ലോകമാകെയുള്ള മനുഷ്യര്‍ പ്രണയിച്ച ഒരു രാജകുമാരി, സിനിമയേക്കാള്‍ വിചിത്രമായ അവളുടെ ജീവിതം!

By P R VandanaFirst Published Aug 31, 2022, 5:07 PM IST
Highlights

ഡയാന മരിച്ചിട്ട് 25 വര്‍ഷമായി. കുസൃതി ഒളിപ്പിച്ച കണ്ണുകളും മനോഹരമായ പുഞ്ചിരിയും വെട്ടിയൊതുക്കിയ തലമുടിയും നന്നായി ശ്രദ്ധയോടെ ധരിച്ച വസ്ത്രങ്ങളുമായുള്ള ഡയാന എന്ന ബിംബത്തിന് ലോകം  ഇപ്പോഴും നല്‍കുന്നത് മുന്നുദാഹരണങ്ങളില്ലാത്ത സ്‌നേഹമാണ്-പി ആര്‍ വന്ദന എഴുതുന്നു
 

അമിതവേഗതയില്‍ പാഞ്ഞ കാറിന്റെ താളം തെറ്റിയ ചക്രത്തിനൊപ്പം എത്തിയ ദുരന്തം ആ ജീവനെടുത്തപ്പോള്‍ ലോകം കരഞ്ഞു. കാറ്റത്ത് ആടിയ മെഴുകുതിരി നാളത്തെ ഓര്‍ത്ത് എല്‍ട്ടണ്‍ ജോണ്‍ തേങ്ങിപ്പാടി. കൊട്ടാരത്തിന്റെ വലിയ ഗേറ്റ് കടന്നു പുറത്ത് വന്ന് ബ്രിട്ടന്റെ രാജ്ഞിയും മറ്റ് രാജകുടുംബാംഗങ്ങളും അവളെ വഹിച്ചുള്ള പേടകത്തിന് മുന്നില്‍ തലതാഴ്ത്തി. 

 

 

അങ്ങനെ അതു കഴിഞ്ഞ് അവര്‍ സന്തോഷത്തോടെ ജീവിച്ചു...

രാജകുമാരന്‍മാരുടെയും രാജകുമാരിമാരുടെയും നാടോടിക്കഥകള്‍ പൊതുവെ അങ്ങനെയാണ് അവസാനിക്കാറ്. ദുര്‍മന്ത്രവാദികളും കൊട്ടാരങ്ങളിലെ നിയമാവലിയും അധികാരത്തര്‍ക്കവും തെറ്റിദ്ധാരണകളും എല്ലാം മാറി രാജകുമാരനും രാജകുമാരിയും സുഖമായി സന്തോഷമായി ജീവിച്ചു. അങ്ങനെ കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ ഒരു രസമാണ്. സുഖമാണ്. ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും തലവേദനകളും എല്ലാം യാഥാര്‍ത്ഥ്യങ്ങളായി മുന്നില്‍ നില്‍ക്കുമ്പോള്‍ അങ്ങനെ ഒരു രംഗം ആലോചിക്കുന്നതു തന്നെ ഒരു സമാധാനമാണ്. ആശ്വാസവും. 

വലിയ കൊട്ടാരം. ഏത് ആജ്ഞയും ശിരസ്സാ വഹിക്കാന്‍  നിറയെ പരിചാരകര്‍. നിറയെ ഉടുപ്പുകളും ആഭരണങ്ങളും. ആഡംബരം നിറഞ്ഞ ജീവിതം. സ്വപ്നങ്ങള്‍ക്ക് ഇത്രയേറെ നിറം പകരുന്ന വേറൊരു പശ്ചാത്തലമില്ല. ഈ റൊമാന്റിക് സങ്കല്‍പത്തിന് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ആളായിരുന്നു ഡയാന രാജകുമാരി. പേളും ലേസും ഭംഗി കൂട്ടുന്ന വെള്ള ഗൗണില്‍ 450 അടി നീളത്തില്‍ പടവുകളില്‍ വിതറിക്കിടന്ന ശിരോവസ്ത്രത്തിന്റെ അകമ്പടിയില്‍ ചാള്‍സ് രാജകുമാരനോട് YES I DO എന്ന് പറയാനെത്തിയ ഡയാന ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് മാത്രമല്ല വന്നുകയറിയത്. മറിച്ച് ലോകത്താകെ ലക്ഷക്കണക്കിന് പേരുടെ സ്വപ്നനായിക കൂടി ആയിട്ടായിരുന്നു. 

പ്രഭു കുടുംബത്തിന്റെ വേരുകള്‍ക്കപ്പുറം കിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപിക ആയിരുന്ന ഡയാന ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് എത്തിയത് ഏതൊരു നാടോടിക്കഥയേക്കാളും  വിചിത്രമായൊരു കഥയാണ്. 740 ദശലക്ഷം പേരാണ് വിവാഹച്ചടങ്ങ് തത്സമയം കണ്ടത്. 200 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ടൈംസ് ഓഫ് ലണ്ടന്‍ ഒരു സ്‌പെഷ്യല്‍ കളര്‍ സപ്ലിമെന്റ് ഇറക്കി.  ചാള്‍സ് -ഡയാന വിവാഹം നൂറ്റാണ്ടിന്റെ വിവാഹം എന്നറിയപ്പെട്ടത് അതിന്റെ ഫെയറി ടെയ്ല്‍ സ്വഭാവം കൊണ്ടാണ്. സ്വപ്നങ്ങളിലെ കൊട്ടാരങ്ങളില്‍ രാജകുമാരിയായി വിലസിയവര്‍ക്ക് മുന്നില്‍ വെക്കാനുള്ള മുഖമായി ഡയാന.   കൊട്ടാരനിയമങ്ങളുടെ നിയന്ത്രണങ്ങള്‍ക്കിടയിലും ആളുകളോട് ചിരിക്കാനും മനസ്സലിവോടെ പെരുമാറാനും മടി കാണിക്കാതിരുന്ന സുന്ദരി രാജകുമാരി ലോകത്തിന്റെ തന്നെ പ്രിയങ്കരിയായി. രാജകുടുംബത്തില്‍ ജനിച്ചു വീണവരേക്കാളും ജനപ്രീതിയും ആരാധകരും വന്നു കയറിയ രാജകുമാരിക്കായി. ആ സ്വപ്നം, ആ മായിക ബിംബം വര്‍ഷങ്ങള്‍ക്കിപ്പുറം നിറകണ്ണുകളോടെ വേദനകള്‍ പറഞ്ഞപ്പോഴും ഇടതുകൈയിലെ മോതിരവിരലില്‍ നിന്ന് പ്രസിദ്ധമായ നീലക്കല്ല് പതിച്ച വിവാഹമോതിരം ഊരിവെച്ചപ്പോഴും ലോകം അവള്‍ക്കൊപ്പം നിന്നു. 

അമിതവേഗതയില്‍ പാഞ്ഞ കാറിന്റെ താളം തെറ്റിയ ചക്രത്തിനൊപ്പം എത്തിയ ദുരന്തം ആ ജീവനെടുത്തപ്പോള്‍ ലോകം കരഞ്ഞു. കാറ്റത്ത് ആടിയ മെഴുകുതിരി നാളത്തെ ഓര്‍ത്ത് എല്‍ട്ടണ്‍ ജോണ്‍ തേങ്ങിപ്പാടി. കൊട്ടാരത്തിന്റെ വലിയ ഗേറ്റ് കടന്നു പുറത്ത് വന്ന് ബ്രിട്ടന്റെ രാജ്ഞിയും മറ്റ് രാജകുടുംബാംഗങ്ങളും അവളെ വഹിച്ചുള്ള പേടകത്തിന് മുന്നില്‍ തലതാഴ്ത്തി.  

 

...........................

Also Read : ലോകത്തെ സ്വാധീനിച്ച രാജകുമാരിയുടെ ആ വിവാദ അഭിമുഖം!

Also Read: ഡയാന രാജകുമാരി മരിച്ച കാറപകടത്തിൽ നിന്ന് രക്ഷപ്പെട്ട അംഗരക്ഷകൻ നടത്തിയ വെളിപ്പെടുത്തലുകൾ
.........................................

ജനങ്ങളുടെ രാജകുമാരി ആയിരുന്നു ഡയാന. ജീവിച്ചപ്പോഴും മരിച്ചപ്പോഴും. അവളുടെ അന്ത്യയാത്ര കാണാന്‍  ലോകത്തിന്റെ വിവിധ കോണുകളിലായി കോടിക്കണക്കിന് പേര്‍ ടെലിവിഷന് മുന്നിലെത്തി. 44 ഭാഷകളിലായി 200 രാജ്യങ്ങളില്‍ ഡയാനയുടെ അന്ത്യയാത്രയും സംസ്‌കാരവും സംപ്രേഷണം ചെയ്തു

കുടുംബത്തിന് ചേരുന്ന വധുവിനെ തെരഞ്ഞെടുക്കുമ്പോഴും ചാള്‍സിന്റെ ഹൃദയത്തില്‍ കാമില ഉണ്ടായിരുന്നു. അവര്‍ ഫെയറി ടെയ്ല്‍ ദാമ്പത്യത്തിലേക്ക് കടന്നപ്പോഴും കാമില ഉണ്ടായിരുന്നു അവര്‍ക്കിടയില്‍. എല്ലാവര്‍ക്കും അറിയാമായിരുന്ന, എല്ലാവരും അറിഞ്ഞ, എന്നാല്‍ ആരും പരസ്പരം പറയാതിരുന്ന, അറിഞ്ഞ ഭാവം നടിക്കാതിരുന്ന ഒരു ബന്ധം. 

(ഭീഷണിയും തെറ്റിദ്ധരിപ്പിക്കലും ആണ് വഴിവെച്ചതെന്ന് പിന്നീട് വെളിപ്പെട്ട) മാര്‍ട്ടിന്‍ ബഷീര്‍ അഭിമുഖത്തില്‍ ഡയാന പക്ഷേ അത് വിളിച്ചുപറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടല്‍ അഭിനയിച്ചു. കൊട്ടാരത്തിലെ ഉള്ളകങ്ങളില്‍ നില്‍ക്കേണ്ട കാര്യം അങ്ങാടിപ്പാട്ടായതിലായി അസ്വസ്ഥത.   ഭര്‍ത്താവിന്റെ ഒഴിവാക്കലും കൊട്ടാരത്തിലെ ഒറ്റപ്പെടലും ഏതു നിമിഷവും പിന്നാലെ കൂടുന്ന ക്യാമറക്കണ്ണുകള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതയും. എന്നിട്ടും. ഡയാന അവസാന നിമിഷം വരെ വിവാഹമോചനം ഒഴിവാക്കാന്‍ ശ്രമിച്ചു. അത് രാജകുമാരി പട്ടത്തിന്റെ സൗകര്യം കണ്ടായിരുന്നില്ല. സ്വന്തം മാതാപിതാക്കളുടെ വേര്‍പിരിയില്‍ തനിക്കേല്‍പ്പിച്ച മുറിവുകള്‍ ഓര്‍മയുള്ളതു കൊണ്ട്. 

താജ്മഹലിന് മുന്നിലെ ബെഞ്ചില്‍ ഏകാകിയായി ഇരിക്കുന്ന ഡയാനയുടെ ചിത്രത്തിനോട് ഐക്യപ്പെടാത്ത ഒരു സ്ത്രീ മനവും ലോകത്ത് ഉണ്ടായിരുന്നില്ല. 

കുഴിബോംബുകള്‍ക്ക് എതിരായ പ്രചാരണ പരിപാടികള്‍ക്കും എയ്ഡ്‌സ് ബോധവത്കരണത്തിനും എല്ലാം മുന്നിട്ടിറങ്ങിയ ഡയാന വീണ്ടും വീണ്ടും താന്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ അല്ലെങ്കിലും രാജകുമാരി തന്നെയാണ് എന്ന് തെളിയിച്ചു. മറുവശത്ത് ഡയാന ആരെ സ്‌നേഹിക്കുന്നു, ആരെ കാണുന്നു, എന്ത് ചെയ്യുന്നു എന്നതെല്ലാം അന്വേഷിക്കാനും വാര്‍ത്തയാക്കാനും ആളുകൂടി. ആ വാര്‍ത്ത കാണാനും കേള്‍ക്കാനും എപ്പോഴും ആളുണ്ടായി. അത്തരം സംഘങ്ങളുടെ പിന്നാലെ കൂടല്‍ ഡയാനക്ക് ഒരു ശല്യമായി. സ്വസ്ഥതക്കുറവും കൊട്ടാരത്തിന്റെ സമ്മര്‍ദ്ദവുമെല്ലാം ഡയാനയ്ക്ക് ഒരു നല്ല കൂട്ടുകാരനെ സ്ഥിരമായി ഒപ്പം കൂട്ടാന്‍ തടസ്സമായി. 

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പഴയ സുഹൃത്തും പാരിസിലെ റിറ്റ്സ് ഹോട്ടല്‍ ഉടമയുമായ ഈജിപ്ഷ്യന്‍ വംശജന്‍ മുഹമ്മദ് അല്‍ ഫയാദിന്റെ മകന്‍ ദോദി അല്‍ ഫയാദാണ് ഡയാനയുടെ അന്ത്യയാത്രയില്‍ ഒപ്പമുണ്ടായിരുന്നത്.   ദോദിയുമായി ഡയാനയുടെ വിവാഹനിശ്ചയം  ആലോചിച്ചിരുന്നുവെന്നും മോതിരം കൈമാറിയെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  പാരീസിലെ ഹോട്ടലില്‍ നിന്നിറങ്ങിയ രണ്ടുപേരും  സഞ്ചരിച്ചിരുന്ന കാറിന് പിന്നാലെ ക്യാമറകളുമായി പാപ്പരാസികളുടെ സംഘം പാഞ്ഞു.  വേഗപ്പാച്ചിലിനിടെയുണ്ടായ അപകടം കാറിലുണ്ടായിരുന്നവരുടെ ജീവനെടുത്തു. 

 

........................................

Also Read: ആ രാത്രിയില്‍ ഡയാന രാജകുമാരിക്ക്  എന്താണ് സംഭവിച്ചത്?

താജ്മഹലിന് മുന്നിലെ ബെഞ്ചില്‍ ഏകാകിയായി ഇരിക്കുന്ന ഡയാനയുടെ ചിത്രത്തിനോട് ഐക്യപ്പെടാത്ത ഒരു സ്ത്രീ മനവും ലോകത്ത് ഉണ്ടായിരുന്നില്ല. 

 

കാറ് തൂണിലിടിച്ചതാണെന്നും  കാറോടിച്ച ഹെന്‍ട്രി  പോള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.  പാപ്പരാസികളും പോളിന്റെ അമിത മദ്യപാനവും ചേര്ന്നു  സംഭവിച്ച ഒരു ദുരന്തമെന്ന്  കൊട്ടാരവും ബ്രിട്ടിഷ് പാര്‍ലമെന്റും   അന്വേഷണ ഏജന്‍സികളും പറഞ്ഞു.  പക്ഷെ ദോദിയുടെ അച്ഛനും    ഡയാനയുടെ ആരാധകരും അത് ഒരു ആസൂത്രിത കൊലപാതകമാണെന്ന് വിശ്വസിച്ചു.  മകന്റെ മരണം ഗൂഢാലോചനയുടെ ഫലമെന്ന് തെളിയിക്കാന്‍ മുഹമ്മദ് പലകുറി പല രീതിയില്‍ ശ്രമിച്ചു. സ്വന്തം നിര്‍മാണ കമ്പനിയുടെ കീഴില്‍ ഒരുക്കിയ UNLAWFUL KILLING എന്ന ഡോക്യുമെന്ററിയിലൂടെ  മുഹമ്മദ് അല്‍ ഫയാദ് പറഞ്ഞത്  വാഹനം ഓടിച്ചത് ഫ്രഞ്ച് രഹസ്യ പോലീസിന്റെ ചാരനെന്നാണ്. എന്തായായാലും ഗൂഢാലോചനാവാദം, സംശയങ്ങള്‍ ബാക്കിയാക്കി അങ്ങനെ തന്നെ നിന്നു. ഒരു മുന്നോട്ടുപോക്ക് അക്കാര്യത്തിലുണ്ടായില്ല. 

ഡയാന മരിച്ചിട്ട് 25 വര്‍ഷമായി.  കുസൃതി ഒളിപ്പിച്ച കണ്ണുകളും മനോഹരമായ പുഞ്ചിരിയും വെട്ടിയൊതുക്കിയ തലമുടിയും നന്നായി ശ്രദ്ധയോടെ ധരിച്ച വസ്ത്രങ്ങളുമായുള്ള ഡയാന എന്ന ബിംബത്തിന് ലോകം  നല്‍കിയത് ഇപ്പോഴും നല്‍കുന്നത് മുന്നുദാഹരണങ്ങളില്ലാത്ത സ്‌നേഹമാണ്. ഹൃദയത്തിലൊരിടമാണ്.  സ്‌നേഹിച്ച രാജകുമാരന്റെ കൈ പിടിച്ച് ഒരു പാട് സ്വപ്നങ്ങളുമായി കൊട്ടാരത്തിലേക്കെത്തി അവിടത്തെ ചിട്ടവട്ടങ്ങളില്‍ വിമ്മിഷ്ടപ്പെട്ട് , അഭയത്തിന് നോക്കിയ ഭര്‍ത്താവിന്റെ കണ്ണുകളിലെ സ്‌നേഹരാഹിത്യവും തന്റെ പ്രശസ്തിയിലുള്ള അനിഷ്ടവും കണ്ട് ഞെട്ടിയ ഭാര്യ. 

ഉപാധികളില്ലാത്ത സ്‌നേഹത്തിന് ദാഹിച്ച പ്രണയിനി,  കൊട്ടാരത്തിന്റെ മാമൂലുകള്‍ക്ക് അപ്പുറമുള്ള ലോകം മക്കളെ കാണിച്ച അമ്മ, മാനസിക സമ്മര്‍ദങ്ങളും ബുലീമിയയും ഒക്കെ കൂടി ശ്വാസംമുട്ടിച്ച ശരീരാവസ്ഥകളോട് പൊരുതിയവള്‍. മതില്‍ക്കെട്ടുകള്‍ക്കപ്പുറമുള്ള ലോകത്തിന്റെ വേദനകളെ ചേര്‍ത്തുപിടിച്ച ദയാലു. ആര്‍ക്കും എന്തെങ്കിലുമൊക്കെ സാദൃശ്യം തോന്നുന്ന ജീവിതാവസ്ഥകളിലൂടെ കടന്നു പോയ സ്ത്രീ ആയിരുന്നു ഡയാന. ഒപ്പം രാജകൊട്ടാരത്തിന്റെ സാഹചര്യം ഒരുക്കുന്ന നാടോടിക്കഥയുടെ പശ്ചാത്തലവും. ഡയാന അങ്ങനെയാണ് ജനങ്ങളുടെ രാജകുമാരി ആയത്. അന്നും ഇന്നും നാളെയും. 

click me!