വിവാഹമോചനക്കേസ് കേരളത്തിൽ നിന്ന് പഞ്ചാബിലേക്ക് മാറ്റണമെന്ന ഹർജി പരിഗണിക്കവെ, കേരളീയർക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാൻ താത്പര്യമില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിച്ചു. ഭാഷാപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജി പരിഗണിച്ച് കേസ് പഞ്ചാബിലേക്ക് മാറ്റാൻ കോടതി ഉത്തരവിടുകയും ചെയ്തു.
ദില്ലി: കേരളീയർക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാൻ താത്പര്യമില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത. വിവാഹമോചനക്കേസ് കേരളത്തിൽ നിന്ന് പഞ്ചാബിലേക്ക് മാറ്റണമെന്നുള്ള ട്രാൻസ്ഫർ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സന്ദീപ് മേത്ത ഈ പരാമർശം നടത്തിയത്.കേരളത്തിലെ കോടതികളിൽ നടക്കുന്ന കേസിൽ ഭാഷ ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാരോപിച്ചാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്തുടർന്നാണ് കേരളീയർക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാൻ താത്പര്യമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചത്. യുവതിയുടെ ആവശ്യം പരിഗണിച്ച് കേസ് പഞ്ചാബിലേക്ക് മാറ്റുകയും ചെയ്തു.

വിവാഹമോചനവും കുട്ടികളുടെ സംരക്ഷണ നടപടികളും കേരളത്തിൽ നിന്ന് പഞ്ചാബിലെ ലുധിയാനയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ഭർത്താവിനുവേണ്ടി ഹാജരായ അഭിഭാഷകൻ അൽജോ ജോസഫ് സ്ഥലംമാറ്റ അപേക്ഷയെ എതിർത്തു. കേരളത്തിൽ കേസ് തുടരുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കില്ലെന്ന് അദ്ദേഹം വാദിച്ചു. കേരളത്തിൽ എല്ലാവർക്കും ഇംഗ്ലീഷ് അറിയാം. കേരളം ഭാഷാ സൗഹൃദ സംസ്ഥാനമാണെന്നായിരുന്നു ജഡ്ജിന്റെ പരാമർശം. കേരളത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അവർക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും, അവർ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ യുകെയിലാണ് യുവതി താമസിക്കുന്നത്. നടപടിക്രമങ്ങളിൽ ഫലപ്രദമായി പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് അവർ വാദിച്ചു. ഇന്ത്യയിൽ അവർക്ക് വേണ്ടി കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന അമ്മക്കും സമാനമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2017ലാണ് ദമ്പതികൾ വിവാഹിതരായത്. പിന്നീട് യുകെയിലേക്ക് താമസം മാറിയെങ്കിലും ബന്ധം തകർന്നു. ഭർത്താവ് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ഇന്ത്യയിലേക്ക് മടങ്ങി. തുടർന്നാണ് യുവതി വിവാഹ മോചനത്തിനും കുഞ്ഞിന്റെ സംരക്ഷണത്തിനും കോടതിയെ സമീപിച്ചത്.
