ഇബ്രാഹിംകുഞ്ഞിനോട് ഉടക്കി ലീഗ് ജില്ലാനേതൃത്വം, ക്ലീൻ ഇമേജുളള സ്ഥാനാർത്ഥി വേണമെന്ന് ലീഗ്

By Web TeamFirst Published Feb 27, 2021, 9:05 PM IST
Highlights

തനിക്ക് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മകന് സീറ്റ് നൽകണമെന്നാണ് ഇബ്രാഹിം കുഞ്ഞിന്‍റെ ആവശ്യം. എന്നാൽ പിൻസീറ്റ് ഡ്രൈവിംഗ് അടക്കമുള്ള നീക്കം അനുവദിക്കാനാകില്ലെന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിന്

കൊച്ചി: കളമശ്ശേരിയിൽ വികെ ഇബ്രാഹിം കുഞ്ഞ് വേണ്ടെന്ന് സൂചനയുമായി ലീഗ് ജില്ലാ നേതൃത്വം. പാലാരിവട്ടം വീണ്ടും ചർച്ചയാകുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ മാറ്റി നീർത്താനുള്ള നീക്കം. കളമശ്ശേരിയിൽ വിജയിക്കാൻ വിവാദങ്ങളില്ലാത്ത സ്ഥാനാർത്ഥിയാണ് വേണ്ടതെന്നും ക്ലീൻ ഇമേജുള്ളവർ പാർട്ടിയിൽ ധാരാളമുണ്ടെന്നും ജില്ലാ പ്രസിഡന്‍റ് എംഎ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പാലാരിവട്ടം അഴിമതി കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പാർട്ടിയിൽ സജീവമാകാനൊരുങ്ങുകയാണ് വി കെ ഇബ്രാഹിം കുഞ്ഞ്. ഇതിനായി പാണക്കാട് അടക്കമെത്തി നേതാക്കളെ കണ്ടു. കളമശ്ശേരിയിൽ വീണ്ടും മത്സരിക്കാനുള്ള നീക്കം ഇബ്രാഹിം കുഞ്ഞ് സജീവമാക്കുമ്പോഴാണ് എതിർപ്പുമായി ജില്ലാ നേതൃത്വം രംഗത്ത് വരുന്നത്.

യുഡിഎഫിലെ മറ്റ് കക്ഷികളും ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കുന്നതിലുള്ള ആശങ്ക അറിയിച്ചിട്ടുണ്ട്. തനിക്ക് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മകനും മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായി ഗഫൂറിന് സീറ്റ് നൽകണമെന്നാണ് ഇബ്രാഹിം കുഞ്ഞിന്‍റെ ആവശ്യം. എന്നാൽ പിൻ സീറ്റ് ഡ്രൈവിംഗ് അടക്കമുള്ള നീക്കം അനുവദിക്കാനാകില്ലെന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിന്. ഇബ്രാഹിം കുഞ്ഞിന് പകരം നിരവധി പേരുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറിക്കഴിഞ്ഞു. 

പാർട്ടിയിൽ തനിക്കെതിരായ നീക്കം സജീവമാകുന്നതിനിടെ സ്ഥാനാർത്ഥിയാകാനുള്ള അവകാശവാദം ഇപ്പോഴും ശക്തമാക്കുകയാണ് ഇബ്രാഹിം കുഞ്ഞ്. പത്രങ്ങളിൽ അടക്കം വികസന നേട്ടത്തന്‍റെ പരസ്യം സ്വന്തം നിലയിൽ നൽകുകയാണ് മുൻ മന്ത്രി. 

click me!