
നമ്മുടെ ജീവിതത്തിലെ തടസ്സങ്ങൾക്കും കഷ്ടപ്പാടുകൾക്കും കാരണക്കാരായവരെ ഒന്ന് തല്ലാനായെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ? അക്രമം ശരിയല്ലെന്നറിയാമെങ്കിലും ചിലപ്പോൾ മനസിൽ അങ്ങനെ തോന്നിക്കാണും. എന്നാൽ, അങ്ങനെ പ്രതീകാത്മകമായി ശിക്ഷിക്കുന്ന 'വില്ലൻ ഹിറ്റിംഗ്' എന്ന വിചിത്രമായ ആചാരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അതേ, ഹോങ്കോങ്ങിൽ ഇന്നും സജീവമാണ് ഈ ആചാരം. കാന്റണീസ് ഭാഷയിൽ 'ദാ സിയു യാൻ' എന്നറിയപ്പെടുന്ന ഈ ആചാരം, ദുർശക്തികളെയും ശത്രുക്കളെയും അകറ്റാൻ വേണ്ടിയാണ് നടത്തുന്നത്.
എന്താണ് ഈ ചടങ്ങ്?
നമ്മെ വിഷമിപ്പിക്കുന്ന സഹപ്രവർത്തകർ, മുൻ പങ്കാളികൾ അല്ലെങ്കിൽ തങ്ങൾക്ക് ദോഷം ചെയ്യുന്നു എന്ന് കരുതുന്ന ആരെങ്കിലുമാകാം ഇവിടെ 'വില്ലൻ'. അവരുടെ രൂപം ഒരു പേപ്പറിൽ വരച്ചെടുക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന്, ഈ ആചാരം ചെയ്യാൻ പരിശീലനം ലഭിച്ച ഒരു സ്ത്രീ ഈ പേപ്പർ രൂപത്തെ ഒരു പഴയ ചെരുപ്പുകൊണ്ട് ശക്തിയായി അടിക്കുന്നു. അടിക്കുന്നതിനോടൊപ്പം ശത്രുക്കളെയും ദുഷ്ടശക്തികളെയും അകറ്റാനുള്ള മന്ത്രങ്ങളും ഇവർ ഉരുവിടും. ഒടുവിൽ ഈ പേപ്പർ രൂപം തീയിലിട്ട് കരിച്ചുകളയുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് വിശ്വാസം.
പരമ്പരാഗത ചൈനീസ് കലണ്ടർ പ്രകാരം മാർച്ചിലെ ആദ്യ വാരത്തിലാണ് ഈ ചടങ്ങ് പ്രധാനമായും നടക്കുന്നത്. പ്രാണികൾ ഉണരുന്ന കാലം എന്ന് അർത്ഥമുള്ള ഈ ദിവസം ദോഷഫലങ്ങൾ അകറ്റാൻ ഏറ്റവും അനുയോജ്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. ഹോങ്കോങ്ങിലെ കോസ്‌വേ ബേയിലുള്ള കനാൽ റോഡ് ഫ്ലൈഓവറിന് താഴെയാണ് ഈ 'വില്ലൻ ഹിറ്റർമാരെ' സാധാരണയായി കാണാറുള്ളത്. ഇന്ന് ഇതൊരു ആത്മീയ ചടങ്ങെന്നതിലുപരി വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു സാംസ്കാരിക പരിപാടി കൂടിയാണ്.
ചിലർ ഈ ദിവസം 'വൈറ്റ് ടൈഗർ' എന്ന കാവൽരൂപത്തിന് വഴിപാടുകൾ അർപ്പിക്കാറുണ്ട്. ദൗർഭാഗ്യങ്ങളെ തടയാൻ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. മനസ്സിനേൽക്കുന്ന വിഷമങ്ങളും ദേഷ്യവും പ്രതീകാത്മകമായി തീർക്കാൻ ഈ ആചാരം ആളുകളെ സഹായിക്കുന്നു.