ചിദാകാശത്തില്‍ നൃത്തം ചെയ്യുന്ന ആത്മാവുകള്‍; ജീവന്റെ വിത്തെറിഞ്ഞ കുംഭകോണം; ചോളനാട്ടിലേയ്ക്ക് ഒരു യാത്ര

Published : May 13, 2026, 06:17 PM IST
baladevi TP CHidambaram Kumbhakonam

Synopsis

യാത്രയ്ക്കു മാത്രം നല്‍കാനാവുന്ന അനുഭൂതിയെ അക്ഷരങ്ങളില്‍ പകര്‍ത്തിയ യാത്രാനുഭവം. ചിദംബരം നടരാജ ക്ഷേത്രം, കുംഭകോണത്തെ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്ര. കലയും ആത്മീയതയും ചരിത്രവും ഇഴകലര്‍ന്ന അസാധാരണമായ കുറിപ്പ്. 

എല്ലാ തിരക്കുകള്‍ക്കിടയിലും, ഒതുങ്ങിയൊതുങ്ങി ഒരാള്‍ക്ക് നൂഴ്ന്ന് പോകാവുന്ന പഴുത് തമിഴിന്റെ വഴികളില്‍, ആ ഭാഷയുടെ വഴക്കം പോലെ ഉണ്ട് താനും. തമിഴ് പേച്ചുകള്‍ കേട്ട്, മണങ്ങളില്‍ നിറഞ്ഞ്, പച്ചജീവിതത്തിന്റെ ചൂടുംചുരമുള്ള ഒരു തമിഴ് തെരുവുരാത്രി. 

'Que sera, sera
Whatever will be, will be
The future's not ours to see
Que sera, sera
What will be, will be'

Que Sera, Sera/ Doris Day

 

രാജരാജ ചോളന്റെയും രാജനായ നടരാജന്റെ നാടായ ചിദംബരത്തേക്കുള്ള യാത്ര. ആദ്യം എതിരേറ്റത് ചായക്കൂട്ടുകള്‍ വാരി വിതറിയ വാനം. ചിദംബരനാഥനെ തേടുന്ന യാത്രികരെ വരവേല്‍ക്കാന്‍ ആകാശത്തെക്കാള്‍ നല്ല ആതിഥേയനുണ്ടോ?

പൗര്‍ണമി നാളായിരുന്നു. രാവിലെ പൗര്‍ണമി ചന്ദ്രന്‍ ഒരു വശത്തും ബാലസൂര്യന്‍ മറു വശത്തും നിന്ന് എതിരേറ്റാണ് ചോള രാജാവായ പരാന്തകന്റെ തലസ്ഥാനത്ത്, നടരാജന്റെ മണ്ണില്‍ കാല്‍ കുത്തിയത്. യാത്രയ്ക്കായി ഇങ്ങനെയൊരു നാള്‍ തിരഞ്ഞെടുത്തതും രാത്രി യാത്രയില്‍ ആകാശത്തില്‍ കണ്ണും മനസ്സും നട്ടതും ചിത്തും അംബരവും തമ്മിലുള്ള ഇഴയടുപ്പം കൂടുതല്‍ ആഴത്തില്‍ അറിയാനായിരുന്നുവോ!

പ്രകൃതിയില്‍ കല അതിന്റെ ശുദ്ധതയില്‍ ആസ്വദിക്കാന്‍ ആവില്ല എന്ന് അരിസ്റ്റോട്ടില്‍ പറയും പോലെ ഇവിടെയും. മധുര പോലെ, രാമേശ്വരം പോലെ ചേതോഹരമായ പ്രകൃതിയെ മറയ്ക്കുംവിധം കടകളും ജന്തുക്കളും ഭിക്ഷ തൊഴില്‍ ആക്കിയവരും വാഹനങ്ങളും ഇവിടെയുമുണ്ട്. എങ്കിലും, അതിനെ മറികടക്കുന്ന എന്തോ ഒന്ന് നാട്യശാസ്ത്രത്തിന്റെ അധിപനായ തില്ലെ നടരാജന്റെ സവിധത്തിലുണ്ട് .

 

ചിദംബരം നടരാജ ക്ഷേത്രം

 

കലയും ആത്മീയതയും ഒന്നാകുന്ന ശില്‍പമാന്ത്രികത

അംബരത്തെ ചുംബിക്കുന്ന കൊത്തു പണികളാല്‍ അലംകൃതമായ ഗോപുരവാതില്‍. ഉള്ളില്‍ കടന്നാല്‍ കലയും ആത്മീയതയും ആവിഷ്‌കാരവും ദൈവികതയും ഒന്നാകുന്ന ശില്‍പമാന്ത്രികത. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ 108 കരണങ്ങളുടെ 108 ശില്‍പങ്ങള്‍, അഞ്ച് സഭകള്‍-കനകസഭ, ചിത് സഭ, നൃത്ത സഭ, ദേവ സഭ, രാജസഭ.

'കനകസഭയില്‍ ആനന്ദ നടന'മാടുന്ന സദാശിവന്റെ ചിന്മയ രൂപം. ശിവകാമി സുന്ദരി, തില്ലൈ ഗോവിന്ദ രാജനായി സ്വന്തം 'പപ്പനാവന്‍', സൂര്യന്‍, മറ്റു ദേവതകള്‍. ശൈവ, വൈഷ്ണവ, ശക്തി പ്രസ്ഥാനങ്ങള്‍ ഒന്നാവുന്ന അപൂര്‍വ്വത.

നൃത്തത്തിനിടയില്‍ താഴെ വീണു പോകുമായിരുന്ന തന്റെ കുണ്ഡലം കാല്‍ കൊണ്ട് തടുത്തു നില്‍ക്കുന്ന മഹാനര്‍ത്തകന്റെ ശില്പം അനുപമം, അദ്വിതീയം. ശരീരത്തിന്റെ നവദ്വാരങ്ങള്‍ പോലെ ക്ഷേത്രത്തിന് ഒമ്പത് വാതിലുകള്‍. ഓരോന്നും ശില്പഭംഗിയാല്‍ സമൃദ്ധം. നവദ്വാരങ്ങളും കടന്ന് വെളിയിലെത്തുന്ന പ്രാണന്‍ ബ്രഹ്മത്തില്‍ ലയിക്കുന്നതാവുമോ ഈ ക്ഷേത്രത്തിന്റെ സങ്കല്‍പം! പഞ്ചഭൂതങ്ങളെ കുറിക്കുന്ന (പൃഥ്വ്യപ് തേജോ വായുവാകാശ...) ക്ഷേത്രങ്ങളില്‍ ആകാശത്തിന്റെ പ്രതീകമത്രേ തില്ലെ ചിദംബര ക്ഷേത്രം.

നടരാജ രൂപത്തില്‍ നിന്നും വൈത്തീശ്വര രൂപത്തിന്റെ അടുത്തേയ്ക്കു കാറില്‍. വഴിയില്‍ കൊടിയ ചൂടിലും കൃഷി ചെയ്യുന്ന തമിഴ് മക്കള്‍. ഓലക്കൂരകള്‍. കാവേരി.

കോവിലില്‍ മഹാലിംഗ രൂപത്തില്‍ എല്ലാ ദീനങ്ങളും ഓടിക്കുന്ന വൈത്തീശ്വരന്‍. ഒപ്പം, മുത്ത് കുമാര സ്വാമി, നടരാജന്‍, അംഗാരകന്‍ എന്ന ചൊവ്വ, ദുര്‍ഗ ദേവി, സൂര്യന്‍, ജടായു. സമ്പാതി, ധന്വന്തരി എന്നിവരുടെ മനോഹരമായ വിഗ്രഹങ്ങള്‍. കൊത്ത് പണികളാല്‍ അലംകൃതമായ മണ്ഡപങ്ങള്‍.

തെരുക്കൂത്തുകള്‍, തെരുവു മണങ്ങള്‍

വൈകുന്നേരം ഡിഎംകെ നേതാവ് മന്നൈ ശിവ അണ്ണന്റെ ഓട്ടോയില്‍ തില്ലൈ അമ്മന്‍ കോവിലും അണ്ണാമലൈ യൂണിവേഴ്‌സിറ്റിയും ശിവപുരിയും പാര്‍ത്ഥിവപുരവും കണ്ടു. ഓട്ടോയില്‍ മുന്‍വശത്ത് യാത്ര ചെയ്തും പോംപോ അടിച്ചും ചായ കുടിച്ചും വൈകുന്നേരത്തെ തമിഴ് തെരുവ് അറിഞ്ഞു. കണ്‍കളില്‍ വര്‍ണ്ണങ്ങള്‍. കാതുകളില്‍ സ്വരങ്ങള്‍. മൂക്കില്‍ ഗന്ധങ്ങള്‍. നാവില്‍ രുചികള്‍. ഊഷ്മളതയുടെ ലയമായി ചോളനാട് ഉള്ളിലാകെ നിറഞ്ഞു; അവഗണിക്കാന്‍ പറ്റാത്ത ആലിംഗനമായി.

ഘടാകാശം ചിദാകാശത്തില്‍ (ചിദംബരത്തില്‍) ലയിക്കുന്നതാണല്ലോ ഭാരതീയ തത്വചിന്തയുടെ കാതല്‍. വേദാന്തം ഒന്നുമറിയില്ലെങ്കിലും ചിദംബരം തൊഴുതിറങ്ങുമ്പോള്‍ അഞ്ച് ഭൂതങ്ങളെയും സ്വതന്ത്രമാക്കിയ, യാതൊരു ബന്ധനങ്ങളുമില്ലാത്ത ആത്മാവ് ചിദാകാശത്തില്‍ നൃത്തം ചെയ്യുന്ന ആനന്ദം.

 

 

കുംഭകോണത്തേക്കുള്ള വഴികള്‍

ചിദംബരത്ത് നിന്ന് വൈകുന്നേരം കുംഭകോണത്തേയ്ക്കു വണ്ടി കയറി. ഓര്‍മ്മകള്‍ പോലെ എല്ലാറ്റിനെയും പിന്നിലേക്കാക്കി പാഞ്ഞുപോകുന്ന തീവണ്ടി. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം തുളുമ്പുന്ന ഫ്രെയിമുകള്‍. ഇരുവശത്തേയും കാഴ്ചകള്‍ക്കായി കണ്ണുനട്ടിരിക്കുമ്പോള്‍ വശങ്ങളിലേക്ക് ഇടറി നടക്കുന്ന മദ്യപാനിയെ പോലെ ആടിയുലയുന്ന ചന്ദ്രന്‍.

ആകസ്മികതകളാണ് ജീവിതത്തിന്റെ ആനന്ദം. ആലോചിച്ചുറപ്പിച്ച് ചെയ്യുന്നതിനേക്കാള്‍ ആകസ്മികതയുടെ ആദൃശ്യകരങ്ങള്‍ കൂടി ഉണ്ടാവുമ്പോഴാണ് എല്ലാം പൂര്‍ണമാവൂ എന്ന് തോന്നിയിട്ടുണ്ട്; അഥവാ, എന്തെങ്കിലും പൂരിപ്പിക്കപ്പെടാതെ ഉണ്ടെങ്കില്‍ ആ അപൂര്‍ണതയിലാണ് അതിന്റെ സൗന്ദര്യം എന്നും.

ക്ഷേത്രങ്ങളെ ചുറ്റി വളര്‍ന്ന നഗരങ്ങളെ ക്ഷേത്ര നഗരം എന്ന് വിളിക്കാറുണ്ട്. പക്ഷേ കുംഭകോണം ക്ഷേത്രങ്ങളുടെ നഗരമാണ്. എവിടെ തിരിഞ്ഞു നോക്കിയാലും കല്ലോട് കല്ല് ചേര്‍ത്ത് കെട്ടിയുയര്‍ത്തിയ മഹാഗോപുരങ്ങള്‍. ശിലകളില്‍ കൊത്തിയെടുത്ത കലാവിസ്മയങ്ങള്‍. ഒപ്പം കഥകളും ഉപകഥകളുമായി നൂറ്റാണ്ടുകളുടെ ആഖ്യാനങ്ങള്‍.

 

ഐരാവതേശ്വര ക്ഷേത്രം

ജീവന്റെ വിത്ത്: കുംഭകോണം

പ്രളയത്തില്‍ മുങ്ങിയ പ്രപഞ്ചത്തിന്, ബ്രഹ്മാവിന്റെ കുംഭത്തെ 12 ആയി പിളര്‍ത്തി ശിവന്‍ ജീവന്റെ വിത്തുകള്‍ നല്‍കിയത്രേ. ആദ്യം ഭൂമിയില്‍ തെളിഞ്ഞ സ്ഥലമായതിനാല്‍ അവിടം കുംഭകോണം എന്നറിയപ്പെട്ടു. 12 ഭാഗങ്ങള്‍ വീണ ഇടങ്ങള്‍ 12 ശിവ ക്ഷേത്രങ്ങളായി. അതിലൊന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. ഗംഗ, യമുന തുടങ്ങിയ 9 നദികള്‍ (നവ കന്നിയാര്‍), പാപം കളയാനായി ശിവനെ ആരാധിക്കുന്ന ക്ഷേത്രമാകയാല്‍ നവകന്യാര്‍ ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഒമ്പത് നദികള്‍ സ്‌നാനം ചെയ്ത് പാപം കളഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന മഹാമഗം കുളം ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. 12 വര്‍ഷം കൂടുമ്പോഴുള്ള മഹാമഹം സ്‌നാനത്തിന് മുപ്പത്തി മുക്കോടി ദേവന്മാരും വരുന്നുവെന്ന് ഐതിഹ്യം. ഇത്രയും പുണ്യം നിറഞ്ഞ ഒരു സ്ഥലത്ത് പോലും പാപം ചെയ്യുന്നവന്‍ മറ്റെങ്ങ് പോയിട്ടും കാര്യമില്ല എന്നത് കൊണ്ടാവും 'കുംഭകോണേ കൃതം പാപം കുംഭകോണേ വിനശ്യതി' എന്ന ചൊല്ലുണ്ടായത്.

ശാരംഗപാണി കോവില്‍

'താമരയല്ലികള്‍ക്കിടയില്‍ കോമളവല്ലി' ആയി ഭൂമിയില്‍ പിറന്ന മഹാലക്ഷ്മിയെ വേള്‍ക്കാന്‍ രഥമേറി വന്ന ശാരംഗപാണിയായ വിഷ്ണു രൂപത്തിലാണ് ശാരംഗപാണി കോവില്‍ പ്രതിഷ്ഠ. ആനയും കുതിരയും വലിയ്ക്കുന്ന മഹാരഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രം. ഇവിടത്തെ ഗോപുരം കുംഭകോണത്തിലെ ഏറ്റവും വലിയ ഗോപുരമാണ്. കൊത്തുപണികളും അതിമനോഹരം. രതിയെ 64 കലയായി അംഗീകരിച്ചത് കൊണ്ടാവാം കാമസൂത്ര ശില്പങ്ങളും ഇവിടെ ഇടം പിടിച്ചിട്ടുണ്ട്.

 

ഐരാവതേശ്വര ക്ഷേത്രം

ഐരാവതേശ്വര ക്ഷേത്രം

പ്രസിദ്ധമായ മൂന്ന് ചോള മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രം. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ക്ഷേത്രം. കല്ലില്‍ കൊത്തിയ കവിത എന്ന് സംശയമില്ലാതെ വിളിക്കാം ഈ മഹാക്ഷേത്രത്തെ കൊത്തുപണികളുടെ ശില്‍പ്പചാരുതയാണ് നമ്മളെ മറ്റൊരു ലോകത്തെത്തിക്കുക. കണ്ടാലും കണ്ടാലും മതിവരാത്ത ശില്‍പ്പങ്ങള്‍. കാറ്റും വെളിച്ചവും ചേര്‍ന്ന് ഒരുക്കുന്ന മാന്ത്രികമായ അന്തരീക്ഷം.

ഇവിടെയും ശിവന്‍ തന്നെ പ്രതിഷ്ഠ. മറ്റനേകം ഉപപ്രതിഷ്ഠകളും. ഐരാവതേശ്വരന്‍' എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന വെളുത്ത നിറത്തിലുള്ള ആനയാണ് ഐരാവതം. ദുര്‍വാസാവിന്റെ ശാപം കാരണം ഐരാവതത്തിന് വെളുപ്പ് നിറം നഷ്ടപ്പെട്ടു. നിറം തിരിച്ചുകിട്ടാന്‍ ഐരാവതം ശിവനെ തപസ്സു ചെയ്തു. ശിവന്റെ നിര്‍ദ്ദേശപ്രകാരം ഇവിടുത്തെ കുളത്തില്‍ ഇറങ്ങിയ ഐരാവതത്തിന് നിറം തിരികെക്കിട്ടി എന്നാണ് കഥ. ശരീരം മുഴുവന്‍ ചുട്ടുപൊള്ളട്ടെ' എന്ന മുനിശാപത്തില്‍ നിന്ന് മുക്തി ലഭിക്കാന്‍ മരണത്തിന്റെ ദേവനായ യമനും ഇവിടെ വച്ച് ശിവനെ തപസ്സു ചെയ്തിരുന്നതായാണ് ഐതിഹ്യം. കുളത്തില്‍ കുളിച്ചു കയറിയ യമദേവന് ശാപമോക്ഷം ലഭിച്ചുവെന്നാണ് വിശ്വാസം. ഈ കുളത്തെ യമതീര്‍ത്ഥം എന്നും വിളിക്കാറുണ്ട്. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണ്് പെരിയ നായകി അമ്മന്‍ കോവില്‍. പാര്‍വ്വതി ദേവിയാണ് പ്രതിഷ്ഠ. ഐരാവതേശ്വര ക്ഷേത്രത്തില്‍ നിന്ന് ഒറ്റപ്പെട്ടാണ് അതിന്റെ നില്‍പ്പ്.

ഗംഗൈ കൊണ്ട ചോളപുരവും ക്ഷേത്രവും

പാല വംശത്തെ തോല്‍പ്പിച്ച് ഗംഗ വരെ കീഴടക്കിയ രാജേന്ദ്ര ചോളന്‍ ഒന്നാമന്‍ നിര്‍മ്മിച്ചതാണ് ഗംഗൈ കൊണ്ട ചോളപുരവും ക്ഷേത്രവും. ശിവനും പാര്‍വതിയും ചേര്‍ന്ന് കിരീടധാരണം നടത്തുന്ന രാജേന്ദ്ര ചോളന്റെ ശില്പം അതിമനോഹരം. മൂവര്‍ക്കും മൂന്ന് നിറങ്ങള്‍. മൂവരുടെയും ഭാവങ്ങളും വിഭിന്നം, ആകര്‍ഷകം, കൃത്യും. കലയ്ക്ക് ഇത്രയും പൂര്‍ണ്ണത കൈവരിയ്ക്കുവാനാകുമോ എന്നുതോന്നും. അവിടെ പൊരി വെയിലത്തിരുന്ന് ഒരു ചിത്രകാരന്‍ ആ ശില്പം പകര്‍ത്താന്‍ ശ്രമിയ്ക്കുന്നത് കണ്ടു.

 

 

തമിഴ് തെരുവുരാത്രികള്‍

പ്രഭാതവും രാത്രിയുമാണ് ഒരു സ്ഥലത്തിന്റെ ചലനങ്ങളെ അടയാളപ്പെടുത്തുക.  നിത്യജീവിതപ്പെരുക്കങ്ങളിലേക്കുള്ള ഇടതടവില്ലാത്ത പരംക്കംപാച്ചിലുകളുടേതാണ് തമിഴകത്തെ പ്രഭാതങ്ങള്‍. ജീവിതത്തിലേക്കുള്ള തിരിച്ച് വരവുകളുടെ നിര്‍ത്തിയും നീങ്ങിയും ഉള്ള വേഗതയാണ് രാത്രികള്‍ക്ക്. സാമ്പ്രാണിയും പിച്ചിയും മുല്ലയും കനാകംബരവും കൊഴുന്നും മസാല കൂട്ടുകളും ചേരുന്ന രാമണങ്ങള്‍. ശബ്ദഘോഷങ്ങള്‍. ദ്രുതതാള നിബദ്ധം. ഒറ്റമുറികളിലെ റേഡിയോകളില്‍നിന്നുണരുന്ന പഴന്തമിഴ് സിനിമാപ്പാട്ടുകള്‍.

എല്ലാ തിരക്കുകള്‍ക്കിടയിലും, ഒതുങ്ങിയൊതുങ്ങി ഒരാള്‍ക്ക് നൂഴ്ന്ന് പോകാവുന്ന പഴുത് തമിഴിന്റെ വഴികളില്‍, ആ ഭാഷയുടെ വഴക്കം പോലെ ഉണ്ട് താനും. തമിഴ് പേച്ചുകള്‍ കേട്ട്, മണങ്ങളില്‍ നിറഞ്ഞ്, പച്ചജീവിതത്തിന്റെ ചൂടുംചുരമുള്ള ഒരു തമിഴ് തെരുവുരാത്രി. രാവേറെ ചെന്നിട്ടും എന്തെന്ന് ആരും കണ്ണ് കൂര്‍പ്പിക്കാത്ത നാട്.

പഞ്ചേന്ദ്രിയങ്ങളെയും അതിന്റെ ഉച്ചസ്ഥായിയില്‍ അനുഭവിപ്പിക്കാന്‍ തമിഴകത്തിനുള്ള മായാജാലം മറ്റേതെങ്കിലും നാടിനുണ്ടോ എന്ന് സംശയമാണ്.

PREV
Read more Articles on
click me!

Recommended Stories

വിരല്‍ത്തുമ്പില്‍ തൂങ്ങി പഠിച്ച നടത്തം, ഒന്നിച്ചുള്ള വളര്‍ച്ച; ഒരമ്മ മകനില്‍നിന്നു പഠിച്ച വളര്‍ത്തുപാഠങ്ങള്‍
കണ്ണടച്ച് കാഞ്ചിവലിച്ചാലും ഉന്നം തെറ്റാത്ത ഷൂട്ടര്‍, അവസാനശ്വാസം വരെ വെടിയുണ്ടകള്‍ക്കിടയില്‍!