട്ടത്? പേരുകള്‍ക്കപ്പുറം ജൈവികമായ ആര്‍ദ്രമായ ജീവനുകളാണ് മരങ്ങള്‍. സുഗന്ധവും ദുര്‍ഗ്ഗന്ധവും നിറഞ്ഞ പലതരം അനുഭവങ്ങളുടെ ഭീമന്‍ കാഴ്ചകള്‍.

തടിയില്‍ നിന്നൂറി വരുന്ന കറയില്‍ സുഗന്ധം നിറച്ച തെള്ളി, വാതരോഗം മാറ്റുന്ന ആവല്‍, തോല് ചതച്ച് വിരിച്ചു കിടക്കുന്ന അറുകാഞ്ഞിലി, നിറയെ പുളിയുള്ള കായുകളുള്ള മുട്ടിത്തൂറി,പഴങ്ങള്‍ പൊഴിച്ച് ചിരിക്കുന്ന അമ്പഴം, അത്തി, പൂക്കള്‍ നിറച്ച് കാട്ടുമണം വീശുന്ന ചെമ്പകം, ഇലഞ്ഞി, രാത്രികളില്‍ തിളങ്ങി പേടിപ്പിക്കുന്ന വെള്ളിലാവ്,കയ്പ്പും മധുരവും ചേര്‍ന്ന ചില്ലിക്ക(കാട്ടു നെല്ലി),  മുന്നൂറോളം വയസ് പ്രായമുള്ള ഈട്ടികള്‍, വേനലിനെ ഇലകള്‍ പൊഴിച്ചാഘോഷിക്കുന്ന മഹാഗണികള്‍, പഴുത്താലും പച്ചയായിരിക്കുന്ന കാരയ്ക്ക മരം.. അങ്ങനെയങ്ങനെ കാട്ടിലെ മരക്കൂട്ടുകാര്‍ നിരവധിയാണ്.

 

 

കാടിറക്കം
മരക്കൂട്ടങ്ങള്‍ക്കിടയില്‍ മുളക്കുന്ന ചെടികള്‍ക്ക് തണലേകി, തലയെടുപ്പോടെ നിന്നിരുന്ന മരങ്ങള്‍ പലതും ഇന്ന് കാടിറങ്ങി കഴിഞ്ഞു. മലകളാകെ മരങ്ങളൊഴിഞ്ഞ് പാറപ്പുറങ്ങളായി മാറി. പുഴയോരങ്ങളില്‍ നിറയെ വയലറ്റ് പൂവ് നീട്ടി നിന്നിരുന്ന മരുതുകള്‍ ഇപ്പോള്‍ പൂക്കാറുണ്ടോ എന്നറിയില്ല. മരോട്ടി ചില്ലകളില്‍ കായകള്‍ ഉണ്ടാവുന്നുണ്ടോ? എടണയിലാകെ പൂവിടുന്ന പൂ പെറുക്കി വില്‍ക്കാന്‍ കുട്ടികള്‍ കാട് കേറാറുണ്ടോ? അറിയില്ല, പക്ഷേ, കാടിനുള്ളിലെ മരങ്ങളുടെ വിചാരങ്ങള്‍ ഉള്ളില്‍ നീറുമ്പോള്‍ പുതിയ മരക്കുഞ്ഞുങ്ങള്‍ ഉള്ളില്‍ മുളച്ചു തുടങ്ങും.

മനുഷ്യന്‍ തൊടാത്ത ഉള്‍ക്കാട്ടില്‍, നോഹയുടെ പെട്ടകം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നെന്നു വിശ്വസിക്കുന്ന നിറംപല്ലി (ഗോഫര്‍) മരങ്ങള്‍ ഇപ്പോഴുമുണ്ട്. അടുത്തിടെയാണ് ഈ മരങ്ങള്‍ മാങ്കുളം വനമേഖലയില്‍ നിന്ന് കണ്ടെത്തിയത്. ഇനിയും കണ്ടെത്താന്‍ എത്രയെത്ര മരങ്ങളുണ്ടാവും. സസ്യശാസ്ത്രത്തിന്റെ വര്‍ഗ്ഗീകരണത്തില്‍ ഇവയ്ക്കൊക്കെ ഉത്തരങ്ങളുണ്ടാവുമോ?

എന്നാലും അങ്ങകലെയുള്ള മലകള്‍ക്കിടയ്ക്ക് പല ആകൃതിയിലുള്ള ഇലകളുമായി പുതിയ പുതിയ ചെടികളും മരങ്ങളും മൂളച്ചു തുടങ്ങിയിട്ടുണ്ടാവും. മഴയൊഴിഞ്ഞ കാട്ടു നിശ്ശബ്ദതയില്‍ പുതിയ വിത്തുകളില്‍ നി്ന്ന് ഇലകള്‍ നീളും. അതില്‍ നിന്ന് പലതരം ചെടികള്‍ ഉണ്ടാവും. മരങ്ങള്‍ ആകാശത്തേക്ക്  വലിയ ശിഖരങ്ങള്‍ ഉയര്‍ത്തും. ആകാശത്തേക്കുയര്‍ന്ന ശിഖരങ്ങള്‍ പ്രാര്‍ത്ഥനകളാവും.. പച്ചപ്പിന്റെ മന്തങ്ങള്‍ ഉയരുന്ന വിശുദ്ധമായ പ്രാര്‍ത്ഥന. ഭൂമിക്കായുള്ള നിലവിളികള്‍. ആ പ്രാര്‍ത്ഥന/നിലവിളികള്‍ കേള്‍ക്കാന്‍ ആരെങ്കിലുമുണ്ടാവുമോ?

 

 

ഏത് വേനലിലും നിറയെ ഇലകളുള്ള കരി മരുത്, ഉന്നം,കാട്ടു ജാതി, പലതരം പാലകള്‍. കാടിനുള്ളിലെ മരജീവിതം എഴുതിയാല്‍ തീരില്ല. അത് ചേരിന്റെ ചൊറിച്ചില്‍ പോലെ വിടാതെ പിന്തുടരും. താന്നിക്ക് ചുറ്റും വിറകുമായി കറങ്ങിയാലും ആ ചൊരുക്ക് മാറില്ല. 

ഒത്തിരിയൊത്തിരി അറിവുകളുടെ ഇലകളുമായി വൃക്ഷങ്ങള്‍ നിറഞ്ഞ കാടിന് ഞാനെന്തു പേരിടുമെന്ന് വിനയചന്ദ്ര കവിത പോലെ ചോദിച്ചുകൊണ്ടിരിക്കാം. ആ വരികളില്‍ ഒളിഞ്ഞു വളരുന്ന മരങ്ങളെ കെട്ടിപ്പിടിക്കാം. സുന്ദര്‍ലാല്‍ ബഹുഗുണയെപ്പോലെ മരങ്ങളെ നിഷ്‌കളങ്കതയോടെ ബഹുമാനിക്കാം. മരങ്ങളെക്കുറിച്ച് നിരന്തരം ഓര്‍ത്തെടുക്കാം. മനുഷ്യപ്പറ്റോടെയല്ല, മരപ്പറ്റോടെ തന്നെ!

click me!