പൂര്‍വ്വികരുടെ ചോരമണം തേടി ചില ദേശാടനപ്പക്ഷികള്‍

By Web TeamFirst Published Jun 25, 2021, 8:09 PM IST
Highlights

ശലഭയാത്രകള്‍. റോസ് ജോര്‍ജ് എഴുതുന്ന വെര്‍ച്വല്‍ യാത്രാനുഭവം. അഞ്ചാം ഭാഗം

യാത്രകളും കണ്ടുമുട്ടലുകളും സംഭവ്യമല്ലാത്ത മഹാമാരിക്കാലത്ത്, സഞ്ചാരം കൂടുതലുള്ള ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയില്‍ ആണ് ആ സമാഗമം. അതിനെ തുടര്‍ന്നൊരു യാത്ര. വീട്ടിലിരുന്ന് വിദൂരദേശത്തേക്ക്, അവിടത്തെ ജീവിതങ്ങളിലേക്ക്, വീഡിയോകളിലൂടെ, ചിത്രങ്ങളിലൂടെ,   വാക്കുകളിലൂടെ ഒരു യാത്ര.  കൊവിഡ് കാലത്ത്, വീടിനുള്ളില്‍ അടച്ചിടപ്പെട്ട്, മറ്റൊരാളുടെ കണ്ണിലൂടെ അകലങ്ങളിലെ വിചിത്രദ്വീപിലേക്ക് നടത്തിയ യാത്ര.

 

 

'ചരിത്രം അറിയാതെ, ഒരു നാടിനെ അറിഞ്ഞിട്ടെന്ത് കാര്യം?' 

ചോദ്യം എന്നോടാണ്. 

'ശരി സര്‍'-പറഞ്ഞു തുടങ്ങിക്കോളൂ'-എന്നിലെ സഞ്ചാരി നിമിഷങ്ങള്‍ക്കുള്ളില്‍ അറ്റന്‍ഷന്‍ ആയി. 

''കൊക്കോട ട്രെയിലിനെ കുറിച്ചാണ് പറയാനുള്ളത്. രണ്ടാം ലോകമഹായുദ്ധ കാലത്തെ കഥയാണ്. ചോരക്കളിയുടെ കഥ. മൂവായിരം ജപ്പാന്‍കാരും അറുന്നൂറ് ഓസ്ട്രേലിയക്കാരുമാണ് ഇവിടെ ഏഴ് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. പോര്‍ട്ട് മോര്‍സെബി പിടിക്കാനുള്ള  ജാപ്പനീസ് സൈന്യത്തിന്റെ അവസാനശ്രമംം ഓസ്ട്രലിയന്‍ സംയുക്തസേന നേരിട്ടത് ഇവിടെയാണ്. ''

സാജു പറഞ്ഞു നിര്‍ത്തി.

 

 

ഞങ്ങള്‍ യാത്ര തുടങ്ങിയത് പോര്‍ട്ട് മോര്‍സ്ബിക്ക് 50 കിലോമീറ്റര്‍ കിഴക്കു നിന്നാണ്. കൊക്കോട ട്രാക്ക് തുടങ്ങുന്നത് ഒവേര്‍സ് കോര്‍ണറില്‍ നിന്ന് ഓവന്‍ സ്റ്റാന്‍ലി മലനിരകളെ പിന്നിട്ട് കൊണ്ടാണ്. അതൊരു പരുക്കന്‍  കാട്ടുപാതയാണ്.

'വെല്ലുവിളി ഏറെയുള്ള ഈ സാഹസികയാത്ര ശരിക്കും നടത്താന്‍ മാനസികവും ശാരീരികവും ആയ തയ്യാറെടുപ്പ് ആവശ്യമാണ്'-എന്റെ സുഹൃത്ത് ചിരിച്ചു .

ശരിയാണ്, കടന്നു പോകുന്ന പ്രദേശങ്ങളില്‍ ചൂടുള്ളതും ഈര്‍പ്പം നിറഞ്ഞതുമായ കാലാവസ്ഥയാണ്. പക്ഷെ മഴക്കാടുകളുടെ അതിമനോഹരമായ ദൃശ്യഭംഗി കൂട്ടുണ്ട്. ഇഴജന്തുക്കള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വന്മരങ്ങള്‍. കടുംപച്ച ഇലത്തഴപ്പ്. കണ്ണാടി ചില്ലുപോലെ പര്‍വ്വതങ്ങളില്‍ നിന്ന് താഴ്‌വാരങ്ങളില്‍ ചിന്നിച്ചിതറുന്ന ജലസമൃദ്ധി. കരിമ്പാറക്കുളങ്ങള്‍. ആരും തൊട്ടിട്ടില്ലാത്ത, ആരും മലിനമാക്കാത്ത ഭൂമിയിലെ പറുദീസ. ആ ഹരിതസമൃദ്ധി ഞാന്‍ ആസ്വദിച്ചു.

 

 

കൊക്കോട  ഇപ്പോഴൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഈ പാത താണ്ടുന്നതിനിടയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ  എയര്‍ ലിഫ്റ്റ് ചെയ്ത് ഹോസ്പിറ്റലില്‍ എത്തിക്കാറുണ്ട്. എന്റെ ഭാര്യ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ അങ്ങനെ അനേകം ടൂറിസ്റ്റുകള്‍ എത്താറുണ്ട് -സാജു പറഞ്ഞു കൊണ്ടിരുന്നു.

'നമ്മളെ പോലുള്ളവര്‍ വെറും സന്ദര്‍ശകര്‍ ആവുമ്പോള്‍ ചിലര്‍ക്കത് അതി വൈകാരികമായ ഒരു തീര്‍ത്ഥയാത്ര ആണ് .  ഓസ്ടേലിയയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും നിരവധി ടൂറിസ്റ്റുകളാണ്, സൈനികരായിരുന്ന തങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ കടന്നു പോയ വഴിത്താര തേടി വരുന്നത്. യുദ്ധത്തിന്റെ അവശിഷ്ടങ്ങളില്‍ ചിലരെങ്കിലും തൊട്ടു മുത്തുന്നു.' 

ചോര വീണ പാടുകള്‍ തേടി, വിദൂരമായ ഏതോ ദേശത്തുനിന്നും പുറപ്പെട്ടുപോരുന്ന ആരെയൊക്കെയോ ഞാന്‍ മനക്കണ്ണില്‍ കണ്ടു. 

'സൈന്യത്തോട് സഹകരിച്ച ഗ്രാമത്തിലെ ഗോത്രപിതാക്കന്മാര്‍ക്കു ഒത്തിരിയേറെ കഥകള്‍ പറയാനുണ്ട്. അത് തീര്‍ച്ചയായും നല്ല കഥകള്‍ ആവില്ല. തഴകെട്ടിയെടുത്ത മഞ്ചലില്‍ ഒത്തിരിയേറെ ആളുകളെ ചുമന്ന അവരുടെ മുതുകുകള്‍ ഏറെ മുന്നോട്ട് വളഞ്ഞിട്ടുണ്ടാവും, അല്ലേ...'

ഞങ്ങള്‍ പരസ്പരം തല കുലുക്കി.

 

 

എനിക്കപ്പോള്‍ പണ്ട് കേട്ടൊരു കഥ അങ്ങോട്ട് പറയാന്‍ ഉണ്ടായിരുന്നു.

കുട്ടിക്കാലം. മുറ്റത്തെ നടയില്‍ ഇരുന്ന് ഒരു അച്ഛന്‍ മകള്‍ക്ക് ഒരു കഥ പറഞ്ഞു കൊടുക്കുന്നു. 

അതൊരു അമേരിക്കന്‍ വൈമാനികന്റെ കഥയാണ്. അയാളുടെ പേര് സ്റ്റാന്‍ലി എന്നോ മറ്റോ ആണ്. വനാന്തരങ്ങളില്‍ അയാളുടെ വിമാനം മൂക്കുകുത്തി വീണു. അതിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഗോത്ര വര്‍ഗക്കാര്‍ അയാളെ കണ്ടെടുത്ത് രക്ഷിക്കുകയായിരുന്നു. 

ബോധം തെളിഞ്ഞപ്പോള്‍ തനിക്ക് ലഭിച്ച ശുശ്രുഷയുടെയും കാരുണ്യത്തിന്റെയും നിറവില്‍ അയാള്‍ ഇങ്ങനെ പറഞ്ഞുവത്രേ: 

''സാങ്കേതികജ്ഞാനവും അറിവും സ്വായത്തമാക്കിയ ഒരു വൈമാനികനാണ് ഞാന്‍. ആകാശത്തിന്റെ അനന്തവിഹായസ്സിലൂടെ ഒരു പക്ഷിയെ പോലെ പറന്നുയരാനും സമുദ്രത്തിന്റെ അഗാധതകളിലൂടെ ഒരു ചെറുമല്‍സ്യത്തെപ്പോലെ ഊളിയിട്ടുറങ്ങാനും ഞാന്‍ അഭ്യസിച്ചിട്ടുണ്ട്. പക്ഷെ മരണത്തിലേക്ക് വഴുതിനീങ്ങിയ എന്നെ രക്ഷിക്കാന്‍ നിങ്ങളേ ഉണ്ടായിരുന്നുള്ളൂ. ''

അച്ഛന്‍ പറഞ്ഞു തന്ന കഥയിലെ ആ നല്ല മനുഷ്യരെ ആണ് ഞാനിന്ന് ഇവിടെ കാണുന്നത്. 

''നമുക്ക് കാണാം അവരെ. കൈമോശം വരാത്ത കാരുണ്യത്തോടെ ഇന്നും അവരിവിടെ ഉണ്ട്.''

സാജു പറഞ്ഞു. 

 

 

മിണ്ടിയും പറഞ്ഞും ആ യാത്ര എത്തിയത് ബോമാനോ യുദ്ധ സെമിത്തേരിക്കു മുന്നിലാണ്. 

''THEIR NAME LIVETH FOR EVERMORE'

'അവരുടെ നാമം എന്നെന്നും നിലനില്‍ക്കട്ടെ''

ആ  വെളുത്ത ഫലകങ്ങളില്‍ എഴുതിവച്ചത്, മലയാളഭാഷയില്‍ ഞാന്‍ ഒന്നുകൂടി ഉരുവിട്ടു. 

പോര്‍ട്ട് മോര്‍സ്ബിയില്‍ നിന്ന് പത്തൊന്‍പത് കിലോമീറ്റര്‍ അകലെയാണ് ബോമാനോ സെമിത്തേരി. യുദ്ധത്തില്‍ മരണമടഞ്ഞവരുടെ പേരുകള്‍ എഴുതിയ ഹെഡ് സ്‌റ്റോണ്‍സ് നീണ്ട നിരയായി കാണപ്പെട്ടു. ഈ രാജ്യം സന്ദര്‍ശിക്കാന്‍ എത്തുന്നവരെല്ലാം ഇവിടെ എത്തും. പലര്‍ക്കും ഇത് അവരുടെ പിതാക്കന്മാര്‍ ഉറങ്ങുന്ന മണ്ണാണ്. -സാജു പറഞ്ഞു.

'' ഇന്ത്യന്‍ പേരുകള്‍ നിരവധി ഉണ്ട്  ഈ കൂട്ടത്തില്‍. ബ്രിട്ടീഷ് ആര്‍മിയില്‍ ഉണ്ടായിരുന്നവര്‍ ആയിരിക്കാം. മഹായുദ്ധത്തിന്റെ നാളുകളില്‍ പിന്തിരിഞ്ഞു നോക്കാതെ പോരാട്ടവീര്യം കാത്തു സൂക്ഷിച്ചവര്‍.''

ഇനിയും ചില സ്മാരകങ്ങളും അവശേഷിപ്പുകളും കടലിനടിയില്‍ ഡോണിയര്‍ വിമാനങ്ങളായും യുദ്ധക്കപ്പലുകളായും ഉണ്ടെന്ന് കേട്ടപ്പോള്‍ ഞാന്‍ രണ്ട് പേരെ ഓര്‍ത്തു. 

പോയകാലത്തിന്റെ ഓര്‍മകളെ ആദരപൂര്‍വ്വം പിന്തുടരുന്ന, ഓരോ സ്മാരകങ്ങളുടെയും മുന്നില്‍ പോയി ഒരു നിമിഷം കണ്ണടച്ചു നില്ക്കുന്ന കൊല്‍ക്കൊത്തയിലുള്ള കൂട്ടുകാരി ജോളി  ജോണ്‍, പിന്നെ പട്ടാളക്കഥകളിലൂടെ എപ്പോഴും വിസ്മയിപ്പിക്കുന്ന പൂനയില്‍ നിന്നുള്ള കൂട്ടുകാരി സോണിയ ചെറിയാന്‍. 

ഈ വിശേഷങ്ങളൊക്കെയും പങ്ക് വക്കാന്‍ ഒരു കാത് അപ്പോള്‍ ഞാനും ആഗ്രഹിച്ചു.

 

ഒന്നാം ഭാഗം: പാപ്പുവ ന്യൂഗിനി; പ്രാവിന്റെ രൂപത്തില്‍ ഒരു ദ്വീപ്

രണ്ടാം ഭാഗം: സ്വാതന്ത്ര്യത്തിലേക്കുള്ള  പാത! 

 മൂന്നാം ഭാഗം: എത്ര തിന്നാലും തീരാത്ത വാഴപ്പഴം!

 നാലാം ഭാഗം: ഉപ്പിനോളം വരില്ല, ഇവിടൊരു മധുരവും!
 

click me!