ഇതാ, ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികൻ എന്ന കാവല്‍ക്കാരൻ!

By Prashobh PrasannanFirst Published Dec 13, 2022, 6:58 PM IST
Highlights

ആരാണ് ഗുളികൻ? ഇപ്പോഴും ഈ ചോദ്യം ചിലരുടെയെങ്കിലും നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകും. വെറും വാക്കിലൊതുങ്ങാത്ത അര്‍ത്ഥസാഗരമാണ് ഗുളികൻ. ആ വാക്ക് സൂചിപ്പിക്കുന്ന ബിംബങ്ങള്‍ നിരവധിയുണ്ട്. ഇതാ ഗുളികനെപ്പറ്റി അറിയാവുന്ന ചില കഥകള്‍..

"ഞാൻ വരാം.. എന്‍റൊപ്പം ഗുളികനും കാണും.. എന്നെ ചതിച്ചാല്‍ ഞാൻ ക്ഷമിച്ചേക്കും.. പക്ഷേ ഗുളികൻ ക്ഷമിക്കില്ല.."

ഞ്ചുരുളിമൂര്‍ത്തി രാജാവിനൊപ്പം കാന്താരക്കാടിറങ്ങുകയാണ്. നാട്ടാരും പ്രേക്ഷകരും ആ കാഴ്‍ച കണ്ടുനിന്നു. പക്ഷേ ഒപ്പമുണ്ടാകുമെന്ന് ദൈവം പറഞ്ഞ ഗുളികനെ ആരും കണ്ടില്ല. ആരുമൊട്ട് അന്വേഷിച്ചുമില്ല. കഥയുടെ ക്ലൈമാക്സായി. നാട്ടുരാജാവ് ചതിയുടെ താണ്ഡവമാടി. മണ്ണും മാനവും നഷ്‍ടമായി ജീവച്ഛവങ്ങളായിത്തീര്‍ന്ന കുറേ മനുഷ്യര്‍. നെഞ്ചുകലങ്ങി കണ്ണും നനച്ചിരുന്നു നാട്ടാരും പ്രേക്ഷകരും. അപ്പോള്‍  ആരും കാണാതെ പഞ്ചുരുളി വീണ്ടും വന്നു. മരിച്ചുകിടക്കുന്നവന്‍റെ മുഖത്തോട് മുഖം ചേര്‍ത്തു. ഒറ്റ ഊതലില്‍ സാക്ഷാല്‍ ഗുളികനുണര്‍ന്നു. പച്ച മണ്ണില്‍ ശവമായിക്കിടന്ന പച്ചമനുഷ്യൻ  തീക്കനല്‍ പോലെ ഉലഞ്ഞുണര്‍ന്നു. അട്ടഹസിച്ചാര്‍ക്കുന്ന ഗുളികനുമുന്നില്‍ നാട്ടാരും പ്രേക്ഷകരും തൊഴുതു നിന്നു. 

ആരാണ് ഗുളികൻ?

ഇപ്പോഴും ആ ചോദ്യം ചിലരുടെയെങ്കിലും നെഞ്ചില്‍ കുടുങ്ങിക്കിടപ്പുണ്ടാകും. വെറും വാക്കിലൊതുങ്ങാത്ത അര്‍ത്ഥസാഗരമാണ് ഗുളികൻ. ആ വാക്ക് സൂചിപ്പിക്കുന്ന ബിംബങ്ങള്‍ നിരവധിയുണ്ട്. വടക്കൻ കേരളത്തിലെ തെയ്യപ്രപഞ്ചത്തിലെ ഭൈരവാദി മൂർത്തി സങ്കൽപ്പങ്ങളില്‍ ഒന്നായ ഗുളികനെന്ന തെയ്യക്കോലം. അഷ്‍ടനാഗങ്ങളിൽ ഒരുവനായ ഗുളികൻ. ജോതിഷത്തിലെ മന്ദ : പുത്രനായ ഗുളികൻ. വടക്കൻതിരുവിതാംകൂറിലെ കുടുംബ ക്ഷേത്രങ്ങളിലും മറ്റും ആചരിക്കപ്പെടുന്ന അറുകുല സമ്പ്രദായത്തിലെ പ്രേതഗുളികൻ.

തീര്‍ന്നിട്ടില്ല, ഒറ്റവാക്കില്‍ ഉത്തരങ്ങള്‍ ഇനിയും ഒരുപാടുണ്ട്. 

ബോധം..
തിരിച്ചറിവ്..
ശരീരത്തിന്‍റെ തുലനാവസ്ഥ..
തുലനം പാലിക്കുന്ന ഓട്ടോലിത്ത്..
കാണാനാകാത്ത കാവല്‍ മാലാഖ..

ഇപ്പറഞ്ഞതൊക്കെ ഗുളികനാകുന്നത് എങ്ങനെയന്നല്ലേ? ഉത്തരങ്ങളുണ്ട്. എന്നാല്‍ ആ ഉത്തരങ്ങള്‍ക്ക് മുമ്പ് ആദ്യം തെയ്യപ്രപഞ്ചത്തിലെ ഗുളികനെക്കുറിച്ച് അറിയണം. തെയ്യക്കോലങ്ങളെല്ലാം മതിലിനകത്തിരിക്കുമ്പോള്‍ വെയിലും മഴയുമേറ്റ് മാടമില്ലാതെ പുറത്തിരിക്കുന്ന ഗുളികന്‍ എന്ന കാവല്‍ക്കാരനെ അറിയണം. കളിയാട്ടക്കാലങ്ങളില്‍ കുട്ടികളുടെ കൂടെ ഓടിത്തിമര്‍ക്കുന്ന 'കുളിയൻ' എന്ന കളിക്കൂട്ടുകാരനെ അറിയണം. പിന്നെ ജ്യോതിഷത്തിലെ ശനിപുത്രനായ ഗുളികനെയും അഷ്‍ടനാഗങ്ങളിൽ ഒരുവനായ ഗുളികനെയും അറിയണം. അപ്പോള്‍ ആ ഉത്തരങ്ങളും നിങ്ങളെ തേടിയെത്തും. 

കാലനില്ലാത്ത കാലത്ത് മഹാദേവന്റെ പെരുവിരൽപ്പൊട്ടിയടര്‍ന്നുണ്ടായ ദേവനാണ് തെയ്യപ്രപഞ്ചത്തിലെ ഗുളികൻ. ജനനമരണങ്ങളുടെ കാരണഭൂതൻ. ഉച്ചയ്ക്കും സന്ധ്യക്കും പാതിരാനേരത്തും നടന്നുവാഴുന്ന ദേവൻ. തെയ്യപ്രപഞ്ചത്തിലെ ഗുളികൻ പിറവിയുടെ കഥ ഇങ്ങനെ. മൃകണ്ഡു എന്ന മഹര്‍ഷിക്ക് കുഞ്ഞുങ്ങള്‍ ഇല്ലാതെ ദു:ഖിതനായിരുന്നു. ഏറെക്കാലം പരമശിവനെ തപസ് ചെയ്‍തു മുനി. ഒടുവില്‍ പ്രത്യക്ഷനായ പരമശിവനോട് ദു:ഖം പറഞ്ഞു മുനി. 

അപ്പോള്‍ ശിവൻ ചോദിച്ചു: 

"നൂറ് വയസുവരെ ജീവിക്കുന്ന ബുദ്ധിശൂന്യനനായ ഒരു മകനെ വേണോ, അതോ വെറും പതിനാറ് വയസ് വരെ മാത്രം ആയുസുള്ള മഹാപണ്ഡിതനായ ഒരു മകനെ മതിയോ..?

ആയുസ് കുറവെങ്കിലും അറിവുള്ളൊരു മകൻ മതി എന്നു പറഞ്ഞു മൃകണ്ഡു.

അങ്ങനെ മുനിക്കൊരു മകൻ പിറന്നു. അവന് 'മാർകണ്ഡേയൻ 'എന്നു പേരിട്ടു മൃകണ്ഡു. മിടുമിടുക്കനായി അവൻ വളര്‍ന്നു. മകന് പതിനാറു തികയാറായപ്പോൾ മാതാപിതാക്കളുടെ നെഞ്ചുകലങ്ങി. തനിക്ക് ആയുസെത്തിയെന്ന കാര്യം അപ്പോഴാണ് മാർകണ്ഡേയൻ അറിയുന്നത്. എന്നിട്ടും അവൻ പതറിയില്ല. കഠിനമായ ശിവഭജനം തുടങ്ങി. ശിവലിംഗത്തിനുമുന്നിൽ മന്ത്രം ചൊല്ലിച്ചൊല്ലി നേരം കൂട്ടി. അങ്ങനൊരു നേരത്താണ് മരണദേവനായ കാലൻ കാലപാശവുമായ് അവനെത്തേടി വരുന്നത്. കാലന്‍റെ വിളികേട്ട മാർക്കണ്ഡേയൻ ശിവലിംഗത്തെ കെട്ടിപ്പിടിച്ച് നിലവിളിച്ചു. പക്ഷേ കാത്തുനില്‍ക്കാൻ കാലന്  കാലമില്ലായിരുന്നു.  പോത്തിന്മേലിരുന്ന് കുരുക്ക് വീശിയെറിഞ്ഞു കാലൻ. മര്‍ക്കണ്ഡേയന്‍റെ കഴുത്തും ശിവലിംഗവും ചേര്‍ന്ന് ആ കരുക്കുമുറുകി. ആഞ്ഞുവലിച്ചു കാലൻ. പിഴുതുവന്നു ശിവലിംഗം. 

പിന്നെ പറയാനുണ്ടോ? ശിവകോപം ജ്വലിച്ചു. മൂന്നാംകണ്ണ് താനേ തുറന്നു. ഒറ്റനോക്കില്‍ത്തന്നെ എരിഞ്ഞമര്‍ന്നു കാലൻ. ശേഷിച്ചത് ഒരുപിടി ചാരം മാത്രം. ശേഷം കാലനില്ലാത്ത കാലം. ജീവജാലങ്ങൾക്ക് മരണമില്ലാതായി. ഭാരം താങ്ങിതാങ്ങി നടുതളര്‍ന്ന ഭൂമിദേവി വിവശയായി. കാര്യമറിഞ്ഞ ശിവന്‍റെ മനമലിഞ്ഞു. ഇടതുതൃക്കാലിന്‍റെ പെരുവിരൽ നിലത്തമർന്നു. ആ വിരല്‍ പൊട്ടിപ്പിളർന്നു. അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ഒരു ദേവൻ അവതരിച്ചു.  അതാണ് സാക്ഷാല്‍ ഗുളികൻ. 

ത്രിശൂലവും കാലപാശവും നൽകി ഗുളികനോട് മഹാദേവൻ ഇങ്ങനെ പറഞ്ഞു: 

"കീഴ്‍ലോകത്തെക്ക് പോകുക.. ചെന്ന് കാലന്‍റെ ജോലി ചെയ്യുക.."

അങ്ങനെ ശിവാംശജാതനായ ഗുളികൻ നേരെ ഭൂമിയിലേക്കിറങ്ങി. കാലനില്ലാത്ത കാലത്തെ കാലനായി. മരണസമയത്ത് ജീവജാലങ്ങളുടെ ജീവനുകളും തൂക്കി ഭൂമിയില്‍ നിന്നും പറന്നു. പുറംകാലനെന്നും  കരിങ്കാലെന്നും പേരുണ്ട് ഗുളികന്. കാലൻ , അന്തകൻ, യമൻ എന്നീ പേരുകളിലും അറിയപ്പെടുന്നു ഗുളികൻ. തെയ്യക്കാവുകളിലെ പ്രധാന ദേവതയായ ഗുളികനെ ദേവസ്ഥാന വാസ്‍തുവിന്റെ സംരക്ഷകനായിട്ടാണ് അത്യുത്തരകേരളത്തില്‍ കരുതുന്നതും ആരാധിക്കുന്നതും. കാവുകളുടെയും ദേവസ്ഥാനങ്ങളുടെയുമൊക്കെ മതിലിന് പുറത്ത് ചെമ്പകമരച്ചോട്ടിലാണ് ഗുളികന്‍റെ സ്ഥാനം. 

വെടിയിലും പുകയിലും കരിയിലും നാനാകര്‍മ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നാണ് തെയ്യത്തിന്‍റെ വാമൊഴി. അതുകൊണ്ടുതന്നെ ജനനം മുതല്‍ മരണം വരെയുള്ള ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കര്‍മ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഉത്തരകേരളത്തിലെ പല സമുദായങ്ങളും ഗുളികൻറെ ആരാധനകൾ ചെയ്‍തു വരുന്നുണ്ട്. എന്നാല്‍ മലയ സമുദായക്കാരുടെ കുലമൂര്‍ത്തിയാണ് ഗുളികന്‍. മറ്റാരേക്കാളും  മലയരുടെ പൂജയാണത്രെ ഗുളികന് ഇഷ്‍ടം. ഒരു മലയൻ മന്ത്രം പോലുമറിയാതെ ഗുളികനെ മനസിൽ ധ്യാനിച്ച് ഒരു പുഷ്പ്പം അർപ്പിച്ചാലും ദേവൻ അത് നെഞ്ചോട് ചേര്‍ക്കുമത്രെ. ഒട്ടുമിക്ക കാവുകളിലും ഗുളികന് സ്ഥാനമുണ്ടാകും. വിഘ്നേശ്വരനായ ഗണപതി ഭഗവാനെ കഴിഞ്ഞാൽ ചെയ്യുന്ന കർമ്മങ്ങളിൽ വിഘ്നം തീർക്കാൻ കഴിയുന്ന ദേവൻ കൂടിയാണ് ഗുളികൻ.  

പലതരം ഗുളികന്മാരുണ്ട് തെയ്യപ്രപഞ്ചത്തില്‍. ഗുളികൻമാര്‍ നൂറ്റൊന്നെന്നാണ് ചൊല്ല്. അതിൽ ചിലരാണ് കാലഗുളികൻ (തെക്കൻ ഗുളികൻ), മന്ത്രഗുളികൻ (വടക്കൻ ഗുളികൻ), കാരഗുളികൻ, മൂകാംബി ഗുളികൻ, മാരിഗുളികൻ, മാരണഗുളികൻ, പുലഗുളികൻ , ജപഗുളികൻ, കരിംഗുളികൻ, മാരണഗുളികൻ, ചൗക്കാർ ഗുളികൻ, രക്തഗുളികൻ, ചുവന്നഗുളികൻ, സ്ഥാനഗുളികൻ, ഉമ്മട്ട ഗുളികൻ, കുട്ടിഗുളികൻ, മൃത്യുഗുളികൻ, കരിഗുളികൻ, വിഷ്‍ണുഗുളികൻ, രാഹുഗുളികൻ, അന്തിഗുളികൻ, പാതിരഗുളികൻ,  ജാതക ഗുളികൻ തുടങ്ങിയവര്‍. ഇതില്‍ വടക്കൻ ഗുളികൻ, തെക്കൻ ഗുളികൻ, മാരണ ഗുളികൻ പുലഗുളികൻ, ജപഗുളികൻ, കരിംഗുളികൻ, കാരഗുളികൻ, ജാതക ഗുളികൻ, ഉമ്മിട്ട ഗുളികൻ  തുടങ്ങിയ സങ്കല്‍പ്പങ്ങൾക്ക് കെട്ടിക്കോലമുണ്ട്. 

നാഗരൂപത്തിൽ കെട്ടിയാടുന്ന ഗുളികന്‍റെ വ്യത്യസ്‍ത രൂപങ്ങൾക്ക്‌ വ്യത്യസ്‍ത വേഷങ്ങളാണ്. കുരുത്തോല വഞ്ചിയും കയ്യിൽ ദണ്ഡും കുരുത്തോലകൊണ്ട് കെട്ടിയ ആകോലും അരിച്ചാന്ത് പൂശിയ ദേഹത്ത് മൂന്ന് കറുത്ത വരകളുമാണ് ഗുളികൻ തെയ്യത്തിന്‍റെ വേഷം. പുരികത്തിനു തൊട്ടുമുകളില്‍ നിന്നും തുടങ്ങി കണ്ണിനു താഴെ വരെ മഷി. മുഖത്തും ദേഹത്ത് പൊക്കിൾ വരേയും അരിച്ചാന്തിടും. പിന്നെ ഈർക്കിലുകൊണ്ട് മുഖത്തു നിന്നും വിരലുകൊണ്ട് ദേഹത്തുനിന്നും അരിച്ചാന്തുമാറ്റും. അങ്ങനെ അരിച്ചാന്ത് വരകളാകും. തലപ്പാളി കെട്ടി, തലത്തണ്ട കെട്ടും.  ഈർക്കിൽ കളഞ്ഞ കുരുത്തോല മടലോടെ അരയിൽ ചുറ്റിക്കെട്ടും. ഇതിനെ കുരുത്തോലവഞ്ചി എന്നും ഒലിയുടുപ്പെന്നും പറയും. കയ്യിൽ കുരുത്തോല കൊണ്ട് നകോരം കെട്ടും. പിറകിൽ നിതംബം വരെ താഴ്ന്നു കിടക്കുന്ന ചാമരം. കാലിൽ ചിലങ്കകള്‍. ചൂട്ടും, ത്രിശൂലവുമാണ്‌ പ്രധാന ആയുധങ്ങള്‍. 

വ്യത്യസ്‍ത രൂപങ്ങൾക്ക്‌ വ്യത്യസ്‍ത വേഷങ്ങളാണെങ്കിലും ഒട്ടുമിക്ക ഗുളികൻ തെയ്യങ്ങളും മുഖപ്പാളയും അരയിൽ കുരുത്തോല കൊണ്ടുള്ള ഒലിയുടുപ്പും ധരിക്കും. മെയ്യെഴുത്ത് അരിച്ചാന്തുതന്നെ. തെക്കൻ ഗുളികന് ഉയരമേറിയ തിരുമുടിയുണ്ടാകും. ഇത് ധരിച്ചുകൊണ്ടുതന്നെ പൊയ്ക്കാലിൽ നടക്കും. കാരഗുളികൻ കോലം ഉറഞ്ഞാടി കൂര്‍ത്ത കാരമുള്ളിലേക്ക് എടുത്തുചാടും. കാരമുള്ളിൽ ശയിക്കും.  

വൈക്കോലിൽ ഒരു ശിശുവിന്‍റെ രൂപം ഉണ്ടാക്കും ഉമ്മിട്ട ഗുളികൻ. എന്നിട്ട് തന്‍റെ കുഞ്ഞിനെപ്പോലെ അതിനെ എണ്ണ തേപ്പിക്കും. കുളിപ്പിക്കും. ഉടുപ്പിക്കും.  മുലകൊടുക്കും. താലോലിക്കും. പക്ഷേ ഒടുവിൽ കരച്ചിലടക്കാത്തെ കുഞ്ഞിനെ ത്രിശൂലത്തില്‍ കുത്തിക്കോര്‍ത്ത് കൊല്ലും. എന്നിട്ട് പൊട്ടിപ്പൊട്ടിച്ചിരിക്കും. ഇവിടെയാണ് ജനനം മുതൽ മരണം വരെയുള്ള സര്‍വ്വ കാര്യങ്ങളിലും അത് നല്ലതാണെങ്കിലും മോശമായാലും ഗുളികന്‍റെ സാനിധ്യമുണ്ട് എന്നതിന് ദൃഷ്‍ടാന്തമായി വരുന്നത്. ഒരേസമയം വാത്സല്യമൂര്‍ത്തിയും പുറങ്കാലരൂപനുമാണ് ഗുളകനെന്ന് തെളിയുന്നത്. 'കുളിയൻ കുഞ്ഞിനെ പോറ്റുമ്പോലെ' എന്നൊരു ചൊല്ലു തന്നെയുണ്ട് വടക്കൻ കേരളത്തില്‍.

ഗുളികന് ഉത്തരകേരളത്തിൻറെ വടക്കും തെക്കും രൂപത്തിലും പുരാവൃത്തത്തിലും വ്യത്യാസമുണ്ട്. പക്ഷേ കാലൻറെ സങ്കൽപ്പത്തിലുള്ള ആരാധനയും ഉപാസനലക്ഷ്യവും തികച്ചും ഒന്നുതന്നെയാണ്. കണ്ണൂരിന് തെക്ക്, അതായത് വളപട്ടണം പുഴയ്ക്ക് തെക്കുള്ള പ്രദേശങ്ങളില്‍ ഉയരമുള്ള മുടി വയ്ക്കുന്ന തെക്കന്‍ ഗുളികനാണ് പ്രചാരത്തില്‍. ആദ്യം ഇളം കോലമായും പിന്നീട് തിരുമുടിയും മുഖപ്പാളിയും അണിഞ്ഞ്  കൈയ്യിൽ ദണ്ഡും ഏന്തി തിരുനടനം ചെയ്യും തെക്കൻ ഗുളികൻ. അതിനു ശേഷം പൊയ്ക്കാലിൽ മൂന്നു തവണ  ക്ഷേത്രം വലം വയ്ക്കും.

തെക്കൻ ഗുളികനും വടക്കൻ ഗുളികനും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. വളപട്ടണം പുഴയ്ക്ക് വടക്കുള്ള ദേശങ്ങളിലെ വടക്കൻ ഗുളികനു വെള്ളാട്ടമില്ല. പൊയ്ക്കാലും നീണ്ട മുടിയുമില്ല. മുഖപ്പാളയും കുരുത്തോലയുമണിഞ്ഞ് കയ്യില്‍ ത്രിശൂലവും വെള്ളോട്ട് മണിയുമായാണ് ഗുളികന്‍ തെയ്യമിറങ്ങുക. ശൂലം നീട്ടി കുത്താനോങ്ങിയും വായ്ക്കുരവയിടുന്ന കുട്ടികളുടെ പിന്നാലെ പാഞ്ഞും പൊടിക്കൈകള്‍ കാട്ടി കാണികളെ ചിരിപ്പിക്കുകയും ചെയ്യുന്ന കോലമാണ് വടക്കൻ ഗുളികന്‍ തെയ്യം. 

മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്. എല്ലായിടത്തും സഞ്ചാരമുള്ള ദേവതയാണ് ഗുളികൻ. സർവ്വ വ്യാപിയായ ഗുളികൻറെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാകില്ലെന്ന് ഉപാസകൻമാർ ഉറച്ച് വിശ്വസിക്കുന്നു. ജനനമരണകാരകനായ ഗുളികൻറെ സാനിദ്ധ്യമാണ് പ്രപഞ്ചത്തിൻറെ കർമ്മഗതിയെ നിയന്ത്രിക്കുന്നത്. അന്തകനെന്ന നിലയിലും ജനനമരണങ്ങളുടെ കാരണഭൂതൻ എന്ന നിലയിലും ഗുളികന് മുഖ്യസ്ഥാനമുണ്ട്. ഉച്ചക്കും സന്ധ്യക്കും പാതിരാനേരത്തും നടന്നുവാഴ്ച ചെയ്യുന്ന ദേവനാണ് ഗുളികൻ. ഗുളികൻറെ പ്രത്യക്ഷദർശനം മരണത്തിന് കാരണമാകുമെന്നാണ് വിശ്വാസം. അതേസമയം ഭക്തൻമാർക്ക് വന്നു ഭവിക്കുന്ന സർവ്വ ദോഷങ്ങളും ദൂരീകരിക്കുന്ന ദേവനും കൂടിയാണ് ഗുളികൻ. 

കരിങ്കലശം ആണ് ഗുളികൻറെ കർമ്മങ്ങളിൽ പ്രധാനം. അപമൃത്യു സംഭവിക്കാതിരിക്കാനും സകലദോഷങ്ങളും ദുരിതങ്ങളും വിട്ടുമാറുന്നതിനും ഭക്തൻമാർ കരിങ്കലശം ചെയ്യുന്നു. കോഴിയറുത്ത് ഗുരുസി തർപ്പണത്തിലൂടെയാണ് കർമ്മം പൂർത്തിയാക്കുന്നത്. തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.  തിറയാട്ടത്തിലെ പാണ സമുദായക്കാർ കെട്ടിയാടുന്ന ഗുളികന് കഥകളിയിലെ കരിവേഷത്തോട് സാമ്യമുണ്ട്. 

മറ്റൊരു ഗുളികൻ കഥയില്‍ പരമശിവന്‍റെ ശാപം കൊണ്ട് ഗുളികൻ പാതാളത്തിൽപ്പോയി പന്ത്രണ്ട് വർഷം ഒളിച്ചിട്ടുണ്ട്. അങ്ങനെ കാലനില്ലാത്ത കാലം വീണ്ടും വന്നെന്നും പിന്നീട് ത്രിമൂര്‍ത്തികളുടെ തന്നെ ആവശ്യപ്രകാരം പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഭൂമിയിലേക്ക് ഗുളികൻ തിരിച്ചുവന്നെന്നുമാണ് ഈ കഥകള്‍. വേറൊരു കഥയിലോ, പാര്‍വ്വതീ ദേവിക്ക് ചാരത്തില്‍ നിന്നൊരു കല്ലു കിട്ടി. ആ കല്ലിനെ ശിവനെടുത്ത് വലിച്ചെറിഞ്ഞു. ആ കല്ലില്‍ നിന്നാണ് ഗുളികൻ പിറന്നത്. അങ്ങനെയാണ് വൻ മരങ്ങള്‍ക്ക് കീഴെയും മറ്റും ശിലാരൂപത്തില്‍ ഗുളികന്‍റെ വാസസ്ഥാനം വരുന്നതെന്നാണ് ഈ കഥകള്‍. 

ശനിപുത്രനായ ഗുളികൻ
ഇനി കേരളീയ ജ്യോതിഷത്തിന്‍റെ ആണിക്കല്ലായ ഗുളികന്‍റെ കഥയാണ്.  ശനിയുടെ മകനും സൂര്യന്‍റെ പേരമകനുമാണ് ഈ ഗുളികന്‍. രാത്രിയും പകലും വ്യത്യസ്‍ത രാശികളിൽ ഉദിച്ച് അസ്‍തമിക്കുന്ന ഗുളികന്‍റെ പിറവിയെപ്പറ്റി 'ഗുളികോല്‍പ്പത്തി' എന്ന ലഘുകാവ്യത്തിലെ കഥ ഇങ്ങനെ. ഒരിക്കല്‍ ശനിയും വ്യാഴവും തമ്മില്‍ യുദ്ധം നടന്നു. വെറും യുദ്ധമല്ല, ഉഗ്രയുദ്ധം. പോരിനിടെ വ്യാഴം എയ്‍ത ശരം നെറ്റിയിലേറ്റ് നിലംപതിച്ചു ശനിദേവൻ. ഓടിയെത്തിയ  ബ്രഹ്മദേവന്‍ നിലത്തുവീണ ശനിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. നെറ്റിയിലെ ശരം വലിച്ചൂരി ബ്രഹ്മാവ്. അപ്പോള്‍ ശനിയുടെ തിരുനെറ്റിയില്‍ നിന്നും ഒരുതുള്ളിച്ചോര താഴേക്ക് വീണു. കടുംനീലനിറമായിരുന്നു ആ ചോരത്തുള്ളിക്ക്. പൊടുന്നനെ ഒരു ഉഗ്രരൂപം ആ ചോരത്തുള്ളിയില്‍ നിന്നും ഉയര്‍ന്നുവന്നു. സര്‍പ്പത്തിന്‍റെ ആകൃതി. തീക്ഷ്‍ണമായ കണ്ണുകള്‍.  നിറം, ഇരുണ്ടനീല. 

ആ പൊന്മകനെ ശനിയുടെ പുത്രനാനെന്നു വിളിച്ചു  ബ്രഹ്മാവ്. 'മാന്ദി' എന്നവനെ  പേരുചൊല്ലി വിളിച്ചത് സാക്ഷാല്‍ വിഷ്‍ണു ഭഗവാൻ. സമസ്‍ത ജന്തുക്കളെയും മരിപ്പിക്കുവാന്‍ ജന്മായത്തമായ കഴിവുള്ളതിനാല്‍ ഇവൻ 'മൃത്യു' എന്ന പേരിലും അറിയപ്പെടുമെന്നും ചൊല്ലി വിഷ്‍ണു. ശനിയുടെ ഉപഗ്രഹം എന്ന പദവിയും ആ പൊന്മകന് ദേവന്മാര്‍ നല്‍കി. കുറിയരൂപം മൂലമാകണം ഗുളികന്‍ എന്ന പേരുകൂടി സിദ്ദിച്ചു. എന്നാല്‍ പേരില്‍ മാത്രമാണ് ഗുളികത്വം. കാര്യചിന്തയില്‍ വാമനന്‍ ത്രിവിക്രമനാകുന്ന മഹാവൈഭവം ഗുളികനുണ്ടെന്ന് ജ്യോതിഷികള്‍ പറയുന്നു. 

പൌരാണിക കാലത്തെ ഗ്രന്ഥങ്ങളിലൊന്നും ഗുളികനേക്കുറിച്ച് കാര്യമായി പരാമര്‍ശമില്ലെങ്കിലും തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ചും കേരളീയ ജ്യോതിഷത്തിൽ ഗുളികന് വലിയ പ്രാധാന്യമുണ്ട്.  കേരളീയ ജ്യോതിഷ സമ്പ്രദായത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ദശാധ്യായിയിലും പ്രശ്‍നമാര്‍ഗ്ഗത്തിലും ഗുളികനെ വളരെ പ്രാധാന്യത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. പ്രശ്‍നാനുഷ്‍ഠാസന പദ്ധതി, പരാശരഹോര തുടങ്ങിയ ജ്യോതിഷഗ്രന്ഥത്തിലും ഗുളികനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ജ്യോതിഷികള്‍ ഫലപ്രവചനത്തിന് ഗുളികന്റെ സ്ഥിതിയും വിശകലനം ചെയ്യുന്നുണ്ട്. രാശിപ്രശ്‍നങ്ങളുടെ ആരംഭത്തിൽ ആദ്യം പരിശോധിക്കുന്നത് ഗുളികസ്‍ഫുടം ആണ്. 

ഭയക്കേണ്ട കക്ഷി കൂടിയാണ് ജ്യോതിഷത്തിലെ ഗുളികൻ. കാരണം, സഞ്ചരിക്കുന്ന രാശി ശുഭകരമല്ല എന്നതുതന്നെ. പതിനൊന്നാമെടം ഒഴികെ ഏതു ഭാവത്തിലും പലപ്പോഴും ദോഷദായകനാണ് ഗുളികന്‍ എന്നാണ് ജ്യോതിഷ ഭാഷ്യം. ശനിയുമായി ചേരുമ്പോഴാണ് ഗുളികന്‍റെ ദോഷശക്തി കൂടുതല്‍ ഭീകരമാകുന്നത്. ഗുളികന്‍ നില്‍ക്കുന്ന ഭാവം മാത്രമല്ല മലിനമാകുന്നത്. ആ രാശിയുടെ അധിപനും, ആ അധിപഗ്രഹം ചെന്നു നില്‍ക്കുന്ന രാശിയും ഭാവവുമൊക്കെ അശുഭമാകുന്നു. ഇക്കാരണങ്ങളാലാണ് ഗുളികകാലം നല്ല കർമ്മങ്ങൾക്കായി ഉപയോഗിക്കാത്തത്. 

ഗ്രഹനിലയില്‍ 'മാ' എന്ന പേരില്‍ ആണ് ഗുളികനെ അടയാളപ്പെടുത്തുന്നത്. മന്ദന്‍ എന്നാല്‍ ശനി. അതുകൊണ്ട് 'മ' എന്ന അക്ഷരം ശനിയെ കുറിക്കുന്നു. ശനിയുടെ മകനാണ് ഗുളികന്‍ എന്നതിനാല്‍ 'മന്ദന്റെ മകന്‍' എന്ന അര്‍ത്ഥത്തില്‍ 'മാന്ദി'  എന്ന് ഗുളികനെ വിളിക്കുന്നു. അങ്ങനെ ആ പേരിലെ  ആദ്യാക്ഷരമായ 'മാ' എന്നത് ഗുളികനെ രേഖപ്പെടുത്തുന്ന അക്ഷരവുമാകുന്നു. ശനിയോടൊപ്പം തന്നെ ഗുളികനും ഉദിക്കുന്നു. രാശികളില്‍ മറ്റ് ഗ്രഹങ്ങളെപ്പോലെ ക്രമമായി സഞ്ചരിക്കുന്ന പതിവ് ഗുളികനില്ല.

എത്ര സാധു സ്വഭാവമുള്ളവരെപ്പോലും വെറുപ്പിക്കുന്ന ചിലരെ കണ്ടിട്ടില്ലേ? നാക്കിലും നോക്കിലും പ്രവര്‍ത്തിയിലുമൊക്കെ ചൊറിയന്മാരെന്ന് പൊതുബോധം വിളിക്കുന്ന ചില മനുഷ്യരെ? ഗ്രഹനിലയിൽ രണ്ടാം ഭാവത്തിൽ ഗുളികൻ നിൽക്കുന്നത് കൊണ്ടാണത്രെ ഇവര്‍ അങ്ങനെ ആയിപ്പോകുന്നതെന്നാണ് കേരളീയ ജ്യോതിഷികള്‍ പറയുന്നത്. അരുതാത്ത കാര്യങ്ങള്‍ വല്ലതും പറയുമ്പോള്‍ ചിലര്‍ പറയും സൂക്ഷിച്ചു പറയണം നാക്കില്‍ ഗുളികന്‍ ഇരിപ്പുണ്ടാകുമെന്ന്. പറഞ്ഞത് അറം പറ്റിയതുപോലെ ഫലിക്കും എന്നാണ് ഇതിന്‍റെ സൂചന. 

പാപികളില്‍ ഒന്നാമനും ദ്രോഹികളില്‍ മുമ്പനുമാണ് ഗുളികന്‍. അതുകൊണ്ട് ഗുളികകാലം പൊതുവേ മോശം കാലമാണ്. ജ്യോതിഷം ഏഴ് എന്ന സംഖ്യകൊണ്ട് കാണിക്കുന്ന ഗുളികനെ പരേതാത്മാവായാണ് കണക്കാക്കുന്നത്. ജാതകത്തില്‍ അനിഷ്‍ട സ്ഥാനങ്ങളിലോ മറ്റ് ഗ്രഹങ്ങളോട് പാപബന്ധത്തോടു കൂടിയോ നില്‍ക്കുന്ന ഗുളികനെ വളരെയധികം പേടിക്കേണ്ടതുണ്ട്. വ്യാഴം ഒഴിച്ച് ഏത് ഗ്രഹം ഗുളികനോട് ചേര്‍ന്നു നില്‍ക്കുകയോ ഗുളികനിലേക്ക് ദൃഷ്‍ടി പായിക്കുകയോ ചെയ്താല്‍ ആ ഗ്രഹങ്ങളില്‍ ഉണ്ടാവുന്ന സദ്ഗുണങ്ങള്‍ കുറയും. വംശ ശുദ്ധി, കുലക്ഷയം, സന്താനനാശം, മനോരോഗം എന്നീ കാര്യങ്ങള്‍ക്ക് പരിഹാരം കാണുമ്പോള്‍ ഗുളികന്‍റെ സ്ഥാനം പരിഗണിക്കാറുണ്ട് . പ്രേത പിശാച് ബാധ, പൂര്‍വ്വികരുടെ അനിഷ്‍ടം, കുടുംബ ദേവതകളുടെ അപ്രീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോഴും ഫലം നിര്‍ണ്ണയിക്കുമ്പോഴും കേരളീയ ജ്യോതിഷത്തില്‍ ഗുളികന്‍റെ സ്ഥാനം കൂടി കണക്കിലെടുക്കാറുണ്ട്. 

എന്നാല്‍ ഗുളികൻ ഗുണകാരിയുമാകാറുണ്ട്. ജന്മത്തിലോ എട്ടിലോ ഗുളികൻ നിൽക്കുന്നുവെങ്കിൽ ശത്രുവിനെ നശിപ്പിക്കാൻ സഹായിക്കുമെന്നും ജ്യോതിഷികള്‍ പറയുന്നു. ഗുളികകാലം ചില കർമ്മങ്ങൾക്ക് നല്ലതാണെന്നും ജ്യോതിഷികള്‍ കണക്കാക്കുന്നുണ്ട്. ഗുളികനെ  ഉപാസിച്ചാൽ ജ്യോതിഷത്തിൽ അഗ്രഗണ്യനായി തീരുമെന്നാണ് വിശ്വാസം. എന്നാൽ പ്രസാദിക്കാൻ ഏറ്റവും മടിയുള്ള കൂട്ടത്തിലുമാണ് ഗുളികൻ. ഉപാസന തെറ്റിയാൽ ഉപാസകന്‍റെ സമനില തെറ്റുമെന്നാണ് വിശ്വാസം. 

അഷ്‍ടനാഗങ്ങളിലെ ഗുളികൻ
അഷ്‍ടനാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ,  മഹാപത്മൻ, ഗുളികൻ, ശംഖപാലൻ എന്നിങ്ങനെ അഷ്‍ടനാഗങ്ങളിൽ ഏഴാമൻ കൂടിയാണ് ഗുളികൻ.  തൃക്കാല്‍ പിളര്‍ന്നുണ്ടായ ഗുളികനെ ത്രിശൂലവും കാലപാശവും നൽകി കാലന്റെ പ്രവൃത്തി ചെയ്യാൻ ശിവൻ കീഴ്‍ലോകത്തേക്ക് അയക്കാനൊരുങ്ങിയ കാലത്താണ് കുഞ്ഞുങ്ങളെ ലഭിക്കാൻ കശ്യപ മഹർഷി ഹോമം നടത്തിയത്. അങ്ങനെ ഗുളികനെ  ദക്ഷ പുത്രിയും കശ്യപ മുനിയുടെ ഭാര്യയുമായ കദ്രുവിന്റെ ഗർഭത്തിലൂടെ നാഗരൂപത്തിൽ  ഭൂമിയിലേക്കയച്ചു.  കദ്രുവിന് ഉണ്ടായ ആയിരം സർപ്പസന്തതികളിൽ ഏഴാമനായി ഭൂമിയിൽ ജന്മമെടുത്തു ഗുളികൻ. ഈ ആയിരം സർപ്പസന്തതികളിൽ ഒന്നാമനും നാഗരാജാവുമായ അനന്തനും ഏഴാമനായ ഗുളികനും മഹാവിഷ്‍ണുവിന്റെ കൂടെ പാലാഴിയിൽ വസിക്കുന്നു. ബാക്കിയുള്ള 998 സർപ്പങ്ങളും നാഗഭൂഷണനായ ശിവന്റെ ആഭരണങ്ങളായി കൈലാസത്തിലാണത്രെ വാസം. 

ഒരാളുടെ ജയ പരാജയങ്ങൾ നിർണയിക്കുന്നത് അഷ്‍ടനാഗങ്ങളിൽ ഏഴാമനായ ഗുളികൻ ആണെന്ന് വിശ്വാസമുണ്ട്. ഗുളികന്‍റെ സാന്നിധ്യം ഇല്ലാത്ത ഗ്രഹനില അപൂർണ്ണമായിരിക്കും. നാഗരാജാവിന്റെ രൂപമാണ് ഗുളികന്,  പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിയ്ക്കും ബന്ധമുണ്ട് . പുള്ളുവൻ പാട്ടിൽ നാഗോൽപത്തി പാടുമ്പോൾ  അഷ്‍ട നാഗങ്ങളുടെ പേരുകളും  ലക്ഷണവും നിറവും  പാടുന്നുണ്ട്. അതിൽ വര്‍ണ്ണിക്കുന്ന  ഗുളികന് ഹരിത വര്‍ണ്ണമാണ്. നാഗപടത്തിന്റെ രൂപമാണ്  മുടിയിൽ.

ജാതക ദോഷ പരിഹാര സമയത്ത് അഷ്‍ട നാഗങ്ങൾക്കു പ്രത്യേകിച്ചു പൂജ ചെയുന്നത് ജാതകത്തിലെ ഗുളികദോഷം മാറാനാണ്.  ക്ഷിപ്ര പ്രസാദിയാണ് നാഗരാജാവ് ഗുളികൻ. എട്ട് നാഗരാജാക്കമാരെ ഒന്നിച്ചു വിളിച്ചു നൂറും പാലും നൽകിയാണ് ഗുളികനെ പ്രീതിപ്പെടുത്തുന്നത്.  ഗുളികൻ നിൽക്കുന്ന ഇടവും ദൃഷ്‍ടി പതിക്കുന്ന ഇടവും നശിക്കും എന്നാണ് വിശ്വാസം.  ഗ്രഹനിലയിൽ ഗുളികൻ നിൽക്കുന്നതിന്റെ ഏഴാമത്തെ രാശിയിലാണ് ദൃഷ്‍ടി.  അതുകൊണ്ട് തന്നെ ഗുളികന് നൂറും പാലും നൽകുന്നത് നാഗരാജാവ്  അനന്തന്റെ പത്നിയും നാഗലോകത്തിന്റെ ഐശ്വര്യ ദേവതയുമായ നാഗലക്ഷ്‍മി അഥവാ അനന്തലക്ഷ്‍മിയുടെ പ്രതിഷ്‍ഠയുള്ള സർപ്പക്കാവിൽ മാത്രമാണ്. അതായത് അനന്തനും നാഗലക്ഷ്‍മിയും ഇരിക്കുന്നിടത്തു മാത്രമേ ഗുളികന് നൂറും പാലും കൊടുക്കുകയുള്ളു.  വേറെ എവിടെ ചെയ്‍താലും ചെയ്യുന്ന സ്ഥലവും ചെയ്യുന്ന ആളുടെ  ഏഴുതലമുറയും നശിക്കും എന്നാണ് വിശ്വാസം'.  

ഗുളികൻ എന്ന കാവല്‍ മാലാഖ
ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ ഗുളികനുണ്ട്. അതായത് എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു ഗുളികനുണ്ടാകാം. അത് നന്മ-തിന്മകളുടെ സമ്മിശ്രരൂപമാകാം. വ്യക്തി ചോദനകളാകാം. അബോധ മനസില്‍ ഊറിക്കൂടിയ പേരറിയാത്ത വികാരങ്ങളാകാം. ചിന്തകളുടെ ആകെത്തുകയാകാം. നിങ്ങള്‍ ഒരാളെ ചതിച്ചാല്‍/ പരിഹസിച്ചാല്‍/ വേദനിപ്പിച്ചാല്‍ അയാള്‍ ചിലപ്പോള്‍ നിങ്ങളോട് ക്ഷമിച്ചേക്കാം. പക്ഷേ അയാളുടെ ഗുളികൻ നിങ്ങളോട് ക്ഷമിക്കണമെന്നില്ല. പകയുടെ നേര്‍ത്ത തീപ്പൊരികളായി അയാള്‍പോലും അറിയാതെ അബോധത്തില്‍ അതങ്ങനെ പൊലിക്കുന്നുണ്ടാകാം. നിങ്ങളുടെ സ്വന്തം ഗുളികൻ ആ തീപ്പൊരികളെ ഊതിപ്പൊലിപ്പിക്കുന്നുമുണ്ടാകാം. ഉള്ളിലുള്ള ഗുളികനെ അയാളും നിങ്ങളും അറിയുന്നുപോലുമുണ്ടാകില്ല! നിങ്ങളുടെ വാക്കുകളും ചെയ്‍തികളുമൊക്കെ ഒരാളെ ആന്ദിപ്പിക്കുമ്പോഴും പോസിറ്റീവ് ഊര്‍ജ്ജമായി ഇരു ഗുളികന്മാരും പ്രവര്‍ത്തിക്കുന്നുണ്ടാകാം. 

ക്രിസ്റ്റ്യാനിറ്റിയിലെ സങ്കല്‍പ്പമാണ് കാവല്‍ മാലാഖമാര്‍. ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ടെന്നാണ് ക്രിസ്‍തുമത വിശ്വാസം. അതവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും രക്ഷനേടാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് ക്രിസ്‍ത്യൻ ദൈവജ്ഞര്‍ പറയുന്നത് . ഭൂമിയിലേക്ക് പിറന്നു വീഴുന്നതിന് തൊട്ടുമുമ്പ് വരെ, ഗര്‍ഭപാത്രത്തില്‍ അമ്മയുടെ കാവൽമാലാഖയുടെ സംരക്ഷണത്തിലായിരിക്കുമത്രെ ഒരോ മനുഷ്യക്കുഞ്ഞും. ജനിക്കുന്ന നിമിഷം മുതൽ പുതിയൊരു മാലാഖ ആ കുഞ്ഞിന്‍റെ രക്ഷാദൗത്യം ഏറ്റെടുക്കും. ഈ സംരംക്ഷണം ആ ജീവന്‍റെ മുഴുവൻകാലവും നീണ്ടുനിൽക്കുന്നു. മരിക്കുന്ന നിമിഷം വരെ മാത്രമേ ഈ സംരക്ഷണം നിലനിൽക്കുകയുള്ളു. ശേഷം ശുദ്ധീകരണസ്ഥലം അഥവാ പറുദീസ വരെ അത് നമ്മുടെ ആത്മാവിനൊത്ത് സഞ്ചരിക്കുന്നു. അങ്ങനെ സ്വർഗരാജ്യത്തിൽ നമ്മുടെ കൂട്ടവകാശിയായിത്തീരുന്നു എന്നാണ് ക്രീസ്‍തീയ സങ്കല്‍പ്പം. 

നിന്‍റെ എല്ലാ വഴികളിലും മാലാഖമാർ നിനക്ക് അകമ്പടി സേവിക്കുന്നുണ്ടെന്ന് മനസിലാക്കി, ഓരോ പ്രവർത്തിയും ചെയ്യേണ്ടതു പോലെ ചെയ്യാൻ നീ ജാഗരൂകനായിരിക്കുക എന്നാണ് വിശുദ്ധ ബെർണാർഡ് പറയുന്നത്. "എവിടെ വസിച്ചാലും, ഏത് മുക്കിലും മൂലയിലും നീ അകപ്പെട്ടാലും നിന്റെ കാവൽ മാലാഖയെ ആദരവോടെ ഓർക്കുക. അവൻ ഉണ്ടോ എന്ന് നിനക്ക് സംശയം കാണും. കാരണം നിനക്ക് അവനെ കാണാൻ പറ്റുന്നില്ലല്ലോ? കേവലം കാഴ്‍ചക്കും അപ്പുറത്ത് നിലനിൽപ്പ് ഉണ്ടെന്ന യാഥാർത്ഥ്യം ഓർക്കുക.." വിശുദ്ധ ബെർണാർഡ് പറയുന്നു. 

നമ്മുടെ ശരീരം താളം തെറ്റാതെ തുലനം പാലിക്കുന്നത് എങ്ങനെയെന്നറിയില്ലേ? ആന്തര കര്‍ണ്ണത്തിലെ ഓട്ടോലിത്തുകള്‍ എന്ന ചുണ്ണാമ്പുതരികളാണ് ഇതിന് സഹായിക്കുന്നത്. തലയുടെ ചലനം ചെവിയിലെ അര്‍ദ്ധവൃത്താകാരക്കുഴലുകളിലെ നാഡീതന്തുക്കളെ ഉദ്ദീപിപ്പിക്കുകയും അവയുടെ അഗ്രങ്ങളിലെ ഓട്ടോലിത്തുകള്‍ക്ക് സ്ഥാനചലനം ഉണ്ടാകുകയും നാഡീയ സംവേദങ്ങള്‍ സൃഷ്‍ടിക്കപ്പെടുകയും ചെയ്യുന്നു. ഈ സംവേദങ്ങളാണ് ശരീരത്തിലെ പേശികളും മറ്റ് അവയവങ്ങളും എങ്ങനെ പ്രവര്‍ത്തിക്കണമെന്നുള്ള തീരുമാനമെടുക്കാനും ശരീരത്തെ നേരെ നിര്‍ത്താനും തലച്ചോറിനെ സഹായിക്കുന്നത്. 

ഇങ്ങനെ നാമറിയാതെ ഉദ്ദീപിക്കപ്പെടുകയും സംവേഗങ്ങള്‍ സൃഷ്‍ടിക്കുകയും ചെയ്യുന്ന ചെവിയിലെ ചുണ്ണാമ്പുതരികള്‍ക്ക് സമാനമാണ് നമ്മുടെ ഓരോരുത്തരുടെയും ഗുളികന്മാരെന്നുവേണം കരുതാൻ. മനുഷ്യന്‍റെ അബോധ മനസിന്‍റെ മുക്കിലും മൂലകളിലൊക്കെ ഓരോ ചെമ്പകമരങ്ങള്‍ പൂത്തുനില്‍പ്പുണ്ടാകാം. അതിന്‍റെ ചുവട്ടില്‍ ഒരു ഗുളികൻ തറയുമുണ്ടാകാം. അവിടെ മഴയും വെയിലുമേറ്റ് ഗുളികന്മാര്‍ കാവലിരിപ്പുണ്ടാകാം. നമ്മള്‍ ചെയ്യുന്ന തെറ്റുകളും നമ്മളോട് ചെയ്യുന്ന തെറ്റുകളും നമ്മള്‍ ചെയ്യുന്ന നന്മകളും നമ്മള്‍ അനുഭവിക്കുന്ന നന്മകളുമെല്ലാം എണ്ണിയെണ്ണി തിട്ടപ്പെടുത്തുന്നുണ്ടാകാം. നീ ക്ഷമിച്ചാലും അവൻ / അവള്‍ ക്ഷമിച്ചാലും ഞാൻ ക്ഷമിക്കില്ലെന്ന നാഡീസംവേദങ്ങള്‍ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നുണ്ടാകാം. 

മറ്റ് തെയ്യം കഥകള്‍ കേള്‍ക്കണോ? താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

ഉറഞ്ഞാടി കരിഞ്ചാമുണ്ഡി, വാങ്കുവിളിച്ച് നിസ്‍കരിച്ച് മാപ്പിളത്തെയ്യം!

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

 ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!

നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!

കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!

നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!

തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!

മൂന്നാള്‍ കുഴിയില്‍ നിന്നും ഉയിര്‍ത്ത പെണ്‍കരുത്ത്, ചെമ്പും തന്ത്രിമാരെയും കണ്ടാല്‍ അടിയുറപ്പ്!

ചെത്തുകാരന്‍റെ മകൻ വിഷവൈദ്യനായി, വിഷമനസുകള്‍ ചതിച്ചുകൊന്നപ്പോള്‍ തെയ്യവും!

തുണി തല്ലിയലക്കും, നേര്‍ച്ചയായി വസ്‍ത്രങ്ങള്‍; ഇതാ അപൂര്‍വ്വമായൊരു അമ്മത്തെയ്യം!

"നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര, നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര..?" സര്‍വ്വജ്ഞനെ പാഠം പഠിപ്പിച്ച പൊട്ടൻ!

click me!