പാടിക്കൊണ്ടിരിക്കെ മഴ പെയ്തു, ഒരു മാന്‍ അരികിലേക്ക് ഓടിയെത്തി, പണ്ഡിറ്റ് ജസ് രാജിന്റെ ലോകം!

By Web TeamFirst Published Aug 17, 2022, 7:03 PM IST
Highlights

ലോക സംഗീതത്തിന് ഇന്ത്യ നല്‍കിയ എക്കാലത്തെലും വലിയ സംഭാവനയായ പണ്ഡിറ്റ് ജസ് രാജ് നിത്യതയിലേക്ക് മറഞ്ഞിട്ട് ഇന്ന് രണ്ടു വര്‍ഷം. അദ്ദേഹത്തിന്റെ സംഗീതലോകത്തെക്കുറിച്ച് പി ആര്‍ വന്ദന എഴുതുന്നു 
 

ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹത്തിന് ഈ മഹാഗായകന്റെ പേരു നല്‍കിയത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയനാണ്. 200 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി വിശേഷപ്പെട്ട അതിഥി എന്ന് വിശേഷിപ്പിച്ച് ആജീവനാന്ത പ്രൊഫസര്‍ പദവി നല്‍കിയത് ടൊറന്റോ സര്‍വകലാശാല. ഇതുരണ്ടും ഇന്ത്യയുടെ സംഗീതത്തിന്റെ മഹിമ ലോകവേദികളില്‍ എത്തിച്ച പണ്ഡിറ്റ് ജസ് രാജ് എന്ന അനുഗ്രഹീത ഗായകന് കിട്ടിയ അന്താരാഷ്ട്ര ആദരവിന്റെ രണ്ടു ഉദാഹരണങ്ങള്‍.

 

 

വാരാണസിയിലെ സങ്കട് മോചന്‍ ക്ഷേത്രത്തില്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ വേദിക്കരികിലേക്ക് ഒരു മാന്‍ ഓടിയെത്തി. 1996-ല്‍ ഗുജറാത്തിലെ ഒരു പരിപാടിയില്‍ മേഘമല്‍ഹാര്‍ പാടിക്കഴിഞ്ഞപ്പോള്‍ വരണ്ടുണങ്ങിയ പ്രദേശത്ത് ആശ്വാസമായി മഴ പെയ്തു. ചെന്നൈയില്‍ ക്യാന്‍സര്‍ ബാധിതനായ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഭൈരവി രാഗത്തിലെ ആലാപനം.

ഇത് പണ്ഡിറ്റ് ജസ് രാജ് എന്ന അനുഗ്രഹീതനായ അതുല്യഗായകനെ കുറിച്ചുള്ള കഥകളില്‍ മൂന്നെണ്ണം.  

ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹത്തിന് ഈ മഹാഗായകന്റെ പേരു നല്‍കിയത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയനാണ്. 200 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി വിശേഷപ്പെട്ട അതിഥി എന്ന് വിശേഷിപ്പിച്ച് ആജീവനാന്ത പ്രൊഫസര്‍ പദവി നല്‍കിയത് ടൊറന്റോ സര്‍വകലാശാല. ഇതുരണ്ടും ഇന്ത്യയുടെ സംഗീതത്തിന്റെ മഹിമ ലോകവേദികളില്‍ എത്തിച്ച പണ്ഡിറ്റ് ജസ് രാജ് എന്ന അനുഗ്രഹീത ഗായകന് കിട്ടിയ അന്താരാഷ്ട്ര ആദരവിന്റെ രണ്ടു ഉദാഹരണങ്ങള്‍.

പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, കേന്ദ്രസംഗീതനാടക അക്കാദമി പുരസ്‌കാരം, സ്വാതി തിരുനാള്‍ പുരസ്‌കാരം തുടങ്ങി പണ്ഡിറ്റ് ജസ് രാജിന് രാജ്യം നല്‍കിയ ആദരവിന്റെ, അംഗീകാരത്തിന്റെ പട്ടിക പറയുക ദുഷ്‌കരം.  

ലോകസംഗീതത്തിന് ഇന്ത്യ നല്‍കിയ അനന്യ സംഭാവനകളുടെ പട്ടികയില്‍ തലയെടുപ്പുള്ള പേരാണ് പണ്ഡിറ്റ് ജസ് രാജ്. മൂന്നൂറിലേറെ കൃതികള്‍ ചിട്ടപ്പെടുത്തി. വേറിട്ട ജുഗല്‍ബന്ദി രീതി അദ്ദേഹം അവതരിപ്പിച്ചു. ദേശത്തെയും വിദേശത്തെയും നൂറുകണക്കിന് വേദികള്‍ സംഗീതധാരയാല്‍ അനുഗ്രഹീതമാക്കി. നൂറുകണക്കിന് ശിഷ്യര്‍ക്ക് തന്റെ സംഗീതശുദ്ധി പകര്‍ന്നു നല്‍കി. 

ഹിന്ദുസ്ഥാനി സംഗീതത്തില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മേവതി ഘരാനയിലെ നാലാംതലമുറക്കാരനായിരുന്നു പണ്ഡിറ്റ് ജസ് രാജ്. ഖയാലുകളുടെ ചിട്ടയില്‍ തുംമ്രി പരീക്ഷിക്കാന്‍ ധൈര്യം കാണിച്ച ആള്‍. ഹവേലി സംഗീതത്തിന്റെ കയറ്റിറക്കങ്ങള്‍ പഠിച്ച ഗുരു. സംഗീതത്തെ ശ്രോതാവിലേക്ക് സന്നിവേശിപ്പിക്കാന്‍, സംഗീതധാരയാല്‍ ശ്രോതാക്കളെ രസിപ്പിക്കാന്‍ പണ്ഡിറ്റ് ജസ് രാജ് എന്ന പ്രതിഭക്ക് കഴിഞ്ഞത് സിദ്ധി കൊണ്ടും അധ്വാനം കൊണ്ടും അര്‍പ്പണബോധം കൊണ്ടുമാണ്. 
 
1930 ജനുവരി 28-ന്  ഹരിയാനയിലാണ് ജനനം. ബാല്യം പക്ഷേ ജന്മനാട്ടില്‍ ആയിരുന്നില്ല. അച്ഛന്‍ പണ്ഡിറ്റ് മോത്തിറാം ഹൈദാരാബാദ് നിസാമിന്റെ കൊട്ടാരത്തിലെ ഗായകനായിരുന്നു. അതുകൊണ്ട് അവിടെ വെച്ചാണ് അച്ഛനില്‍ നിന്ന് സംഗീതത്തിന്റെ ബാലപാഠം പഠിച്ചത്. പിന്നീട് സഹോദരന്‍മാരായ മണിറാമും പ്രതാപ് നാരായണനും ഗുരുതുല്യരായി. മണിറാമിനൊപ്പം തബല വാദകനായിട്ടാണ് കലാസപര്യക്ക് തുടക്കമിട്ടത്. പിന്നീട് വായ്പാട്ടിലേക്ക് ശ്രദ്ധ തിരിച്ചു. അകമ്പടിയായെത്തുന്ന തബലക്കും സാരംഗിക്കും ഗമ പോരെന്നും ശ്രോതാക്കള്‍ അവഗണിക്കുന്നു എന്നുമൊക്കെ തോന്നിയതാണ് കാരണം. പതിനാലാം വയസ്സുമുതല്‍ കഠിനമായ പരിശീലനം തുടങ്ങി. ഗുലാം ഖാദിര്‍ ഖാനും സ്വാമി വല്ലഭദാസും ഗുരുക്കന്‍മാരായി. 

 

 

1951-ല്‍ ആകാശവാണിയിലൂടെ ആ ശബ്ദസൗഭഗം ആദ്യമായി ലോകത്തിന് മുന്നില്‍.  22-ാം വയസ്സില്‍ നേപ്പാള്‍ രാജാവ് ത്രിഭുവന്‍ ബീര്‍ ബിക്രം ഷായുടെ മുന്നില്‍ ആദ്യ വേദി. പിന്നീടങ്ങോട്ട് നിരവധി വേദികളില്‍, ആകാശവാണിയില്‍, റെക്കോഡുകളില്‍, കാസറ്റുകളില്‍, സിഡികളില്‍....ഭക്തിയും ശൃംഗാരവും നാദ ജുഗല്‍ബന്ദിയുടെ കൃത്യതയില്‍, ശുദ്ധിയില്‍ ജസ് രാജ് സംഗീതമായി പെയ്തിറങ്ങി. 

ഹിന്ദുസ്ഥാനി സംഗീതത്തിന് അദ്ദേഹത്തിന്റെ സംഭാവനകള്‍ അതിലൊതുങ്ങുന്നില്ല. ജസ് രംഗി എന്ന പേരിലുള്ള പ്രത്യേക തരം ജുഗല്‍ബന്ദി ഉദാഹരണം. ഒരേ സമയം ഒരു ഗായകനും ഒരു ഗായികയും രണ്ട് രാഗങ്ങള്‍ ആലപിക്കുന്ന രീതിയാണത്. ശങ്കരാചാര്യരുടേയും സ്വാമി വിവേകാന്ദന്റേയും വല്ലഭാചാര്യരുടേയും ചൈതന്യ മഹാപ്രഭുവിന്റേയുമൊക്കെ കൃതികള്‍ ഹിന്ദുസ്ഥാനിയില്‍ ചിട്ടപ്പെടുത്തി.  അപൂര്‍വരാഗങ്ങളും അവതരിപ്പിച്ചു. സംഗീതപഠനത്തിന്റെ ആഴവും പരപ്പും സുവ്യക്തമാകാന്‍  ഗുരുകുലസമ്പ്രദായത്തോളം മികച്ച പഠനരീതിയില്ലെന്ന വിലയിരുത്തലില്‍ തൃശൂല്‍ എന്ന സ്വന്തം വസതിയില്‍ അതേ രീതിയില്‍ തന്നെ ശിഷ്യരെ പരിശീലിപ്പിച്ചു. പുറമെ, നാട്ടിലും വിദേശത്തുമായി നിരവധി സംഗീതവിദ്യാലയങ്ങളും അദ്ദേഹം നടത്തി. 

പഠിച്ച, പരിശീലിച്ച, ഊതിത്തെളിച്ച രാഗങ്ങള്‍ ശിഷ്യരിലേക്ക് പകര്‍ന്നുനല്‍കാന്‍ അദ്ദേഹം അത്യുത്സാഹിയായിരുന്നു. തൊണ്ണൂറാം വയസ്സിലും അടച്ചിടലിന്റെ നിയന്ത്രണങ്ങള്‍ക്കിടയിലും പണ്ഡിറ്റ് ജസ് രാജ് പഠിപ്പിക്കല്‍ നിര്‍ത്തിയില്ല. സ്‌കൈപ്പിലൂടെ അദ്ദേഹം അധ്യാപനം തുടര്‍ന്നു. 

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആരോഹണഅവരോഹണങ്ങളെ ഉപാസിച്ച അദ്ദേഹം ഇടക്കൊന്ന് ചലച്ചിത്രഗാനരംഗത്തും നോക്കി. പ്രശസ്ത സംവിധായകന്‍ വി.ശാന്താറാമിന്റെ മകള്‍ മധുരയുടെ കൈ പിടിച്ച ഗായകന് ആ ലോകം അന്യമായിക്കൂടല്ലോ. ലഡ്കി സഹ്യാദ്രി കീ (1966), ബീര്‍ബല്‍ മൈ ബ്രദര്‍ (1973) , ലൈഫ് ഓഫ് പൈ (2012) എന്നീ സിനിമകളില്‍ അദ്ദേഹം പാടി. ബീര്‍ബല്‍ മൈ ബ്രദറില്‍ ഒപ്പം ചേര്‍ന്നത് സാക്ഷാല്‍ ഭീംസെന്‍ ജോഷി. രണ്ട് ഇതിഹാസങ്ങളെ ഒരുമിച്ച് പാടിക്കാനായതിന്റെ ഭാഗ്യവും പുണ്യവും കിട്ടിയത് ശ്യാം പ്രഭാകര്‍ എന്ന സംഗീതസംവിധായകന്. 

മധുരയും മക്കളായ സാരംഗദേവും (സംഗീതസംവിധായകന്‍), ദുര്‍ഗയും ( ടിവി താരം,സംഗീതജ്ഞ)  നൂറുക്കണക്കിന് ശിഷ്യരും പിന്നെ ലോകമെമ്പാടുമുള്ള  ലക്ഷക്കണക്കിന് സംഗീതപ്രേമികളും ആ അതുല്യഗായകന്റെ നിത്യസ്മരണക്ക് മുന്നില്‍ എന്നും കൂപ്പുകൈയോടെ നില്‍ക്കുന്നു. സംഗീതം ജീവിതവും കര്‍മവുമാക്കിയ പണ്ഡിറ്റ് ജസ് രാജ് നിത്യതയുടെ മൗനരാഗത്തില്‍ അലിഞ്ഞുചേര്‍ന്നിട്ട് രണ്ട് വര്‍ഷം.

click me!