
ലണ്ടൻ: ബ്രിട്ടനിലെ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ദ ഗാർഡിയൻ പത്രം. ബ്രിട്ടനിലെ സർവ്വകലാശാലകളിൽ ഉന്നതപഠനത്തിന് എത്തുന്ന വിദേശ വിദ്യാർത്ഥികൾ നേരിടുന്ന ഭീകരമായ അവസ്ഥകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നു. വിദേശ വിദ്യാർത്ഥികളെ കേവലം വരുമാന മാർഗ്ഗമായി മാത്രം കാണുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ രംഗത്തെ മനുഷ്യക്കടത്തിനോടാണ് റിപ്പോർട്ട് താരതമ്യപ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് ബ്രിട്ടനിലേക്ക് കൂടുതൽ വിദ്യാർഥികൾ എത്തുന്നത്. ഏജൻസി ശൃംഖലകൾ വഴിയാണ് ഭൂരിഭാഗം വിദ്യാർത്ഥികളും ബ്രിട്ടനിൽ എത്തുന്നത്. ഉയർന്ന ശമ്പളമുള്ള ജോലിയും പൗരത്വവും വാഗ്ദാനം ചെയ്താണ് ഏജൻസികൾ കുട്ടികളെ ആകർഷിക്കുന്നത്. എന്നാൽ യാഥാർത്ഥ്യം ഇതിന് വിപരീതമാണെന്നും നിലവാരമില്ലാത്ത സർവകലാശാലകളിലാണ് പലരും എത്തിപ്പെടുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഭീമമായ തുക ഫീസായി നൽകാൻ പല കുടുംബങ്ങളും വീടും കൃഷിയിടവും പണയപ്പെടുത്തിയാണ് വായ്പ എടുക്കുന്നത്. പഠന ശേഷം ജോലി എന്ന സ്വപ്നത്തിൽ പലരും വീഴുന്നു. എന്നാൽ, ബിരുദം കഴിഞ്ഞാൽ ജോലി ലഭിക്കാത്തതിനാൽ പലരും കടുത്ത കടക്കെണിയിലായി. ബ്രിട്ടനിലെ പ്രാദേശിക വിദ്യാർത്ഥികളേക്കാൾ മൂന്നിരട്ടി ഫീസാണ് വിദേശ വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത്. ബ്രിട്ടനിലെ സർവകലാശാലകളുടെ ആകെ വരുമാനത്തിന്റെ നാലിലൊന്ന് ഭാഗം വിദേശ വിദ്യാർത്ഥികളിൽ നിന്നാണ് വരുന്നത്. സ്വന്തം രാജ്യത്തെ വിദ്യാർത്ഥികളിൽ നിന്നുള്ള ഫീസ് വർദ്ധിപ്പിക്കാതെ വിദേശികളെ പരമാവധി ചൂഷണം ചെയ്താണ് പല സർവകലാശാലകളും ലാഭം കണ്ടെത്തുന്നത്.
പഠനത്തിനായി എത്തുന്നവർക്ക് പലപ്പോഴും താമസസൗകര്യങ്ങളോ കൃത്യമായ മാർഗ നിർദ്ദേശങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ല. റാക്കറ്റിന്റെ ഇരകളായി വിദേശ വിദ്യാർത്ഥികൾ മാറുന്നതിനെക്കുറിച്ച് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടീഷ് സർക്കാർ കുടിയേറ്റം നിയന്ത്രിക്കാൻ നിയമങ്ങൾ കടുപ്പിക്കുമ്പോൾ തന്നെ, സർവകലാശാലകൾ പണം കണ്ടെത്താൻ വിദേശ വിദ്യാർത്ഥികളെ കൂടുതലായി എത്തിക്കുന്നത് വൈരുദ്ധ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പഠനത്തിനായി വിദേശത്തേക്ക് പോകുന്ന മലയാളികളടക്കമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ റിപ്പോർട്ട് വലിയൊരു ജാഗ്രതാ നിർദ്ദേശമാണ് നൽകുന്നത്.
ഓരോ വർഷവും നാല് ലക്ഷം വിദ്യാർഥി വിസയാണ് നൽകുന്നത്. പല സർവകലാശാലകളും ഇടനിലക്കാർ വഴിയാണ് വിദ്യാർഥികളെ കണ്ടെത്തുന്നത്. ഇന്ത്യക്കാരടക്കം നിരവധി വിദ്യാർഥികളാണ് പറ്റിക്കപ്പെട്ടതെന്നും റിപ്പോർട്ട് പറയുന്നു. ബ്രിട്ടനിൽ മാത്രമല്ല, കാനഡ, യുഎസ്എ, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ റാക്കറ്റുകൾ പ്രവർത്തിക്കുന്നുവെന്നും പറയുന്നു. ഏകദേശം 10 ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർഥികളാണ് വിദേശത്തേക്ക് പഠനത്തിനായി പോകുന്നത്. ഇന്ത്യയിൽ നിന്ന് പോകുന്ന വിദ്യാർഥികളിൽ അധികവും ഇടത്തരം താഴ്ന്ന സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും പറയുന്നു.