എത്തിച്ചേരുകപോലും കഠിനമായൊരു ഏകാന്തക്ഷേത്രം, 700 വര്‍ഷങ്ങളായി ഇവിടെ ഏകാന്ത സന്യാസിമാരും!

By Web TeamFirst Published Apr 21, 2021, 12:58 PM IST
Highlights

എന്നാൽ, റിതുയോ ക്ഷേത്രത്തെക്കുറിച്ചുള്ള ഏറ്റവും അതിശയകരമായ കാര്യം, അവിടെ ഒരേ ഒരു നിവാസിയെ ഉള്ളൂ എന്നതാണ്. അദ്ദേഹത്തിന്റെ പേര് അഹ്വാംഗ് പിൻ‌ക്വോ. 

ഒരു ചെറിയ കുന്നിൻ മുകളിൽ, ശാന്തമായ യാംഡ്രോക്ക് തടാകത്തിന്റെ കരയിലുള്ള ക്ഷേത്രമാണ് റിതുയോ ക്ഷേത്രം. റിതുയോ എന്നാൽ ടിബറ്റിൽ 'പർവതത്തിലെ കല്ല്' എന്നാണ് അർത്ഥം. റിതുയോവെ 'ടിബറ്റിന്റെ ഏകാന്തമായ ക്ഷേത്രം' എന്നാണ് വിളിക്കാറുള്ളത്. വല്ലാത്തൊരുതരം ഏകാന്തതയും അത് തരുന്ന സ്വാസ്ഥ്യവും ആനന്ദവും അുഭൂതിയും എല്ലാം ഉള്‍ച്ചേരുന്നതാണ് ഈ ക്ഷേത്രം. സാധാരണയായി ആളുകള്‍ ആരാധനാലയങ്ങളില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി മാത്രമല്ല, മറിച്ച് മനസിന് ഒരല്‍പം ശാന്തതയും സമാധാനവും ഒക്കെ കിട്ടാന്‍ വേണ്ടി കൂടിയാണ് അല്ലേ? അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്ക് ചെല്ലാന്‍ പറ്റുന്ന ഏറ്റവും മികച്ച ഇടങ്ങളില്‍ ഒന്നായിരിക്കും റിതുയോവെ ക്ഷേത്രം എന്ന കാര്യത്തില്‍ യാതൊരു സംശയുമില്ല. 

കാരണം, ആ ക്ഷേത്രത്തിന്‍റെ ഏകാന്തതയും ശാന്തതയുമാണ് ഓരോരുത്തരെയും അങ്ങോട്ട് ക്ഷണിക്കുന്നത് എന്നത് തന്നെ. എന്നാല്‍, അത് മാത്രമല്ല ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത. ലോകത്തിലേക്കും വച്ച് ഏകാന്തനായൊരു സന്യാസിയും കാണും ഈ ക്ഷേത്രത്തില്‍. അവിടുത്തെ കാര്യങ്ങളെല്ലാം നോക്കുന്നത് അദ്ദേഹമായിരിക്കും. ഈ മനോഹര ക്ഷേത്രത്തെ കുറിച്ച് കുറച്ച് കാര്യങ്ങള്‍. 

ഇതിന് 700 വർഷത്തിലേറെ പഴക്കമുള്ള ഒരു ചരിത്രമുണ്ട്. അധികമാരും എത്തിപ്പെടാത്ത ഇത് രാജ്യത്തിന്റെ മറഞ്ഞിരിക്കുന്ന രത്നങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ടിബറ്റിലെ മൂന്ന് പുണ്യ നദികളും സംഗമിക്കുന്ന പ്രദേശത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. നമ്മിൽ പലരും സ്വപ്നം കാണുന്ന സമാധാനവും സ്വസ്ഥതയും ഇവിടെ ലഭിക്കുമെന്ന് അവിടം സന്ദർശിച്ച ആളുകൾ സാക്ഷ്യപ്പെടുത്തുന്നു. ഏകാന്തമായ പാറക്കൂട്ടത്തിന് മുകളിൽ നിന്ന് അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ കാണുന്നത് വല്ലാത്തൊരു അനുഭവമാണെന്നും ഇവിടം സന്ദര്‍ശിച്ചിട്ടുള്ള അനുഭവസ്ഥരായ ആളുകള്‍ പറയാറുണ്ട്. 

അവിടെയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാറയിൽ നിന്നാണ് ക്ഷേത്രത്തിന് 'പർവതത്തിലെ കല്ല്' എന്ന പേര് ലഭിച്ചത്. എല്ലാ രോഗങ്ങളും സുഖപ്പെടുത്താൻ ശക്തിയുള്ള പാറയാണ് ഇതെന്നാണ് പലരും വിശ്വസിക്കുന്നത്. റിതുയോ ക്ഷേത്രത്തിന്റെ മുകളിൽ നിൽക്കുമ്പോൾ, ടിബറ്റൻ മാനുകൾ സ്വതന്ത്രമായി ഓടുന്നതും താറാവുകൾ വെള്ളത്തിൽ നീന്തുന്നതും കാണാം. രാത്രിയായാൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം തടാകത്തിൽ പ്രതിഫലിക്കുന്നു.

എന്നാൽ, റിതുയോ ക്ഷേത്രത്തെക്കുറിച്ചുള്ള ഏറ്റവും അതിശയകരമായ കാര്യം, അവിടെ ഒരേ ഒരു നിവാസിയെ ഉള്ളൂ എന്നതാണ്. അദ്ദേഹത്തിന്റെ പേര് അഹ്വാംഗ് പിൻ‌ക്വോ. അദ്ദേഹം തന്റെ ദിവസങ്ങളിൽ ഭൂരിഭാഗവും തടാകത്തിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള വെള്ളം കൊണ്ടുവരികയും, മന്ത്രങ്ങൾ ഉരുവിടുകയും, ധ്യാനിക്കുകയും ചെയ്ത് പൂർണമായ ഏകാന്തതയിൽ കഴിയുന്നു. നൂറ്റാണ്ടുകളായി റിതുയോ ക്ഷേത്രത്തെ സംരക്ഷിച്ച് പോരുന്ന ഏകാന്ത സന്യാസിമാരുടെ ഇന്നത്തെ കണ്ണിയാണ് അഹ്വാംഗ്. അദ്ദേഹം മരിക്കുമ്പോൾ ആ സ്ഥാനം മറ്റൊരാൾ ഏറ്റെടുക്കും. അപ്പോഴും ഈ ഒറ്റ ഒരാള്‍ മാത്രമേ ഈ ക്ഷേത്രത്തിലും ക്ഷേത്രപരിസരത്തുമായി കാണൂ എന്നതാണ് അവിടുത്തെ പ്രത്യേകത. 

ജീവിതത്തിന്റെ ബഹളങ്ങളിൽ നിന്ന് അകന്ന് ഈ തരത്തിൽ മനുഷ്യ സമ്പർക്കം ഇല്ലാതെ ഒറ്റപ്പെട്ട് കഴിയുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. ഏകദേശം 700 വർഷമായി ഈ സമ്പ്രദായം തുടങ്ങിയിട്ട്. ഇതുപോലുള്ള ഒരു വിദൂര സ്ഥലത്ത് തീർത്തും ഒറ്റപ്പെട്ട് ഒരു മനുഷ്യന് എങ്ങനെ കഴിയാൻ സാധിക്കുന്നു എന്ന് ചിന്തിക്കുന്നുണ്ടാകാം. അത് അവിടെ എത്തുന്നവരുടെ വിശ്വാസത്തിന്റെ ശക്തി കൊണ്ട് മാത്രമാണ് എന്നാണ് പറയുന്നത്. ഇവിടം പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമാണെങ്കിലും, അതിന്റെ വിദൂരത കാരണം സന്ദർശകർക്ക് ഇവിടേയ്ക്ക് എത്തിച്ചേരാൻ പക്ഷേ, നല്ല പ്രയാസമാണ്. എന്നാൽ, ക്ഷേത്രം സന്ദർശിക്കാൻ ഭാഗ്യമുണ്ടായവരാകട്ടെ, അവിടത്തെ മാന്ത്രികമായ അനുഭവത്തെ കുറിച്ച് വിവരിക്കുകയും ചെയ്യുന്നു. ടിബറ്റിൽ ബുദ്ധമതമാണ് പ്രധാന മതം. അതിനെ പിന്തുടരുന്നവരെ നയിക്കുന്നത് ദലൈലാമയാണ്. ഹിമാലയവും ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവതമായ എവറസ്റ്റും ടിബറ്റിലാണുള്ളത്.  

click me!