ബാങ്ക് ഓഫ് ചൈനയ്ക്ക് കൈകൊടുത്ത് സ്റ്റേറ്റ് ബാങ്ക്: ചൈനീസ് ബാങ്ക് ഇന്ത്യയില്‍ ശാഖ തുറക്കും; ബിസിനസ് ശക്തിപ്പെടുത്താനെന്ന് എസ്ബിഐ

By Web TeamFirst Published Mar 21, 2019, 5:27 PM IST
Highlights

ചൈനീസ് ബാങ്കിങ് ശൃംഖലയില്‍ നയരൂപീകരണം നടത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ബാങ്കാണ് ബാങ്ക് ഓഫ് ചൈന. ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒപ്പുവച്ച ഉടമ്പടി ഇരു ബാങ്കുകള്‍ക്കും ഓരേ പോലെ ഗുണകരമാണെന്നാണ് വിലയിരുത്തല്‍. 

ദില്ലി: മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ബാങ്ക് ഓഫ് ചൈനയുമായി (ബിഒസി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബിസിനസ് അവസരങ്ങള്‍ വികസിപ്പിക്കാന്‍ ധാരണാപത്രം ഒപ്പിട്ടു. ബാങ്ക് ഓഫ് ചൈനയുമായുളള ബിസിനസ് പങ്കാളിത്തം ശക്തിപ്പെടുത്താനും പുതിയ വിപണികളിലേക്ക് വ്യാപിക്കാനും ഈ സഹകരണ വഴിവയ്ക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. 

ചൈനീസ് ബാങ്കിങ് ശൃംഖലയില്‍ നയരൂപീകരണം നടത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ബാങ്കാണ് ബാങ്ക് ഓഫ് ചൈന. ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒപ്പുവച്ച ഉടമ്പടി ഇരു ബാങ്കുകള്‍ക്കും ഓരേ പോലെ ഗുണകരമാണെന്നാണ് വിലയിരുത്തല്‍. രണ്ട് ബാങ്കുകളുടെയും കസ്റ്റമേഴ്സിന് വിദേശത്തുളള ബിസിനസ് വിപുലീകരണത്തിന് ഈ ഉടമ്പടി ഗുണം ചെയ്യും. 

ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ മുംബൈയില്‍ ബാങ്ക് ഓഫ് ചൈന ശാഖ തുറക്കും. ഷാങ്ഹായിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ വ്യവസായം നടത്തുന്ന ചൈനീസ് കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയ്ക്ക് ഉടമ്പടി ഏറെ സഹായകരമാണെന്ന് ബിഒസി ചെയര്‍മാന്‍ ചെന്‍ സിക്വിംഗ് അറിയിച്ചു. സ്റ്റേറ്റ് ബാങ്കുമായി ഉണ്ടാക്കിയ ഉടമ്പടി ബിഒസിയെ സംബന്ധിച്ച് ഏറെ തന്ത്രപരമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 

എസ്ബിഐയുടെയും ബിഒസിയുടെയും ഉപഭോക്താക്കള്‍ക്ക് ഇരു ബാങ്കുകളുടെയും ഉല്‍പന്നങ്ങളും സേവനങ്ങളും പരസ്പരം ലഭ്യമാക്കാനും ഉടമ്പടി സൗകര്യമൊരുക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാന്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ട് സമ്പദ്‍വ്യവസ്ഥകളുടെ രണ്ട് സുപ്രധാന ബാങ്കുകള്‍ പരസ്പരം സഹകരിക്കാനെടുത്ത തീരുമാനം സ്വാഗതം ചെയ്യാവുന്ന നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

click me!