യാത്രകളും കണ്ടുമുട്ടലുകളും സംഭവ്യമല്ലാത്ത മഹാമാരിക്കാലത്ത്, സഞ്ചാരം കൂടുതലുള്ള ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയില്‍ ആണ് ആ സമാഗമം. അതിനെ തുടര്‍ന്നൊരു യാത്ര. വീട്ടിലിരുന്ന് വിദൂരദേശത്തേക്ക്, അവിടത്തെ ജീവിതങ്ങളിലേക്ക്, വീഡിയോകളിലൂടെ, ചിത്രങ്ങളിലൂടെ,   വാക്കുകളിലൂടെ ഒരു യാത്ര.  കൊവിഡ് കാലത്ത്, വീടിനുള്ളില്‍ അടച്ചിടപ്പെട്ട്, മറ്റൊരാളുടെ കണ്ണിലൂടെ അകലങ്ങളിലെ വിചിത്രദ്വീപിലേക്ക് നടത്തിയ യാത്ര.

 

 

സ്ഥലം: കില കില പബ്ലിക് സ്‌കൂള്‍ പോര്‍ട്ട് മോര്‍സ് ബി.  

ഈ നാടിന്റെ മക്കളെ ഉണരൂ, 
സ്വതന്ത്ര്യ സന്തോഷം നമുക്ക് പാടാം .
ദൈവത്തെ സ്തുതിക്കാം, ആനന്ദത്തോടെ
പാപ്പുവ ന്യൂ ഗിനിയ 
നമ്മുടെ നാമം മലമുകളില്‍ നിന്ന് സമുദ്രത്തോട് 
വിളിച്ചു പറയാം 
പാപ്പുവ ന്യൂ ഗിനിയ 
ഒരുമിച്ച് ശബ്ദിച്ച് 
ഉച്ചത്തില്‍ പാടാം
പാപ്പുവ ന്യൂ ഗിനിയ...

പാപുവോ ന്യൂഗിനിയുടെ തലസ്ഥാനമായ പോര്‍ട്ട് മോര്‍സ് ബിയിലെ  സ്‌കൂളില്‍ അസംബ്ലി നടക്കുകയാണ് . ഒരേ ശബ്ദത്തില്‍ ഒരേ താളത്തില്‍ അവര്‍ ദേശീയഗാനം പാടുകയാണ്.  

 

കില കില പബ്ലിക് സ്‌കൂള്‍, പോര്‍ട്ട് മോര്‍സ് ബി.  

 

''O Arise allK you sons of the land'..

''ആരുടേതാണ് ഈ വരികള്‍? വല്ലാത്തൊരു ആവേശം. അതു പാടുമ്പോള്‍ കുട്ടികളുടെ കണ്ണില്‍ വല്ലാത്തൊരു തിളക്കം.''

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയ സുഹൃത്ത് സാജു ഫ്രാന്‍സിസിനോട് ഞാന്‍ ചോദിച്ചു. 

'റോയല്‍ പാപ്പുവ ന്യൂ ഗിനിയ ബാന്‍ഡിലെ ചീഫ് ഇന്‍സ്പെക്ടര്‍ ആയിരുന്ന തോമസ് ഷേക്ലേഡിയുടേതാണ് ഈ വരികള്‍. 1975 ലാണ് ഈ രാജ്യം ഓസ്ട്രേലിയയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്.'-സാജു പറഞ്ഞു തൂടങ്ങി.

 

പോര്‍ട്ട് മോര്‍സ് ബി

 

'ഈ രാജ്യത്തിന്റെ പേര് തന്നെ കൗതുകമാണ്. അത് തന്നെ ഒരു കഥയാണ്'-സാജു പറഞ്ഞു തൂടങ്ങി.

''യൂറോപ്പില്‍ നിന്നും വന്ന ആദ്യകാല പര്യവേഷകര്‍ ആഫ്രിക്കയിലെ ഗിനിയയിലെ ആള്‍ക്കാരുടെ സാദൃശ്യമുള്ള മനുഷ്യരെ ഇവിടെ കണ്ടെത്തി.  അവര്‍ പുതിയ ഗിനിയ എന്നര്‍ത്ഥമുള്ള ന്യൂ ഗിനിയ എന്ന പേരിട്ടു. ആ പ്രദേശം പിന്നീട് ജര്‍മനിയുടെ ഭരണത്തിലായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുനൈറ്റഡ് നേഷന്‍സിന്റെ അധീനതയില്‍ ന്യൂ ഗിനിയ പ്രദേശം ബ്രിട്ടീഷുകാര്‍ക്ക് ഭരണനിര്‍വഹണത്തിനായി നല്‍കപ്പെട്ടു.''

''അപ്പോള്‍ പാപ്പുവാ എന്ന പേരോ?'' 

''പോര്‍ട്ട് മോര്‍സെബി അടങ്ങുന്ന പാപ്പുവ പ്രദേശം ഓസ്‌ട്രേലിയ കേന്ദ്രികരിച്ച ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്നു .
1975 -ല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം പാപ്പുവയും ന്യൂ ഗിനിയയും ഒരുമിച്ചു ചേര്‍ന്നതാണ് പാപ്പുവ ന്യൂ ഗിനിയ.  അതിനുവേണ്ടി രക്തച്ചൊരിച്ചിലുകള്‍ ഒന്നും ഉണ്ടായില്ല പക്ഷെ വംശീയപ്രശ്‌നങ്ങള്‍ന ിലനില്‍ക്കുന്നു. സ്വര്‍ണ്ണത്തളികയിലാണ് സ്വാതന്ത്ര്യം ലഭിച്ചതെങ്കിലും രാജ്യം വികസനത്തിന്റെ പാതയില്‍ ഇനിയും മുന്നേറാനുണ്ട്''-സാജു പറഞ്ഞു. 

 

സാജു രാഷ്ട്രപിതാവ് മൈക്കിള്‍ സോമാരയോടൊപ്പം

 

''രാജ്യത്തിന്റെ ഫൗണ്ടിങ് ഫാദര്‍, അന്തരിച്ച മൈക്കിള്‍ സോമാരയുടെ സ്വപ്നവും അതു തന്നെയാണ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഏറ്റവും നീണ്ടകാലം അധികാരത്തില്‍ ഇരുന്നതും അദ്ദേഹമാണ്.'-സാജു പറഞ്ഞു. 

എന്നിട്ടൊരു ചിത്രമയച്ചു തന്നു. രാഷ്ട്ര പിതാവിനൊപ്പം കൂട്ടുകാരന്‍. അഭിമാന നിമിഷങ്ങള്‍.

ഇവി2െ, ആകെ ജനസംഖ്യ എണ്‍പത് ലക്ഷത്തോളമേ ഉള്ളു. നമ്മുടെ കേരളവും തമിഴ്നാടും കൂടുന്ന വലിപ്പം.  ഭൂപ്രകൃതി പ്രകാരം ജനസാന്ദ്രത വളരെ കുറവ്. 

 

പാപുവാ ന്യൂഗിനിയുടെ പതാക

 

ചുരുണ്ട മുടിയുള്ള ഉള്‍ക്കരുത്തുള്ള മെലാനിന്‍ സമ്പുഷ്ടരായ പ്രകൃതിയുടെ മക്കളെ കാണാന്‍ ഞാന്‍ അപ്പോഴേക്കും മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞിരുന്നു.

മലകള്‍ കേറിയിറങ്ങി, മണ്ണില്‍ ചവിട്ടി നടന്ന്, ഉറച്ച ശരീരത്തോടെ ഏത് ദുര്‍ബലാവസ്ഥയും ഞങ്ങള്‍ തരണം ചെയ്യുമെന്ന് കണ്ണിലെ തിളക്കം കൊണ്ട് പറഞ്ഞു തരുന്നവര്‍. അവരില്‍ നിന്നാണ് എനിക്ക് പലതും പഠിക്കേണ്ടത്. അറിയേണ്ടത്.

അങ്ങനെ ഒന്നാം ദിവസത്തെ എന്റെ പ്രവേശനോത്സവത്തിന് രാജ്യത്തിന്റെ പ്രതിനിധിയായി ഒരു മലയാളിയുടെ ഊഷ്മള സ്വാഗതം.

പിറ്റേന്നത്തെ പുലരിക്കായി ഞാന്‍ കാത്തിരുന്നു.

 

ഒന്നാം ഭാഗം: പാപ്പുവ ന്യൂഗിനി; പ്രാവിന്റെ രൂപത്തില്‍ ഒരു ദ്വീപ്