'തന്‍റെ പഞ്ചായത്തിൽ പോലും പിന്തുണ കിട്ടിയില്ല'; ഇനി മത്സരിക്കാനില്ലെന്ന് അനിൽ അക്കര

By Web TeamFirst Published May 2, 2021, 4:51 PM IST
Highlights

തന്റെ പഞ്ചായത്തിൽ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം. ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും അനിൽ അക്കര കൂട്ടിച്ചേര്‍ത്തു. 

തൃശൂർ: ഇനി മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്‍റ് രംഗത്തേക്കോ മത്സരിക്കാനില്ലെന്ന് അനിൽ അക്കര പറഞ്ഞു. തന്റെ പഞ്ചായത്തിൽ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം. ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും അനിൽ അക്കര കൂട്ടിച്ചേര്‍ത്തു. 

പിണറായി സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെയാണ് അനിൽ അക്കരയുടെ വികാരാധീതമായ പ്രതികരണം. എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരയെ 13,580 വോട്ടുകൾക്കാണ് തോല്പിച്ചത്. പത്തുവർഷങ്ങൾക്ക് ശേഷമാണ് എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്.

തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന്  ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ  43 വോട്ടുകൾക്കാണ് അനിൽ അക്കര ഇവിടെ വിജയിച്ചത്. അനില്‍ അക്കര തുടങ്ങിവച്ച ലൈഫ് മിഷന്‍ വിവാദം പിണറായി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ലൈഫ് മിഷൻ അഴിമതിയാരോപണവും തുടർ സംഭവവികാസങ്ങളും വലിയ ചർച്ചയായിരുന്നു. ആ പ്രചാരണങ്ങളെയാകെ മറികടന്ന് മണ്ഡലം തിരിച്ചുപിടിച്ച എൽഡിഎഫിന്റെ വിജയത്തിന് തിളക്കമേറെയാണ്. 

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും  കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം:

click me!