ഇരുപത്തിമൂന്നു വർഷം മുമ്പ് ഒരു ഓഗസ്റ്റ് 31 -ന്, പ്രിൻസസ് ഓഫ് വെയിൽസ്  കൂടി പാരീസിലെ റിറ്റ്സ് ഹോട്ടലിന്റെ ലോബിയിലേക്ക് വന്നു. തങ്ങളുടെ മെഴ്സിഡസ് ലിമോസിനിൽ കയറി പോവുന്നതിനിടെ അവരെ കാത്ത് അവിടെ നിന്നിരുന്ന  പാപ്പരാസികളുടെ ക്യാമറകൾ ഫ്ലാഷുകൾ മിന്നിച്ചു തുടങ്ങി. മഞ്ഞപ്പത്രക്കാരുടെ കണ്ണുവെട്ടിച്ച് പാഞ്ഞുപോകുന്ന തിരക്കിൽ, പാരീസിലെ പോണ്ട് ഡി ആൽമ റോഡ് ടണലിന്റെ കോൺക്രീറ്റ് പില്ലറുകളിൽ ഒന്നിലേക്ക് ആ കാർ ഇടിച്ചു കയറി. ഹെൻറി പോൾ എന്ന ഡ്രൈവർ ഓടിച്ചിരുന്ന മെഴ്സിഡസ് ബെൻസ് S280 ലിമോസിൻ ഇടിച്ചു കയറുന്നു. 

 

 

ഭീകരമായ ഒരിടിയായിരുന്നു അത്. ഡയാനയും കാമുകനും, ഡ്രൈവർ ഹെൻറി പോളും ആ ഇടിയുടെ ആഘാതത്തിൽ മരണപ്പെടുന്നു. എന്നാൽ, ആ കാറിൽ അന്നുണ്ടായിരുന്ന ഒരാൾ മാത്രം, അതിശയകരമായ രക്ഷപ്പെടുന്നു. അയാളുടെ പേര് ട്രെവർ റീസ് ജോൺസ് എന്നായിരുന്നു. അരോഗദൃഢഗാത്രനായ ആ ചെറുപ്പക്കാരൻ പ്രിൻസസ് ഡയാനയുടെ അംഗരക്ഷകനായിരുന്നു. ഡയാനയും കാമുകനും ഹോട്ടൽ റിറ്റ്സിൽ നിന്ന് ഇറങ്ങി വന്നപാടെ പാരീസിലെ മഞ്ഞപ്പത്രങ്ങൾ ക്യാമറാ ഫ്ലാഷുകളും മിന്നിച്ചുകൊണ്ട് അവരെ പിന്തുടർന്നതാണ് അവർ ശരവേഗത്തിൽ എന്നായിരുന്നു ആദ്യത്തെ ആക്ഷേപം. എന്നാൽ, ഫ്രഞ്ച് ഇന്റലിജൻസ് ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഡ്രൈവർ ഹെൻറി പോൾ മയക്കുമരുന്ന് ചെലുത്തിയുണ്ടായ ഉന്മാദത്തിൽ വളരെ വേഗത്തിൽ കാറോടിച്ചത് മാത്രമാണ് ആ അപകടത്തിന് കാരണമായത് എന്ന വസ്തുത തെളിയുകയുണ്ടായി. 

 

 

മരിച്ച ഡയാനയെക്കുറിച്ചും, കാമുകൻ ദോദി അൽ ഫയാദിനേക്കുറിച്ചും എന്തിന് അവരുടെ മരണത്തിനു കാരണക്കാരനായ ഡ്രൈവർ ഹെൻറി പോളിനെക്കുറിച്ചു വരെ നിരവധി ലേഖനങ്ങൾ വന്നു പിന്നീട്. എന്നാൽ, അന്ന് അവർക്കൊപ്പം ഉണ്ടായിരുന്ന, ആ അപകടത്തിൽ ഗുരുതരമായ പരിക്കുകളേറ്റ് ജീവിതം നരകതുല്യമായിത്തീർന്ന ഡയാനയുടെ അംഗരക്ഷകൻ ട്രെവർ ജോൺസിനെപ്പറ്റി മാത്രം പിന്നീട് ആരും പറഞ്ഞില്ല. ആ അപകടം ആ വിമുക്ത ഭടന്റെ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചു എന്നും, പിന്നീടങ്ങോട്ട് അയാൾ എങ്ങനെ ജീവിച്ചു എന്നോ ഒന്നും ആരും പറഞ്ഞുകേട്ടില്ല. 

 

100 കിലോമീറ്ററിൽ അധികം വേഗത്തിൽ ചെന്ന് ആ ലിമോസിൻ ടണലിന്റെ പതിമൂന്നാം കോൺക്രീറ്റ് പില്ലറിൽ ഇടിച്ചപ്പോൾ, അതിൽ സഞ്ചരിച്ചിരുന്ന ഒരാൾ പോളും അപകടം നടന്നപ്പോൾ സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല. ദോദിയും ഡ്രൈവർ പോളും അപകടം നടന്ന ആ നിമിഷം തന്നെ മരണപ്പെട്ടിരുന്നു. ഡയാനയ്ക്കും ട്രെവറിനും അപ്പോൾ ജീവനുണ്ടായിരുന്നു. ഡയാന പിന്നീട് ആശുപത്രിയിലെത്തി ഒരു ദിവസം കഴിഞ്ഞ് മരിക്കുകയായിരുന്നു. ആ അപകടത്തോട് പ്രതികരിച്ച ഫയർ ആൻഡ് റെസ്ക്യൂ ടീമിന് തങ്ങൾ രക്ഷിച്ചുകൊണ്ടിരുന്നത് പ്രിൻസസ് ഡയാനയെ ആയിരുന്നു എന്ന് അറിയില്ലായിരുന്നു. 

 

 

അപകടം നടന്നപാടേ വന്നെത്തിയ ഒരു അഗ്നിശമന സേനാംഗം ട്രെവർ അവിടെ ആ അർദ്ധ ബോധാവസ്ഥയിൽ കിടന്നും ചോദിച്ച ചോദ്യമൊരുക്കുന്നു. ട്രെവർ അന്വേഷിച്ചത് തന്റെ ഉത്തരവാദിത്തം ആയിരുന്ന ഡയാനയെക്കുറിച്ചാണ്," അവരവിടെ? അവരവിടെ?" എന്നായിരുന്നു ട്രെവർ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നത്. ട്രെവറിനോട് വെറുതെയെങ്കിലും ആ ഓഫീസർ ആർക്കും കുഴപ്പമൊന്നുമില്ല എന്നുതന്നെ പറഞ്ഞു. അപകടത്തിന് ശേഷം പത്തു ദിവസമാണ് ട്രെവർ കോമയിൽ കിടന്നത്. ട്രെവറിന്റെ മുഖത്തെ അസ്ഥികൾ പലതും പൊടിഞ്ഞു പോയിട്ടുണ്ടായിരുന്നു. ആകെ തിരിച്ചറിയാൻ പറ്റാത്ത ഒരു കോലത്തിലേക്ക് അയാളുടെ മുഖം മാറി. വാരിയെല്ലുകൾ പലതും ഒടിഞ്ഞു. ഒരു കൈക്കും ഒടിവുപറ്റി. ഒടിഞ്ഞു തൂങ്ങിയ താടി പഴയപോലെ ആക്കാൻ പത്തുമണിക്കൂർ നീണ്ട മാരത്തോൺ സർജറി തന്നെ വേണ്ടി വന്നു.

ട്രെവറിന്റെ മുഖം ആ ഇടിയിൽ പരന്നു പോയിരുന്നു. അയാളുടെ മുഖം പഴയ പോലെ ആക്കാൻ വേണ്ടി പ്ലാസ്റ്റിക് സർജന്മാർക്ക് അയാളുടെ ഫാമിലി ആൽബങ്ങളിൽ നിന്ന് പഴയ ഫോട്ടോകൾ ചോദിച്ചു വാങ്ങേണ്ടി വന്നിരുന്നു. ഒരു വർഷം നീണ്ടുനിന്ന ചികിത്സക്കും ആശുപത്രി വാസത്തിനും ഒടുവിലാണ് ട്രെവറിന്റെ മുഖം ഏറെക്കുറെ പഴയപോലെ ആയത്. ആശുപത്രിയിൽ അതിനുവേണ്ടി ചെലവായ പണം മുഴുവൻ നൽകിയത് അപകടത്തിൽ മരിച്ച ദോദി അൽ ഫയദിന്റെ അച്ഛൻ മുഹമ്മദ് അൽഫയദ് ആയിരുന്നു. ആശുപത്രി വിട്ട ശേഷവും ഏറെക്കാലം വളരെ പതുക്കെ മാത്രമേ ട്രെവറിനു സംസാരിക്കാൻ സാധിച്ചിരുന്നുള്ളൂ. 

 


 
ട്രെവർ ജോൺസിന്റെ എക്സ് റേ

ഐറിഷ് സേനയുടെ പാരച്യൂട്ട് റെജിമെന്റിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷമാണ് സമ്പന്നമായ അൽ ഫയദ് കുടുംബത്തിലെ ബോഡിഗാർഡ് ജോലിക്ക് ട്രെവർ ജോൺസ് എത്തുന്നത്. അപകടം നടന്നതിന് മുമ്പുള്ള നാലുമിനിട്ടു നേരത്തെ ഓർമ തനിക്കില്ല എന്നും, അപകടത്തിന്റെ ആഘാതത്തിൽ തലക്കകത്ത് ആകെ ആശയക്കുഴപ്പം മാത്രമാണുള്ളത് എന്നും ട്രെവർ പറയുന്നുണ്ട്. 

ഇത്രയധികം എല്ലുകൾ മുഖത്ത് ഒടിഞ്ഞിട്ടും വിജയകരമായി മുഖം റീകൺസ്ട്രക്റ്റ് ചെയ്തെടുക്കാൻ സാധിച്ചത് ശരിക്കും അത്ഭുതം തന്നെയാണ്  എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്ന് കാണുന്ന ഈ കോലത്തിലേക്ക് ട്രെവറിന്റെ മുഖം പുനർ നിർമ്മിച്ചെടുക്കാൻ ഡോക്ടർമാർക്ക് 150 -ൽ പരം ചെറിയ ചെറിയ ടൈറ്റാനിയം ലോഹക്കഷ്ണങ്ങൾ ഉപയോഗിക്കേണ്ടി വന്നു. പൂർണ്ണമായും ഫോട്ടോ/വിഡിയോഗ്രാഫ് ചെയ്യപ്പെട്ടിട്ടുള്ള ആ പ്രക്രിയ ഇന്ന് ലോകമെമ്പാടുമുള്ള പ്ലാസ്റ്റിക് സർജറി ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യപദ്ധതിയുടെ ഭാഗം തന്നെയാണ്. അപകടം നടന്ന ശേഷം ആ വണ്ടി കിടക്കുന്ന കിടപ്പു കണ്ടാൽ ആരും തന്നെ, ആ വാഹനത്തിനുള്ളിൽ നിന്ന് ഒരാൾ പോലും ജീവനോടെ പുറത്തു കടന്നിട്ടുണ്ടാകും എന്ന് പറയില്ല.

ആ അപകടത്തിലും തുടർന്നങ്ങോട്ടുള്ള ജീവിതത്തിലും തനിക്ക് നേരിടേണ്ടി വന്ന യാതനാനുഭവങ്ങൾ ട്രെവർ 'ബോഡി ഗാർഡ്‌സ് സ്റ്റോറി' എന്ന പേരിൽ ഒരുപുസ്തകമായി എഴുതിയിട്ടുണ്ട്.