കാലാകാലങ്ങളായി ഇവിടെ സ്ത്രീകൾ പരസ്പരം വിവാഹം കഴിക്കുന്നു

By Web TeamFirst Published Aug 17, 2022, 12:39 PM IST
Highlights

സ്ത്രീകളുടെ ഈ വിവാഹത്തിൽ, പുരുഷന്മാർക്ക് വലിയ റോളൊന്നും ഇല്ല. രണ്ട് വധുക്കളെയും തിരഞ്ഞെടുക്കുന്നത് ഗ്രാമത്തിലെ സ്ത്രീകളാണ്. വിവാഹം നടത്തുന്നതും അവർ തന്നെ. ഒരു ശുഭദിനത്തിൽ, സ്ത്രീകളുടെ നാട്ടുകൂട്ടം പരസ്യമായി വധുക്കളെ പ്രഖ്യാപിക്കുന്നു.

ഇന്നത്തെ കാലത്ത് പോലും സ്വവർഗ്ഗ വിവാഹങ്ങൾ നമ്മുടെ രാജ്യത്ത് അത്രകണ്ട് സാധാരണമല്ല. എന്നാൽ, കർണാടകയിൽ നിന്നുള്ള ഒരു ആദിവാസി സമൂഹത്തിൽ ഇത്തരം വിവാഹങ്ങൾ പണ്ടേക്ക് പണ്ടേ നിലനിന്നിരുന്നു. അതും അവരെ സംബന്ധിച്ചിടത്തോളം ഇതൊരു മതപരമായ വിശ്വാസമാണ്. എപ്പോൾ മുതൽ ആരംഭിച്ചുവെന്നോ, ആരാണ് തുടങ്ങി വച്ചതെന്നോ ആർക്കും അറിയില്ല. എന്നാലും മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആളുകൾ ഇപ്പോഴും അത് മാറ്റമില്ലാതെ പിന്തുടരുന്നു.  

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഹലക്കി ഒക്കലിഗ സമുദായത്തിലാണ് ഈ ആചാരം നിലനിൽക്കുന്നത്. ഈ സ്വവർഗ്ഗ വിവാഹങ്ങൾക്ക് അവരുടെ നാട്ടിൽ ദദ്ദുവേ മഡുവേ എന്നാണ് പറയുന്നത്. മഡുവേ എന്നാൽ വിവാഹം എന്നാണ് അർത്ഥം. രണ്ട് സ്ത്രീകൾ തമ്മിൽ മാത്രമാണ് വിവാഹം. ആട്ടവും പാട്ടും ഒക്കെയുള്ള വലിയ ഒരു ആഘോഷമാണ് അത് അവിടെ. സ്ത്രീകൾ രണ്ടു പേരും നിറമുള്ള മനോഹരമായ സാരികൾ ധരിച്ചായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. മറ്റ് കല്യാണങ്ങൾ പോലെ വിവാഹ സംഘം ഘോഷയാത്രയായിട്ടാണ് എത്തുന്നത്. പതിവ് കല്യാണത്തിന്റെ എല്ലാ ആചാരങ്ങളും ഇതിലുമുണ്ട്. 

എന്നാൽ അതിലൊരു പ്രത്യേകതയുള്ളത് അവരെ തമ്മിൽ ചേർത്ത് വയ്ക്കുന്നത് പ്രണയമല്ല, മറിച്ച് ആചാരമാണ്. ഇത്തരം വിവാഹങ്ങൾ ആചാരത്തിന്റെ ഭാഗമായി നടത്തുന്നതാണ്. അല്ലാതെ നമ്മുടെ ഇടയിൽ കാണുന്ന പോലെ പ്രണയിച്ച് ഒരുമിച്ച് ജീവിക്കാനുള്ള മോഹത്തിന്റെ പുറത്തല്ല അവർ വിവാഹത്തിന് തയ്യാറാകുന്നത്. ഇത്തരം വിവാഹങ്ങളുടെ ഉദ്ദേശം തന്നെ മറ്റൊന്നാണ്. അവിടെ ഇത് ഒരു തരം പ്രാർത്ഥനയാണ്. മഴയ്ക്ക് വേണ്ടി ഇന്ദ്ര ദേവനോട് അപേക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ വിവാഹങ്ങൾ. സ്ത്രീകൾ തമ്മിലുളള ഈ വിവാഹം എല്ലാ വർഷവും നടക്കാറുണ്ട്. "ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്താനുള്ള വിവാഹമാണിത്. മഴ കുറവുള്ളപ്പോഴെല്ലാം ഇത് നടത്തുന്നു,” ആദിവാസി മൂപ്പനായ സോമു ഗൗഡ പറഞ്ഞു.

സ്ത്രീകളുടെ ഈ വിവാഹത്തിൽ, പുരുഷന്മാർക്ക് വലിയ റോളൊന്നും ഇല്ല. രണ്ട് വധുക്കളെയും തിരഞ്ഞെടുക്കുന്നത് ഗ്രാമത്തിലെ സ്ത്രീകളാണ്. വിവാഹം നടത്തുന്നതും അവർ തന്നെ. ഒരു ശുഭദിനത്തിൽ, സ്ത്രീകളുടെ നാട്ടുകൂട്ടം പരസ്യമായി വധുക്കളെ പ്രഖ്യാപിക്കുന്നു. ഗ്രാമത്തിലെ എല്ലാ സ്ത്രീകളും ചടങ്ങിൽ പങ്കെടുക്കുന്നു. വിവാഹത്തിന് വധുക്കൾ പരസ്പരം മാലയിടുന്നു. മറ്റ് വിവാഹ ചടങ്ങുകളും നടത്തുന്നു. ആകെയുള്ള വ്യത്യാസം മേളത്തിന് പകരം നാടൻ പാട്ടുകളും, വാദ്യങ്ങളും ഒക്കെയായിക്കും ഉണ്ടാവുക. രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്നതാണ്  വിവാഹം. തുടർന്ന് ആളുകൾ ദമ്പതികൾക്ക് സമ്മാനങ്ങൾ നൽകുന്നു. ഒടുവിൽ സമുദായത്തലവന്റെ വീട്ടിലേക്കുള്ള ഘോഷയാത്രയോടെയാണ് ചടങ്ങുകൾ അവസാനിക്കുന്നത്. അതേസമയം വിവാഹ ശേഷം സാധാരണ കാണാറുള്ള പോലെ സ്ത്രീകൾ ഒരുമിച്ച് താമസിക്കുന്ന പതിവ് ഇവിടെയില്ല. ദൈവങ്ങളെ പ്രീതിപ്പെടുത്തുക എന്നത് മാത്രമാണ് ഈ വിവാഹത്തിന്റെ പിന്നിലുള്ള ഉദ്ദേശം. 

click me!